ആലപ്പുഴ: ഗാനമേളയില്‍ പാടുന്നതിനിടെ കുഴഞ്ഞുവീണ പ്രശസ്ത ഗായകന്‍ ഇടവ ബഷീര്‍ (78) അന്തരിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ട ബഷീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആലപ്പുഴയില്‍ ബ്ലൂ ഡയമണ്ട്‌സ് ഓര്‍ക്കസ്ട്രയുടെ സുവര്‍ണ ജൂബിലി ആഘോഷവേദിയില്‍ പാടുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. പാതിരപ്പള്ളിയിലെ ആഘോഷവേദിയില്‍നിന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പൊലീസ് ബഷീറിനെ എത്തിച്ചെങ്കിലും അല്‍പസമയത്തിനുശേഷം മരിച്ചു.
ഗാനമേള വേദികളില്‍ നിറഞ്ഞുനിന്നിരുന്ന ബഷീര്‍, നിരവധി സിനിമകളിലും പാടിയിട്ടുണ്ട്. 'ആഴിത്തിരമാലകള്‍ അഴകിന്റെ മാലകള്‍' എന്ന സൂപ്പര്‍ഹിറ്റ് ഗാനം പാടിയത് ബഷീറാണ്. തിരുവനന്തപുരത്തെ ഇടവ ഗ്രാമത്തിലായിരുന്നു ബഷീറിന്റെ ജനനം. പിന്നീട് ഗ്രാമത്തിന്റെ പേരും സ്വന്തം പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു
1978-ല്‍ രഘുവംശം എന്ന ചിത്രത്തില്‍ എ.ടി ഉമ്മറിന്റെ സംഗീത സംവിധാനത്തില്‍ ആദ്യ ചലച്ചിത്ര ഗാനം പാടി. എസ് ജാനകിക്കൊപ്പം പാടിയ 'വീണ വായിക്കുമെന്‍ വിരല്‍ത്തുമ്പിലെ..' എന്ന് തുടുങ്ങുന്ന ഗാനമായിരുന്നു അത്.
കൊല്ലം ക്രിസ്തുരാജ് ഹൈസ്‌കൂളില്‍ പഠിച്ചു. കോടമ്പള്ളി ഗോപാലപിള്ള, രത്‌നാകരന്‍ ഭാഗവതര്‍, വെച്ചൂര്‍ ഹരിഹര സുബ്രഹ്‌മണ്യം തുടങ്ങിയവരുടെ പക്കല്‍ നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. സ്വാതിതിരുനാള്‍ മ്യൂസിക് അക്കാദമിയില്‍ ചേര്‍ന്നു സംഗീതം പഠിച്ചു. 1972-ല്‍ ഗാനഭൂഷണം പാസായി.
വര്‍ക്കലയില്‍ സംഗീതാലയ എന്ന ഒരു ഗാനമേള ട്രൂപ്പ് ആരംഭിച്ചു. യമഹയുടെ സിന്തസൈസര്‍, മിക്‌സര്‍, എക്കോ, റോളണ്ട് എന്ന കമ്പനിയുടെ സി.ആര്‍-78 കമ്പോസര്‍, ജുപ്പിറ്റര്‍ 4 എന്നിവയൊക്കെ ആദ്യമായി മലയാള ഗാനമേള വേദികളില്‍ എത്തിച്ചത് ബഷീര്‍ ആയിരുന്നു.
ഓള്‍ കേരള മ്യുസീഷ്യന്‍സ് ആന്‍ഡ് ടെക്‌നീഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. കേരളത്തിലുടനീളം ഗാനമേള വേദികള്‍ക്ക് പുറമേ വിവിധ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ഗാനമേളകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.