കീവ്: ഉക്രെയ്‌നിലെ ഇരുട്ടു നിറഞ്ഞ ബങ്കറില്‍നിന്ന് 87 ദിവസത്തിനു ശേഷം പുറത്തേക്ക് എത്തിയപ്പോള്‍ എട്ടു വയസുകാരന്‍ ടിമോഫിയുടെ മുഖത്ത് ഭയം നിറഞ്ഞിരുന്നു. തുടരെ കേള്‍ക്കുന്ന വെടിയൊച്ചകളും ഷെല്ലാക്രമണങ്ങളും അവന്റെ കുഞ്ഞുമനസിനെ അത്രയേറെ മുറിവേല്‍പ്പിച്ചിരുന്നു. എങ്കിലും യുദ്ധത്തിന്റെയും അനിശ്ചിതത്വത്തിന്റെയും കാര്‍മേഘങ്ങള്‍ക്കു താഴെയിരുന്ന് അവന്‍ വരച്ചുകൂട്ടിയ ചിത്രങ്ങള്‍ പ്രതീക്ഷയുടേതായിരുന്നു. മഴവില്ലും സൂര്യനും കടല്‍ത്തീരവുമൊക്കെ അതിലുണ്ടായിരുന്നു.
റഷ്യന്‍ ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്ന തന്റെ ജന്മനാട് വിട്ട് ടിമോഫി ഇനി പോകുന്നത് ഭൂമിയിലെ സ്വര്‍ഗം എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്വിറ്റ്‌സര്‍ലന്‍ഡിലേക്കാണ്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ ഉക്രെയ്ന്‍ നൗവുമായി ബന്ധപ്പെട്ട ഒരു വ്യക്തിയാണ് കുടുംബത്തിന്റെ രക്ഷപ്പെടലിന് വഴിയൊരുക്കിയത്. ടിമോഫിയെയും കുടുംബത്തെയും സഹായിക്കാനുള്ള ഫണ്ട് ഇദ്ദേഹം സംഭാവന ചെയ്തു.
ഉക്രെയ്ന്‍-റഷ്യ യുദ്ധം മൂന്നാം മാസത്തിലേക്കു കടക്കുമ്പോള്‍ ടിമോഫിയെ പോലെ നിരവധി കുഞ്ഞുങ്ങളാണ് കൊടിയ ദുരിതത്തില്‍ കഴിയുന്നത്. ഖാര്‍കിവിനടുത്തുള്ള കുട്ടുസിവ്ക എന്ന ഗ്രാമത്തിലാണ് ടിമോഫിയുടെ വീട്. 87 ദിവസമായി അവന്‍ ബങ്കറിലാണ്. കിന്റര്‍ഗാര്‍ട്ടനും മെഡിക്കല്‍ സെന്ററും പ്രവര്‍ത്തിക്കുന്ന രണ്ടു നില കെട്ടിടത്തിന്റെ ബേസ്മെന്റില്‍. 23 പേരും അവനൊപ്പമുണ്ട്. ബങ്കറിലെ ജീവിതം ടിമോഫിയുടെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ട്. ബങ്കറിലെ പൊടി അവന് അലര്‍ജിയായി മാറിയെന്ന് അമ്മ റീത്ത പറയുന്നു.
ആക്രമണം കാരണം ടിമോഫി ബേസ്‌മെന്റില്‍നിന്ന് പുറത്തിറങ്ങാന്‍ സമ്മതിച്ചിരുന്നില്ല. പക്ഷേ ഇന്നലെ റീത്തയും ബേസ്മെന്റിലെ മറ്റൊരു സ്ത്രീയും ചേര്‍ന്ന് അവനെ നിര്‍ബന്ധപൂര്‍വം അവിടെനിന്ന് രക്ഷപ്പെടാന്‍ പ്രേരിപ്പിച്ചു. ടിമോഫിയെ വീടിനു പുറത്തുകൊണ്ടു വന്നപ്പോഴും അവന്‍ അമ്മയുടെ കൈ പിടിച്ച്, അകത്തേക്ക് പോയി ഒളിക്കാമെന്നും വെളിയില്‍ നില്‍ക്കരുതെന്നും പറഞ്ഞുകൊണ്ടിരുന്നു. യുദ്ധം അത്രയേറെ ആ കുരുന്നു മനസിനെ ബാധിച്ചിരുന്നു.
