യൂറോപ്യന്‍ യൂണിയന്റെ ചൊവ്വാദൗത്യം അടുത്ത വര്‍ഷം; തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി

യൂറോപ്യന്‍ യൂണിയന്റെ ചൊവ്വാദൗത്യം അടുത്ത വര്‍ഷം; തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി

പാരീസ്: ചൊവ്വാദൗത്യം വിജയകരമാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ (ഇസ) മൂന്നാമത് മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ അടുത്ത വര്‍ഷം വിക്ഷേപിക്കാന്‍ ഒരുങ്ങുന്നു. ആദ്യ രണ്ട് വിക്ഷേപണങ്ങള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് കൂടതല്‍ മുന്നൊരുക്കങ്ങളോടെ മൂന്നാമത്തെ വിക്ഷേപണത്തിന് ഇസ ഒരുങ്ങുന്നത്.

റഷ്യയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ദൗത്യം ഈ വര്‍ഷം സെപ്റ്റംബറില്‍ നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡും റഷ്യ-ഉക്രെയ്ന്‍ യുദ്ധവും മൂലം നടന്നില്ല. അടുത്ത വര്‍ഷം ആദ്യം വിക്ഷേപണം ചെയ്യുമെന്ന് ദൗത്യത്തിന് നേതൃത്വം നല്‍കുന്ന പ്രൊഫസര്‍ ജോണ്‍ പാര്‍നെല്‍ പറഞ്ഞു.

വിക്ഷേപിച്ച് എട്ടു മാസത്തിനുള്ളില്‍ പേടകം ചൊവ്വയില്‍ എത്തിക്കും വിധമാണ് ദൗത്യത്തിന്റെ ക്രമീകരണം. ഇസ സ്വന്തം നിലയില്‍ 2003 ലും റഷ്യയുമായി സഹകരിച്ച് 2016 ലും ദൗത്യം നടത്തിയെങ്കിലും വിജയത്തിലെത്തിയില്ല. പരാജയപ്പെട്ടതിന്റെ പേരായ്മകള്‍ കണ്ടെത്തി പരിഹരിച്ചാണ് ഇത്തവണ വിക്ഷേപണത്തിന് ഒരുങ്ങുന്നത്.

ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണു വികിരണ സാന്നിദ്ധ്യം തുടങ്ങിയ കാര്യങ്ങളില്‍ പഠനം നടത്തുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. ഇതിനായുള്ള പേടകം (മാര്‍സ് റോവര്‍) ഇസയുടെ ഗവേഷണ കേന്ദ്രത്തില്‍ പൂര്‍ത്തിയായി. മാര്‍സ് റോവര്‍ എടുക്കുന്ന ചിത്രങ്ങള്‍ പഠനവിധേയമാക്കിയും മടക്കയാത്രയില്‍ ശേഖരിക്കുന്ന പാറയുടെ അവശിഷ്ടങ്ങള്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേമാക്കിയുമാണ് ചൊവ്വയിലെ ജനസാന്നിധ്യം കണ്ടെത്തുന്നത്.



പാറകളിലെ ജലസാന്നിധ്യവും അതുവഴി ജീവന്റെ സാധ്യതകളും ശാസ്ത്രീയമായി കണ്ടെത്തുന്നതില്‍ പ്രാവിണ്യം നേടിയിട്ടുള്ള വ്യക്തിയാണ് പ്രൊഫസര്‍ ജോണ്‍ പാര്‍നെല്‍. സ്‌കോട്ട്‌ലന്‍ഡിലെ ആബര്‍ഡീന്‍ സര്‍വകലാശാലയില്‍ എണ്ണ, വാതക പര്യവേക്ഷണം പഠിക്കുന്നതിനിടെയാണ് പാറകളില്‍ ജീവന്റെ അടയാളങ്ങള്‍ കണ്ടെത്താനുള്ള ശാസ്ത്രീയമായ കഴിവ് അദ്ദേഹം നേടിയെടുത്തത്. ഇസയുടെ ചൊവ്വാദൗത്യത്തിന്റെ സംഘത്തിന് പരിശീലനം നല്‍കി വരുന്നതും ഇദ്ദേഹമാണ്.

