ബ്രസല്‍സ്: റഷ്യയുടെ അധിനിവേശ മനോഭാവത്തിന് ശക്തമായ മറുപടി നല്‍കി റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി മൂന്നിലൊന്നായി കുറയ്ക്കാന്‍ യൂറോപ്യന്‍ യൂണിയനില്‍ തീരുമാനം. യൂറോപ്യന്‍ യൂണിയന്റെ ആസ്ഥാനമായ ബല്‍ജിയത്തിലെ ബ്രസല്‍സില്‍ ചേര്‍ന്ന ദ്വിദിന ഉച്ചകോടിയിലാണ് ഹഗംറിയുടെ എതിര്‍പ്പിനെ മറികടന്ന് തീരുമാനം എടുത്തത്.
യുക്രെയ്ന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്ക്കുമേല്‍ ഏര്‍പ്പെടുത്തേണ്ടതായ ഉപരോധങ്ങളില്‍ അഭിപ്രായ ഐക്യമുണ്ടാക്കുക എന്നതായിരുന്നു ഉച്ചകോടിയുടെ പ്രധാന ഉദ്ദേശം. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി മൂന്നില്‍ രണ്ട് ഭാഗം തടയണമെന്ന് അംഗരാജ്യങ്ങളില്‍ നിന്ന് പൊതു അഭിപ്രായം ഉണ്ടായി. 27 അംഗ രാജ്യങ്ങളില്‍ ഹംഗറി ഒഴികെ മറ്റുള്ളവര്‍ പിന്തുണച്ചതോടെ അഭിപ്രായം തീരുമനമായി.
റഷ്യയോട് മൃതുസമീപനം സ്വീരിക്കുന്ന ഹംഗറി ശക്തമായ എതിര്‍പ്പാണ് യോഗത്തില്‍ മുന്നോട്ട് വച്ചത്. രാജ്യത്തേക്കാവശ്യമായ എണ്ണയുടെ 65 ശതമാനവും റഷ്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഹംഗറിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് കടല്‍ വഴി എത്തുന്ന എണ്ണയ്ക്കുമാത്രം നിരോധനം ബാധകമാക്കി. പൈപ്പ് ലൈന്‍ വഴി എത്തുന്ന എണ്ണയെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കി.
ഉക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ റഷ്യക്കുമേല്‍ ഏര്‍പ്പെടുത്തുന്ന ആറാമത്തെ ഉപരോധമാണിതെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ മേധാവി ചാള്‍സ് മൈക്കല്‍ പറഞ്ഞു. നിരോധനം പ്രാബല്യത്തിലാകുന്നതോടെ റഷ്യയുടെ വിദേശ വരുമാന ശ്രോതസ് ഇല്ലാതാകും. യുദ്ധത്തെത്തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ റഷ്യയെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഹംഗറിയുടെ കൂടാതെ സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളും എണ്ണ ആശ്രയിക്കുന്നത് റഷ്യയെയാണ്. ഈ രാജ്യങ്ങളുമായി ഒരു സമവായത്തിലെത്താന്‍ ഉച്ചകോടിയിലെ ഭൂരിഭാഗം സമയവും ചെലവഴിക്കേണ്ടിവന്നു. നിരോധനം പ്രാബല്യത്തില്‍ വന്നാലും അതു നടപ്പാക്കാന്‍ കുറച്ചു സമരം ഈ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
യൂണിയന്‍ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 27 ശതമാനവും ഗ്യാസിന്റെ 40 ശതമാനവും റഷ്യയാണ് നല്‍കുന്നത്. ഇതിനായി പ്രതിവര്‍ഷം ഏകദേശം 400 ബില്യണ്‍ ഡോളര്‍ റഷ്യയ്ക്ക് പ്രതിഫലമായി യൂറോപ്യന്‍ യൂണിയന്‍ നല്‍കുന്നുമുണ്ട്. റഷ്യയില്‍ നിന്ന് നേരിട്ട് വാതകം എത്തിക്കുന്നതിന് ജര്‍മ്മനിയും പോളണ്ടും വിഭാവനം ചെയ്ത പദ്ധതിയും ഇതോടൊപ്പം മരവിപ്പിച്ചിട്ടുണ്ട്.
യൂറോപ്യന്‍ യൂണിയനിലെ ചുരുക്കം ചില അംഗങ്ങള്‍ റഷ്യയ്ക്കനുകൂല നിലപാട് കൈക്കൊണ്ടതിനെ ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി വിമര്‍ശിച്ചു. യൂറോപ്പിലെ എല്ലാ കലഹങ്ങളും അവസാനിക്കണം. റഷ്യയ്ക്കുമേലുള്ള ഉപരോധങ്ങളെ എതിര്‍ക്കുന്ന ആഭ്യന്തര തര്‍ക്കങ്ങള്‍ ഒഴിവാക്കണം.
അഗരാജ്യങ്ങളില്‍ ചിലര്‍ റഷ്യയുടെ പക്ഷം നില്‍ക്കുമ്പോള്‍ ഞങ്ങളുടെ നഗരങ്ങള്‍ റഷ്യന്‍ പീരങ്കിയാക്രമണങ്ങളില്‍ തകര്‍ന്നടിയുകയാണ്. ഷെല്ലാക്രമണം ശമനമില്ലാതെ തുടരുന്നു. ഇതിനിടയിലും നഗരം വിട്ടുകൊടുക്കാതിരിക്കാനുള്ള ശക്തമായ പോരാട്ടത്തിലാണ് ഉക്രെയ്ന്‍ സേനയെന്നും സെലന്‍സ്‌കി പറഞ്ഞു.
വ്യക്തിപരമായ തല്‍പര്യങ്ങള്‍ കടിച്ചുതൂങ്ങി നില്‍ക്കരുതെന്ന് ലാത്വിയന്‍ പ്രധാനമന്ത്രി ക്രിസ്ജാനിസ് കരിന്‍സ് പറഞ്ഞു. ഉപരോധത്തിലൂടെ നമുക്ക് ചിലപ്പോള്‍ കൂടുതല്‍ പണം നഷ്ടമായേക്കും എന്നാല്‍ ഉക്രേനിയര്‍ അവരുടെ ജീവന്‍ പണയപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉക്രെയ്‌നിലെ സംഘര്‍ഷം മൂലം കരിങ്കടലിലൂടെയുള്ള കയറ്റുമതി നിലച്ചതു സൊമാലിയ, ഇത്യോപ്യ എന്നിവ അടക്കം കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഗോതമ്പ് ക്ഷാമം രൂക്ഷമാക്കി. 1.3 കോടി ജനങ്ങള്‍ ആഫ്രിക്കയില്‍ ഭക്ഷ്യക്ഷാമം നേരിടുന്നുവെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക്. ഇവിടേക്കുള്ള 44 ശതമാനം ഗോതമ്പും ഇറക്കുമതി ചെയ്യുന്നത് യുക്രെയ്‌നില്‍നിന്നും റഷ്യയില്‍നിന്നുമാണ്. ആഗോള ഭക്ഷ്യപ്രതിസന്ധി ഒഴിവാക്കാന്‍ ഉക്രെയ്‌നില്‍ നിന്നുള്ള ധാന്യക്കയറ്റുമതി പുനരാരംഭിക്കാനുള്ള വഴികളും ഉച്ചകോടി ചര്‍ച്ച ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.