ടിമോഫി കുടുംബാംഗങ്ങള്‍ക്കൊപ്പം
ഖാര്‍കിവില്‍ നിന്ന് 12 മൈല്‍ അകലെയുള്ള കുട്ടുസിവ്ക മൂന്നാഴ്ച മുമ്പ് റഷ്യന്‍ സൈന്യത്തില്‍നിന്ന് ഉക്രെയ്ന്‍ സേന തിരിച്ചുപിടിച്ചിരുന്നു. എന്നാല്‍ അപ്പോഴേക്കും ഗ്രാമം മുഴുവന്‍ യുദ്ധത്തില്‍ തകര്‍ന്നിരുന്നു.
അവിടെ താമസിച്ചിരുന്ന 1,500 പേരില്‍ 50 പേര്‍ മാത്രമാണ് അവശേഷിക്കുന്നത്. അവരില്‍ ഭൂരിഭാഗവും ടിമോഫിക്കൊപ്പം ഇരുട്ടും പൊടിയും നിറഞ്ഞ ബങ്കറിലാണ്. പ്രതിസന്ധികള്‍ക്കിടയിലും ചിത്രം വരയ്ക്കാനാണ് അവന്‍ കൂടുതല്‍ സമയം ചെലവഴിച്ചത്.
ടിമോഫിക്കും റീത്തയ്ക്കൊപ്പം മറ്റു കുടുംബാംഗങ്ങളും പടിഞ്ഞാറന്‍ ഉക്രെയ്നിലേക്കു പോയി. എന്നാല്‍ കുടുംബത്തിന്റെ അവസാന ലക്ഷ്യം സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചാണ്. അവിടെ 40,000-ത്തിലധികം ഉക്രേനിയന്‍ അഭയാര്‍ഥികള്‍ എത്തിയിട്ടുണ്ട്.
പണമില്ലാതെ, ഭാഷയറിയാതെ അപരിചിതമായ ഒരു രാജ്യത്ത് കഴിയുമ്പോഴുള്ള അനിശ്ചിതാവസ്ഥ കുടുംബത്തെ അലട്ടുന്നുണ്ട്. എന്നാല്‍ യുദ്ധത്തില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് റീത്ത പറഞ്ഞു.
'ആദ്യം ടിമോഫി ഗ്രാമം വിടാന്‍ സമ്മതിച്ചില്ല. മറ്റൊരു നാട്ടിലേക്കു പോകുകയാണെന്ന് പറഞ്ഞപ്പോള്‍ അവന്‍ വളരെ അസ്വസ്ഥനായിരുന്നു. അവന്‍ കരഞ്ഞു. ഖാര്‍കിവിലേക്ക് കൊണ്ടുപോകുമ്പോള്‍ സംഭിച്ചേക്കാവുന്ന ഷെല്ലാക്രമണത്തെ അവന്‍ ഭയപ്പെട്ടു. ഒടുവില്‍ താന്‍ അവനോട് ക്ഷമയോടെ സംസാരിച്ചു. വെടിയൊച്ചകള്‍ കേള്‍ക്കാത്ത, രക്തം വീഴാത്ത ശാന്തമായ സ്ഥലത്തേക്കാണ് നാം പോകുന്നതെന്ന് അവനെ പറഞ്ഞു ബോധ്യപ്പെടുത്തി - റീത്ത പറഞ്ഞു.
87 ദിവസത്തിനു ശേഷം ആദ്യമായാണ് ടിമോഫിയും അമ്മയും സ്വന്തം ഗ്രാമം കണ്ടത്. ആക്രമണത്തില്‍ മനോഹരമായ ഗ്രാമത്തിനുണ്ടായ നാശം കണ്ടപ്പോള്‍ വേദനയും സങ്കടവും സഹിക്കാന്‍ കഴിയില്ലായിരുന്നു. സമാധാനപരമായ ജീവിതം ഒരു നിമിഷം കൊണ്ട് തകര്‍ത്തെറിയപ്പെട്ടു. കുട്ടുസിവ്ക മുതല്‍ ഖാര്‍കിവ് റെയില്‍വേ സ്റ്റേഷന്‍ എത്തുന്നവരെ ടിമോഫി കരഞ്ഞുകൊണ്ടിരുന്നു - റീത്ത പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.