ഇസയ്ക്കു പുറമേ റഷ്യ, അമേരിക്ക, ജപ്പാന്‍, ഇന്ത്യ, യുഎഇ, ചൈന എന്നീ രാജ്യങ്ങളും ചൊവ്വാദൗത്യം നടത്തിയിട്ടുണ്ട്. 1960 ല്‍ യുഎസ്എസ്ആര്‍ (ഇന്നത്തെ റഷ്യ) ന്റേതായിരുന്നു ആദ്യ ദൗത്യം. പക്ഷെ അതു പരാജയപ്പെട്ടു. പിന്നീട് 11 തവണ ചെയ്തപ്പോഴും പരാജയമായിരുന്നു ഫലം. 1973ലാണ് പൂര്‍ണ വിജയം കൈവരിച്ച ഒരു ചൊവ്വാദൗത്യം റഷ്യയ്ക്ക് പൂര്‍ത്തിയാക്കാനായത്.



ഇതിനിടെ അമേരിക്കയുടെ 1964 ലെ ആദ്യ ദൗത്യം പരാജയപ്പെട്ടെങ്കിലും ആ വര്‍ഷം തന്നെ ചെയ്ത രണ്ടാം ദൗത്യം വിജയം കണ്ടു. റഷ്യ 18 തവണ ചൊവ്വാദൗത്യം നടത്തിയപ്പോള്‍ മൂന്ന് തവണ മാത്രമേ വിജയിച്ചുള്ളു. അമേരിക്കയുടെ 23 ദൗത്യങ്ങളില്‍ 17 എണ്ണവും വിജയത്തിലെത്തി. ജപ്പാന്‍, ചൈന, യുഎഇ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ഓരോ തവണ ചൊവ്വാദൗത്യം നടത്തിയിട്ടുണ്ട്. ഇതില്‍ ജപ്പാന്റെ ദൗത്യം പരാജയമായിരുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ വിജയത്തിലെത്തുകയും ചെയ്തു.

2013ല്‍ മാര്‍സ് ഓര്‍ബിറ്റ് മിഷന്‍ (മംഗ്ലയാന്‍) എന്ന പേരില്‍ ഇന്ത്യ ചൊവ്വാദൗത്യം പൂര്‍ത്തിയാക്കുമ്പോള്‍ ആദ്യ ദൗത്യം തന്നെ വിജയകരമാക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. അമേരിക്കയ്ക്കും റഷ്യയ്ക്കും പുറമേ ജപ്പാന്‍ മാത്രമേ ഇന്ത്യയ്ക്കു മുന്‍പ് ചൊവ്വാദൗത്യം നടത്തിയിരുന്നുള്ളു.



ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നും 2013 നവംബര്‍ ന് ഉച്ചതിരിഞ്ഞു രണ്ടരയ്ക്ക് വിക്ഷേപിച്ച പേടകം 300 ഭൗമദിനങ്ങള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ 2014 സെപ്റ്റംബര്‍ 24ന് ചൊവ്വയിലെത്തി. ഏഴ് നിരീക്ഷണ ഉപകരണങ്ങളാണ് പേടകത്തിലുണ്ടായിരുന്നത്.

ഇന്‍ഫ്രാറെഡ് തരംഗങ്ങളുടെ സഹായത്താല്‍ വിവരം ശേഖരിക്കാന്‍ കഴിയുന്ന ഉപകരണം, ഹൈഡ്രജന്‍ സാന്നിദ്ധ്യം പഠിക്കാനുള്ള ആല്‍ഫാ ഫോട്ടോമീറ്റര്‍, മീഥേന്‍ സാന്നിദ്ധ്യം പഠിക്കാനുള്ള മീഥേന്‍ സെന്‍സര്‍ എന്നീ ഉപകരണങ്ങളായിരുന്നു ഇവ. ഏറ്റവും കുറഞ്ഞ ചിലവിലുള്ള ചൊവ്വാ ദൗത്യം കൂടിയായിരുന്നു ചന്ദ്രയാന്‍. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ദൗത്യ പൂര്‍ത്തീകരിച്ചതും മംഗളയാന്‍ ആണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.