കാന്‍ബറ: ചൈനയുടെ അധിനിവേശ നയങ്ങള്‍ക്കെതിരേ സുശക്തമായ നിലപാട് സ്വീകരിക്കുകയും ഇന്ത്യയുമായി അടുത്ത സൗഹൃദം പുലര്‍ത്തുകയും ചെയ്ത ഓസ്‌ട്രേലിയന്‍ ഭരണപക്ഷത്തിന് പൊതു തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി. 'ഇറ്റ് ഈസ് ഈസി ഫോര്‍ ആല്‍ബനീസി' എന്ന പ്രചാരണ മുദ്രാവാക്യം അന്വര്‍ഥമാക്കി പ്രതിപക്ഷം അധികാരത്തിലേക്ക്.
ഒരു പതിറ്റാണ്ടോളം നീണ്ട ലിബറല്‍-നാഷണല്‍സ് ഭരണത്തിന് അന്ത്യം കുറിച്ചാണ് ലേബര്‍ പാര്‍ട്ടി ഓസ്‌ട്രേലിയയില്‍ അധികാരമുറപ്പിക്കുന്നത്. പ്രധാനമന്ത്രി സ്‌കോട്ട് മോറിസണെ പരാജയപ്പെടുത്തിയ പ്രതിപക്ഷ നേതാവ് ആന്റണി അല്‍ബനീസി രാജ്യത്തിന്റെ 31-ാം പ്രധാനമന്ത്രിയാകും.
സ്‌കോട്ട് മോറിസണ്‍
ആന്റണി അല്‍ബനീസി നേതൃത്വം നല്‍കുന്ന ലേബര്‍ പാര്‍ട്ടി അധികാരത്തിലേറുമെന്ന് ഉറപ്പായിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ 76-ല്‍ 72 സീറ്റുകള്‍ ലേബര്‍ പാര്‍ട്ടി നേടി. ഒറ്റയ്ക്ക് 76 സീറ്റ് ലഭിച്ചില്ലെങ്കിലും സ്വതന്ത്രരും ചെറുകക്ഷികളുമായ സഖ്യത്തിനൊപ്പം ലേബര്‍ പാര്‍ട്ടിക്ക് അധികാരത്തിലേറാന്‍ എളുപ്പമായി.
ചൈനക്കെതിരേയുള്ള നിലപാടുകള്‍, കോവിഡ് മഹാമാരിയെ ഏറ്റവും കര്‍ക്കശമായ നിയന്ത്രണങ്ങളിലൂടെ നേരിട്ടത്, തൊഴിലില്ലായ്മ പരിഹരിക്കാനായത് തുടങ്ങി ഭരണപക്ഷം ഉയര്‍ത്തിയ നേട്ടങ്ങള്‍ വോട്ടര്‍മാര്‍ വേണ്ടവിധം പരിഗണിച്ചില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
സോളമന്‍ ദ്വീപുകളുമായി ചൈനയുണ്ടാക്കിയ സൈനിക കരാര്‍ മുന്‍കൂട്ടി അറിഞ്ഞ് തടയാന്‍ കഴിയാതിരുന്നത് സ്‌കോട്ട് മോറിസണ്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയായി. തെരഞ്ഞെടുപ്പു പ്രചാരണത്തെ ഇതു പ്രതികൂലമായി ബാധിക്കുകയും ഭരണകക്ഷിയുടെ കഴിവുകേടായി പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.
പ്രതിപക്ഷ നേതാവ് ആന്റണി ആല്‍ബനീസിയുടെ കൃത്യതയാര്‍ന്ന നേതൃപാടവം ലേബര്‍ പാര്‍ട്ടിയെ വിജയത്തിലേക്കു നയിക്കാന്‍ സഹായകമായി. ലിബറല്‍-നാഷണല്‍സ് സഖ്യത്തിന്റെ കൈവശമുണ്ടായിരുന്ന നിരവധി സീറ്റുകള്‍ പിടിച്ചെടുത്താണ് ലേബര്‍ അധികാരത്തിലേക്ക് എത്തുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിനെതിരേ രാജ്യാന്തര വേദികളില്‍ ഓസ്‌ട്രേലിയ ശക്തമായ നിലപാട് സ്വീകരിക്കാതിരുന്നത് ഭരണപക്ഷത്തിന് തിരിച്ചടിയായി. ആഗോള തലത്തില്‍ കാലാവസ്ഥാ പ്രതിസന്ധിക്കെതിരേ മുന്നില്‍നിന്ന് നയിക്കേണ്ടിയിരുന്ന ഓസ്‌ട്രേലിയക്ക് അതിനു സാധിക്കാതിരുന്നത് വലിയ വിമര്‍ശനത്തിനിടയാക്കി.
വോട്ടെണ്ണല്‍ ഇപ്പോഴും തുടരുകയാണ്. വലിയൊരു വിഭാഗം പോസ്റ്റല്‍ വോട്ടുകളുള്ളതിനാല്‍ പല സീറ്റുകളിലെയും അന്തിമ ഫലം വരാന്‍ സമയമെടുത്തേക്കും.
നിലവിലെ പാര്‍ലമെന്റില്‍ ലിബറല്‍ സഖ്യത്തിന് 75 സീറ്റുകളും ലേബറിന് 68 സീറ്റുകളുമാണുള്ളത്. ക്രോസ് ബഞ്ചില്‍ എട്ടു പേരും. പുതിയ പാര്‍ലമെന്റില്‍ ക്രോസ് ബഞ്ച് അംഗങ്ങളുടെ എണ്ണം കൂടിയേക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.