ന്യൂയോര്‍ക്ക്: യു.എസിലെ ബഫല്ലോയിലുണ്ടായ വംശീയ കൂട്ടക്കൊല തത്സമയം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വിതുമ്പി മാധ്യമപ്രവര്‍ത്തകന്‍. കൂട്ടക്കൊല നടന്ന സൂപ്പര്‍മാര്‍ക്കറ്റിന് പുറത്തുനിന്ന് സംഭവത്തെക്കുറിച്ച് തത്സമയം റിപ്പോര്‍ട്ട് ചെയ്ത വിക്ടര്‍ ബ്ലാക്ക് വെല്‍ എന്ന സി.എന്‍.എന്‍ റിപ്പോര്‍ട്ടറാണ് സങ്കടം സഹിക്കാന്‍ കഴിയാതെ കരഞ്ഞത്. ഇദ്ദേഹത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്‍ബിസി യൂണിവേഴ്സലിന്റെ സീനിയര്‍ എക്സിക്യൂട്ടീവ് മൈക്ക് സിംഗ്ടണ്‍ ആണ് ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
മെയ് 14-നായിരുന്നു രാജ്യത്തെ ഞെട്ടിച്ച കൂട്ടക്കൊല നടന്നത്. ടോപ്‌സ് ഫ്രണ്ട്‌ലി മാര്‍ക്കറ്റില്‍ പതിനെട്ടുകാരന്‍ നടത്തിയ വെടിവയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു. സംഭവം റിപ്പോര്‍ട്ട് ചെയ്ത വിക്ടര്‍ ബ്ലാക്ക്‌വെല്ലിന് കരച്ചില്‍ കാരണം പറഞ്ഞു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം കാമറയ്ക്ക് മുന്നില്‍ വിതുമ്പി.
ഒരു മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോയില്‍, വിക്ടര്‍ ബ്ലാക്ക്‌വെല്‍ വെടിവയ്പ്പിന്റെ ദൃക്‌സാക്ഷികളിലൊരാളോട് സംസാരിക്കുന്നതാണ് തുടക്കം. ഇത്തരം 15 വെടിവെപ്പ് സംഭവങ്ങളാണ് താനിതുവരെ റിപ്പോര്‍ട്ട് ചെയ്തതെന്നും ഇനിയും എത്ര നാള്‍ ഇത് തുടരുമെന്നുമാണ് വിക്ടര്‍ ബ്ലാക്ക്‌വെല്‍ ചോദിക്കുന്നത്.
'നമ്മളതിനെപറ്റി സംസാരിച്ചു കൊണ്ടേ ഇരിക്കുന്നു. ഡെമോക്രാറ്റുകള്‍ തോക്കുകളെ പറ്റി പറയുന്നു. റിപബ്ലിക്കന്‍സ് മാനസികാരോഗ്യത്തെ പറ്റിയും. ഒന്നും മാറാന്‍ പോവുന്നില്ല. കുറച്ച് കഴിഞ്ഞാള്‍ നമ്മള്‍ മറ്റൊരു രാഷ്ട്രീയ ചര്‍ച്ചയിലേക്കു കടക്കും. പക്ഷെ ഇങ്ങനെയാണോ നാം ജീവിക്കേണ്ടത്. നഗരങ്ങള്‍ തോറും ഇതു തുടര്‍ന്ന് കൊണ്ടിരിക്കാന്‍ വിധിക്കപ്പെട്ടവരാണോ നമ്മള്‍? - കണ്ണീരോടെ വിക്ടര്‍ ചോദിക്കുന്നു. മാധ്യമപ്രവര്‍ത്തകന്റെ വാക്കുകള്‍ ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 20 ലക്ഷം പേരാണ് ഇതിനകം ഇതിനകം വീഡിയോ കണ്ടത്. നിരവധി പേര്‍ ഇദ്ദേഹത്തിന്റെ വാക്കുകള്‍ സത്യസന്ധമാണെന്ന് അഭിപ്രായപ്പെട്ടു.
ബഫല്ലോ സൂപ്പര്‍ മാര്‍ക്കറ്റിലെ വെടിവെപ്പിന് കാരണം പ്രതിയായ പതിനെട്ടുകാരന്റെ വംശീയ വെറിയെന്ന് യുഎസ് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കൂട്ടക്കൊല നടത്തിയ വെളുത്ത വര്‍ഗക്കാരനായ ന്യൂയോര്‍ക്ക് സ്വദേശി പേറ്റണ്‍ ഗ്രെന്‍ഡന്‍ വെടിവെച്ച പതിമൂന്നില്‍ 11 പേരും കറുത്തവര്‍ഗക്കാരായിരുന്നുവെന്നും അധികൃതര്‍ വെളിപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.