ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യ കമ്പനിക്ക് ചോര്‍ത്തി നല്‍കി; ട്വിറ്ററിന് 150 മില്യണ്‍ ഡോളര്‍ പിഴ

ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യ കമ്പനിക്ക് ചോര്‍ത്തി നല്‍കി; ട്വിറ്ററിന് 150 മില്യണ്‍ ഡോളര്‍ പിഴ

കാലിഫോര്‍ണിയ: ഉപയോക്താക്കളുടെ വിവരങ്ങള്‍ പുറത്തു പോയതുമായി ബന്ധപ്പെട്ട് ട്വിറ്ററിനു 150 മില്യണ്‍ ഡോളര്‍ പിഴ ചുമത്തി. സുരക്ഷിതമായിരിക്കുമെന്നു ഉറപ്പു നല്‍കിയ സ്വകാര്യ വിവരങ്ങള്‍ ഉപയോക്താക്കളെ കമ്പിളിപ്പിച്ചു പരസ്യ ഏജന്‍സികള്‍ക്ക് നല്‍കിയത് എഫ്ടിസി മാനദണ്ഡത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കാലിഫോര്‍ണിയ കോടതി പിഴ വിധിച്ചത്. രേഖകള്‍ സൂക്ഷിക്കുന്നതില്‍ വീഴ്ച്ച വരുത്തിയില്ലെന്ന് ട്വിറ്റര്‍ വാദിച്ചെങ്കിലും കോടതി അത് മുഖവിലയ്‌ക്കെടുത്തില്ല.

അക്കൗണ്ട് സുരക്ഷയ്ക്ക് ആവശ്യമാണെന്ന് വിശ്വസിപ്പിച്ചാണ് രേഖകള്‍ ശേഖരിച്ചത്. ഫോണ്‍ നമ്പറുകളും ഇമെയില്‍ വിലാസങ്ങളും അടക്കം ഉപയോക്താക്കളില്‍ നിന്ന് ട്വിറ്റര്‍ വാങ്ങി. തുടര്‍ന്ന് ഈ വിവരങ്ങള്‍ ഓണ്‍ലൈന്‍ പരസ്യ കമ്പനികളിലേക്ക് എത്തിക്കുന്നതിനായി ഹാക്കര്‍മാര്‍ക്ക് ഒത്താശ ചെയ്തു കൊടുത്തു എന്നാണ് ട്വിറ്ററിനെതിരായ കുറ്റം.

ഉപയോക്താക്കളുടെ രേഖകള്‍ സൂക്ഷിക്കുന്നതില്‍ ട്വിറ്റര്‍ വീഴ്ച്ച വരുത്തിയെന്ന് എഫ്ടിസി ചെയര്‍പേഴ്‌സണ്‍ ലിന ഖാന്‍ ചൂണ്ടിക്കാട്ടി. ട്വിറ്ററിന്റെ ഡാറ്റാ സുരക്ഷയില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചതായി ഇവര്‍ ആരോപിച്ചു. ഇതുവഴി ഹാക്കര്‍മാര്‍ക്ക് ട്വിറ്ററിന്റെ സെര്‍വറില്‍ കയറാന്‍ വഴിയൊരുക്കിയെന്നും ഇത് 140 ദശലക്ഷത്തിലധികം ട്വിറ്റര്‍ ഉപയോക്താക്കളെ ബാധിച്ചെന്നും അവര്‍ പറഞ്ഞു. എഫ്ടിസി വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി പിഴ വിധിച്ചത്.

ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കുന്നതും സ്വകാര്യത സംരക്ഷിക്കുന്നതും ഗൗരവമായിട്ടാണ് ട്വിറ്റര്‍ കാണുന്നതെന്ന് ചീഫ് പ്രൈവസി ഓഫീസര്‍ ഡാമിയന്‍ കീരന്‍ ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. എല്ലാ ഘട്ടങ്ങളിലും എഫ്ടിസിയുമായി സഹകരിച്ചിട്ടുണ്ട്. സ്വകാര്യ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനും മറ്റ് മെച്ചപ്പെടുത്തലുകള്‍ വരുത്തുന്നതിനും എഫ്ടിസി മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളെന്നും അദ്ദേഹം പറഞ്ഞു. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള കമ്പനിക്ക് ലോകമെമ്പാടും 229 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.