നദി വറ്റിവരണ്ടപ്പോള്‍ ഉയര്‍ന്നു വന്നത് 3400 വര്‍ഷം പഴക്കമുള്ള നഗരം !

നദി വറ്റിവരണ്ടപ്പോള്‍ ഉയര്‍ന്നു വന്നത് 3400 വര്‍ഷം പഴക്കമുള്ള നഗരം !

നഷ്ടപ്പെട്ട പലതും വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് കിട്ടാറുണ്ട്. അത്തരത്തില്‍ തിരിച്ച് കിട്ടുന്നത് നമുക്ക് സന്തോഷമുള്ള കാര്യവുമാണ്. എന്നാല്‍ ഒരു നദി വറ്റി വരണ്ടപ്പോള്‍ തിരിച്ചു കിട്ടിയത് 3400 വര്‍ഷം പഴക്കമുള്ള നഗരമാണ്. വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും സംഭവം സത്യമാണ്. ഇറാഖിലെ ടൈഗ്രിസ് നദിയിലാണ് 3400 വര്‍ഷം പഴക്കമുള്ള നഗരം നദിയില്‍ നിന്നും ഉയര്‍ന്നു വന്നത്. നദി അപ്രത്യക്ഷമാകുന്നതിന് മുമ്പ് കൂടുതല്‍ അന്വേഷണം നടത്തുകയാണ് ഗവേഷകര്‍.

ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയിലുണ്ടായിരുന്ന ഒരു പഴയ നഗരമാണ് പുരാവസ്തു ഗവേഷകരുടെ സംഘം കണ്ടെത്തിയിരിക്കുന്നത്. വര്‍ഷാരംഭത്തില്‍ ഇവിടുത്തെ മൊസൂള്‍ റിസര്‍വോയറില്‍ വലിയ വരള്‍ച്ച അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശത്തെ പ്രാദേശിക ജലം കുറഞ്ഞു. അങ്ങനെയാണ് നദിയില്‍ നിന്നും ഈ നഗരം ഉയര്‍ന്നു വന്നത്.

ബിസി 1350-ല്‍ ഉണ്ടായ ഭൂകമ്പത്തില്‍ നശിച്ചു പോയ നഗരമാണിത് എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. കൊട്ടാരവും നിരവധി വലിയ കെട്ടിടങ്ങളുമുള്ള വിപുലമായ നഗരം മിത്താനി സാമ്രാജ്യത്തിലെ ഒരു പ്രധാന കേന്ദ്രമായിരുന്നുവെന്നും പഠനം നടത്തിയ യൂണിവേഴ്‌സിറ്റി പറയുന്നു. ബിസി 1550 നും 1350 നും ഇടയില്‍ വടക്കന്‍ യൂഫ്രട്ടീസ്-ടൈഗ്രിസ് പ്രദേശം ഭരിച്ചിരുന്ന കാലത്താണ് ഈ നഗരം സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.

ജര്‍മ്മന്‍, കുര്‍ദിഷ് പുരാവസ്തു ഗവേഷകരുടെ സംഘത്തിന് മൊസൂള്‍ റിസര്‍വോയറില്‍ എത്തിച്ചേരാന്‍ കഴിഞ്ഞതിനാലാണ് നഗരം കണ്ടെത്താനായത്. അവര്‍ 100 പുരാതന കളിമണ്‍ ഫലകങ്ങളും ഇവിടെ കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തില്‍ കൊട്ടാരം, ബഹുനില കെട്ടിടങ്ങള്‍, നിരവധി ഗോപുരങ്ങള്‍, വലിയ നിര്‍മിതികള്‍ എന്നിവ ഉള്‍പ്പെടുന്ന ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ച ഒരു മതിലും കണ്ടെത്തിയവയില്‍പ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.