തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അന്തരിച്ചു; വിടവാങ്ങിയത് തൊട്ടതെല്ലാം പൊന്നാക്കിയ അതുല്യ പ്രതിഭ

തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അന്തരിച്ചു; വിടവാങ്ങിയത് തൊട്ടതെല്ലാം പൊന്നാക്കിയ അതുല്യ പ്രതിഭ

കൊച്ചി: പ്രശസ്ത തിരക്കഥാകൃത്തും നിര്‍മാതാവുമായ ജോണ്‍ പോള്‍ (71) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് അന്ത്യം. മലയാള സിനിമയ്ക്ക് പുതുഭാഷയും ഭാവുകത്വവും സമ്മാനിച്ച നൂറോളം ജനപ്രിയ സിനിമകളുടെ രചയിതാവാണ്.

രണ്ടു മാസത്തോളമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. പാലാരിവട്ടം ആലിന്‍ ചുവടിലെ വീട്ടില്‍ ഭാര്യ ഐഷ എലിസബത്തിനൊപ്പമായിരുന്നു താമസം. മകള്‍: ജിഷ. മരുമകന്‍: ജിബി എബ്രഹാം.

ഇന്ന് ആശുപത്രിയില്‍ തന്നെ സൂക്ഷിക്കുന്ന മൃതദേഹം ഞായറാഴ്ച രാവിലെ എറണാകുളം ടൗണ്‍ ഹാളിലും ചാവറ കള്‍ച്ചറല്‍ സെന്ററിലും പൊതു ദര്‍ശനത്തിന് വെക്കും. പിന്നീട് മരടിലെ ഫ്‌ളാറ്റിലേക്ക് കൊണ്ടു പോകും. വൈകിട്ട് എളംകുളം പള്ളിയിലാണ് സംസ്‌കാരം.

പി.എന്‍ മേനോനും കെ.എസ് സേതുമാധവനും മുതല്‍ ഭരതനും മോഹനും ജേസിയും കമലും വരെയുള്ള സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. 1980 ല്‍ പുറത്തിറങ്ങിയ ഭരതന്റെ ചാമരം ആണ് ആദ്യമെഴുതിയ സിനിമ.

വിടപറയും മുമ്പെ, തേനും വയമ്പും, ഇത്തിരിപൂവേ ചുവന്ന പൂവേ, അതിരാത്രം, കാതോടു കാതോരം, യാത്ര, ഉണ്ണികളേ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവ പിറ്റേന്ന്, ചമയം തുടങ്ങി നിരവധി സിനിമകള്‍ക്ക് തിരക്കഥ എഴുതി.

ചലച്ചിത്രരംഗത്ത് സജീവമാകുന്നതിന് മുമ്പ് ബാങ്കുദ്യോഗസ്ഥനായും മാധ്യമ പ്രവര്‍ത്തകനായും ജോണ്‍ പോള്‍ പ്രവര്‍ത്തിച്ചിരുന്നു. സിനിമരംഗത്ത് തിരക്ക് കുറഞ്ഞ ഇടവേളയില്‍ സിനിമയെ പുറത്തു പഠിക്കാനും പുസ്തകങ്ങളുടെ രചനയ്ക്കും സിനിമ വിദ്യാര്‍ഥികള്‍ക്ക് തന്റെ അറിവുകള്‍ പകരാനുമാണ് അദ്ദേഹം സമയം ചെലവിട്ടത്. കൊച്ചിയിലെ സാംസ്‌കാരിക മണ്ഡലങ്ങളില്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, എം.കെ സാനു എന്നിവര്‍ക്കൊപ്പം സജീവമായിരുന്നു ജോണ്‍ പോള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.