മരിയൂപോളില്‍ ഉക്രെയ്ന്‍ ചെറുത്തുനില്‍പ്പ് അവസാനിച്ചു; സ്റ്റീല്‍ പ്ലാന്റില്‍ കുടുങ്ങിയ സൈനികരുമായി മടങ്ങുന്നു

മരിയൂപോളില്‍ ഉക്രെയ്ന്‍ ചെറുത്തുനില്‍പ്പ് അവസാനിച്ചു; സ്റ്റീല്‍ പ്ലാന്റില്‍ കുടുങ്ങിയ സൈനികരുമായി മടങ്ങുന്നു

കീവ്: റഷ്യന്‍ സൈന്യത്തോട് നേര്‍ക്കുനേര്‍ പോരാടി ഖാര്‍കിവ് ഉള്‍പ്പടെയുള്ള നഗരങ്ങള്‍ തിരിച്ചുപിടിച്ച ഉക്രെയ്ന്‍, അഭിമാന പോരാട്ടമായി വിശേഷിപ്പിച്ച മരിയുപോളിലെ ചെറുത്തുനില്‍പ്പ് അവസാനിപ്പിച്ച് മടങ്ങുന്നു. മരിയുപോളിലെ നിയന്ത്രണം പൂര്‍ണമായി റഷ്യക്ക് വിട്ടുകൊടുത്ത് പ്രദേശത്ത് ശേഷിക്കുന്ന സൈനികരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ഡെപ്യൂട്ടി പ്രതിരോധ മന്ത്രി അന്ന മല്യാര്‍ പറഞ്ഞു.

മരിയുപോളിലെ അസോവ്സ്റ്റല്‍ സ്റ്റീല്‍ പ്ലാന്റില്‍ കഴിഞ്ഞ ഒരു മാസമായി കഴിയുകയായിരുന്ന 211 സൈനീകരെ 10 ബസുകളിലായി രക്ഷപെടുത്തി. സ്വയം നടക്കാന്‍ കഴിയാത്തവരെ സ്ട്രക്ച്ചറിന്റെ സഹായത്തോടെയാണ് ബസില്‍ എത്തിച്ചത്. ചെറുത്തുനില്‍പ്പിനിടെ പരിക്ക് പറ്റിയ 53 സൈനീകരെ 32 കിലോമീറ്റര്‍ കിഴക്കായുള്ള നോവോസോവ്‌സ്‌കിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. റഷ്യ നേരത്തെ പിടിച്ചടക്കിയ നഗരമാണ് നോവോസോവ്‌സ്‌ക.

യുദ്ധം ആരംഭിച്ച് ഒരു മാസം പിന്നിട്ടപ്പോള്‍ തന്നെ റഷ്യന്‍ സൈനികര്‍ മരിയുപോള്‍ ഉപരോധിച്ചിരുന്നു. എന്നാല്‍ റഷ്യന്‍ സൈന്യത്തിന് മുന്നില്‍ കീഴടക്കാന്‍ ഉക്രെയ്ന്‍ തയാറായിരുന്നില്ല. റഷ്യയുടെ ഏറ്റവും രക്തരൂക്ഷിതമായ അക്രമണം നടന്നത് മരിയുപോളിലാണ്. പതിനായിരക്കണക്കിന് സാധാരണ ജനങ്ങളെ റഷ്യന്‍ സൈന്യം കൊന്നൊടുക്കിയതായി ഉക്രെയ്ന്‍ ആരോപിച്ചു. മരിയുപോളിലെ ഏതാണ്ട് മുഴുവന്‍ കെട്ടിടങ്ങള്‍ക്കും യുദ്ധത്തില്‍ കേടുപാട് പറ്റി. ഭൂരിഭാഗം കെട്ടിടങ്ങളും പൂര്‍ണ്ണമായും തകര്‍ന്നു. ബാക്കിയുള്ളവ ഉപയോഗ ശൂന്യമായി.

യുദ്ധം മുറുകിയതോടെ പ്ലാന്റിനുള്ളില്‍ അകപെട്ടവരെ പുറത്ത് വിടാന്‍ അനുവദിക്കരുതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ഒരുമാസമായി സ്റ്റീല്‍ പ്ലാന്റിലെ അഭയാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണ, ജല വിതരണ ശൃംഖലയെല്ലാം റഷ്യ തകര്‍ത്തു. അതോടൊപ്പം സ്റ്റീല്‍ പ്ലാന്റ് ലക്ഷ്യമാക്കി നിരവധി മിസൈല്‍ അക്രമണങ്ങളും റഷ്യ നടത്തി.

