ടോക്കിയോ: ക്വാഡ് ഉച്ചകോടിയ്ക്കിടെ മറുപടിയായി ജപ്പാന്‍ വ്യോമാതിര്‍ത്തിക്ക് സമീപം യുദ്ധവിമാനങ്ങള്‍ പറത്തി പ്രകോപനമുണ്ടാക്കിയ ചൈനയ്ക്കും റഷ്യയ്ക്കുമെതിരേ രൂക്ഷ വിമര്‍ശനവുമായ ജപ്പാന്‍ പ്രതിരോധ മന്ത്രി. ക്വാഡ് സഖ്യ രാഷ്ട്രങ്ങളായ യുഎസ്, ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാന്‍ എന്നിവയുടെ രാഷ്ട്രത്തലവന്‍മാര്‍ ടോക്കിയോവില്‍ കൂടിക്കാഴ്ച നടത്തുന്നതിന് മുന്നോടിയായാണ് പ്രകോപനം സൃഷ്ടിച്ച് ചൈന-റഷ്യ വ്യോമാഭ്യാസം നടന്നത്. അതിനിടെ ഉത്തര കൊറിയ ആണവ മിസൈല്‍ പരീക്ഷണവും നടത്തിയത് ആശങ്ക ഇരട്ടിപ്പിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ, പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസി എന്നിവരാണ് കൂടിക്കാഴ്ച്ച നടത്തിയത്.
ചൊവ്വാഴ്ച ക്വാഡ് യോഗം കഴിഞ്ഞ് ജോ ബൈഡന്‍ പ്രദേശം വിട്ട് മണിക്കൂറുകള്‍ക്കകമാണ് ഉത്തര കൊറിയ മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചത്.
ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ്ങിലെ സുനാന്‍ മേഖലയില്‍ നിന്ന് ഒരു മണിക്കൂറിനുള്ളിലാണ് മൂന്നു മിസൈലുകള്‍ വിക്ഷേപണം നടത്തിയതെന്ന് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു.
ഉത്തര കൊറിയ ഈ വര്‍ഷം നിരവധി ആണവ മിസൈല്‍ വിക്ഷേപണങ്ങളാണ് നടത്തിയത്. ഹൈപ്പര്‍സോണിക് മിസൈലുകള്‍ മുതല്‍ ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ (ഐസിബിഎം) വരെ അതില്‍ ഉള്‍പ്പെടും. ആയിരക്കണക്കിന് കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന മിസൈലിന് യു.എസില്‍ വരെ എത്താന്‍ കഴിയും.
ചൈനയുടെയും റഷ്യയുടെയും യുദ്ധവിമാനങ്ങള്‍ നടത്തിയ സംയുക്ത നിരീക്ഷണ പറക്കല്‍ ജപ്പാന്‍ കടലിനു മുകളിലും കിഴക്കന്‍ ചൈന കടലിനു മുകളിലുമായിട്ടാണ് നടന്നത്. റഷ്യയുടെ ടിയു-95 ബോംബര്‍വിമാനങ്ങളും ചൈനയുടെ സിയാന്‍ എച്ച്-6 ജെറ്റുകളുമാണ് നിരീക്ഷ പറക്കല്‍ നടത്തിയത്.
യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചില്ല. എന്നാല്‍ കഴിഞ്ഞ നവംബര്‍ മുതലുള്ള കാലയളവില്‍ ഇതു നാലാം തവണയാണ് ചൈനയും റഷ്യയും ജപ്പാന് സമീപം ജെറ്റ് വിമാനങ്ങള്‍ പറത്തുന്നതെന്ന് ജപ്പാന്‍ പ്രതിരോധ മന്ത്രി നൊബുവോ കിഷി ആരോപിച്ചു. റഷ്യയുടെ ഉക്രെയ്ന്‍ യുദ്ധത്തിനെതിരെ ലോകരാജ്യങ്ങള്‍ പ്രതികരണം ഉയര്‍ത്തുന്ന സാഹചര്യത്തില്‍ അവരുമായി ചേര്‍ന്ന് ചൈന ഇത്തരമൊരു നടപടിക്കു മുതിര്‍ന്നത് വളരെ ആശങ്കാജനകമാണ്. ഇതിനെ നിസാരമായി തള്ളിക്കളയാനാവല്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
ജപ്പാന്റെയും കിഴക്കന്‍ ചൈനയുടെയും കടലിനു മുകളിലൂടെ സംയുക്ത പട്രോളിംഗ് നടത്തിയതായി റഷ്യയും ചൈനയും സ്ഥിരീകരിച്ചു. അതേസമയം വിമാനങ്ങള്‍ ജപ്പാന്റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചിട്ടില്ലെന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
പതിവു സംയുക്തപരിശീലനം മാത്രമെന്നാണ് ചൈന വിശേഷിപ്പിച്ചത്.
ജപ്പാന്‍ കടലിന് മുകളില്‍ ചൈനീസ്-റഷ്യന്‍ വിമാനങ്ങള്‍ പ്രവേശിച്ചതിനെ അതീവ ഗൗരവമായിട്ടാണ് ജപ്പാനും സഖ്യരാജ്യങ്ങളും എടുത്തിരിക്കുന്നത്.
ഉക്രെയ്ന്‍ അധിനിവേശം ആരംഭിച്ചശേഷം ചൈനയും റഷ്യയും നടത്തുന്ന ആദ്യത്തെ സംയുക്ത സൈനികാഭ്യാസമാണിതെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൈനിക സഹകരണത്തിലൂടെ റഷ്യയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തന്നെയാണ് ചൈനയുടെ നീക്കമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.