അറുന്നൂറോളം പേര്‍ പ്ലാന്റില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവിരെ വിട്ടുകിട്ടാന്‍ ഉക്രെയ്ന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും റഷ്യ വഴങ്ങിയില്ല. ഒടുവില്‍ യുദ്ധകുറ്റം ആരോപിച്ച് പിടിക്കപ്പെട്ട റഷ്യന്‍ സൈനീകരെ വിട്ടുനല്‍ക്കാന്‍ തയാറാണെന്നു ഉക്രെയ്ന്‍ സമ്മതിച്ചതോടെ സൈനീകരെ മടക്കി നല്‍കാന്‍ റഷ്യ തയാറാകുകയായിരുന്നു. വരും ദിവസങ്ങളില്‍ ശേഷിക്കുന്ന സൈനീകരെയും പ്ലാന്റില്‍ നിന്ന് ഒഴിപ്പിക്കും.

ആയിരക്കണക്കിന് സാധാരണക്കാരും രണ്ടായിരത്തോളം ഉക്രെയ്ന്‍ പട്ടാളക്കാരുമായിരുന്നു സ്റ്റീല്‍ പ്ലാന്റിലുണ്ടായിരുന്നത്. യുദ്ധത്തിനിടെ നിരവധി പേരെ പ്രദേശത്ത് നിന്നും ഉക്രെയ്ന്‍ സൈന്യം ഒഴിപ്പിച്ചു. ഇപ്പോള്‍ പരിക്കേറ്റ ഏതാനും സൈനികരും കുറച്ച് സാധാരണക്കാരുമാണ് ഇവിടെയുള്ളത്. മരിയുപോളില്‍ നിന്ന് ഉക്രെയ്‌ന്റെ അവസാന സൈനികനും മടങ്ങുന്നതോടെ യുദ്ധം ആരംഭിച്ച ശേഷം റഷ്യ പിടിച്ചടക്കുന്ന ആദ്യത്തെ പ്രധാനപ്പെട്ട ഉക്രെയ്ന്‍ നഗരമാകും മരിയുപോള്‍.

'മരിയുപോള്‍' പട്ടാളം അതിന്റെ പോരാട്ട ദൗത്യം നിറവേറ്റിയെന്നും ഈ കാലഘട്ടത്തിന്റെ നായകന്മാരാണ് അവരെന്നും ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. 'ഞങ്ങളുടെ ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. ഉക്രെയ്ന്‍ വീരന്മാരെ ജീവനോടെ രാജ്യത്തിന് വേണം''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം റഷ്യ കടുത്ത പോരാട്ടത്തിലൂടെ കൈവശപ്പെടുത്തി പ്രധാന നഗരങ്ങളിലൊന്നായ ഖാര്‍കിവ് ഉക്രെയ്ന്‍ തിരിച്ചു പിടിച്ചു. പ്രദേശത്ത് നിന്ന് റഷ്യന്‍ സൈന്യത്തെ അതിര്‍ത്തിയിലേക്ക് തിരിച്ചയച്ചതായി ഉക്രെയ്ന്‍ അവകാശപ്പെട്ടു. ഉക്രെയ്‌നിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാര്‍കിവ് റഷ്യന്‍ അതിര്‍ത്തിയില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയാണ്.

തുടക്കം മുതല്‍ റഷ്യ നിയന്ത്രണത്തിലാക്കിയതിനാല്‍ കനത്ത നാശനഷ്ടങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മാസങ്ങള്‍ നീണ്ട അധിനിവേശത്തില്‍ തളരാതെ പൊരുതിനിന്ന ഉക്രെയ്ന്‍ സേന ഖാര്‍കിവ് തിരിച്ചുപിടിച്ചത് വലിയ ആത്മവിശ്വാസമാണ് സേനയ്ക്ക് നല്‍കുന്നത്. റഷ്യന്‍ അതിര്‍ത്തിയിലെത്തിയ ഉക്രെയ്ന്‍ സേന പ്രസിഡന്റ് സെലന്‍സ്‌കിയെ അഭിസംബോധന ചെയ്ത് വിഡിയോ പുറത്തുവിട്ടിരുന്നു. ഖാര്‍കിവ് ഗവര്‍ണറും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.