നൂറു ദിനം പിന്നിട്ട് യുദ്ധം: ഉക്രെയ്‌ന് അത്യാധുനിക മിസൈലുകള്‍ വാഗ്ദാനം ചെയ്ത് യുഎസ്; എണ്ണ ഉപരോധം റഷ്യയ്ക്ക് തിരിച്ചടിയായി

നൂറു ദിനം പിന്നിട്ട് യുദ്ധം: ഉക്രെയ്‌ന് അത്യാധുനിക മിസൈലുകള്‍ വാഗ്ദാനം ചെയ്ത് യുഎസ്; എണ്ണ ഉപരോധം റഷ്യയ്ക്ക് തിരിച്ചടിയായി

കീവ്: റഷ്യന്‍-ഉക്രെയ്ന്‍ യുദ്ധം നൂറ് ദിനം പിന്നിടുമ്പോള്‍ യുദ്ധക്കെടുതികള്‍ക്കപ്പുറം രാജ്യാന്തര തലത്തില്‍ നേട്ടങ്ങളും കോട്ടങ്ങളുമായി ഇരു രാജ്യങ്ങളും. യൂറോപ്യന്‍ രാജ്യങ്ങളുടെ അകമഴിഞ്ഞ പിന്തുണ നേട്ടമാക്കുകയാണ് ഉക്രെയ്ന്‍. എന്നാല്‍ രാജ്യാന്തര ബന്ധങ്ങളിലെ വിള്ളലുകള്‍ റഷ്യയ്ക്കു തിരിച്ചടിയായിട്ടുണ്ട്.

പ്രധാന മേഖലകളൊക്കെ കീഴടക്കി റഷ്യ മുന്നേറുന്ന ഘട്ടത്തില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വലിയ പിന്തുണയാണ് ഉക്രെയ്‌നു ലഭിക്കുന്നത്. കഴിഞ്ഞ ദിവസം സൈനിക സഹായമായി അമേരിക്ക ഉക്രെയ്‌ന് എച്ച്.ഐ.എം.എ.ആര്‍.എസ് എന്ന അത്യാധുനിക മിസൈലുകള്‍ വാഗ്ദാനം ചെയ്തു. 80 കിലോമീറ്റര്‍ ദൂരപരിധിയുള്ള റോക്കറ്റുകളെ നശിപ്പിക്കാന്‍ ശേഷിയുള്ളവയാണ് ഇത്. റഷ്യയുടെ മുന്നേറ്റം തടയാനല്ലാതെ മറ്റ് യുദ്ധാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് വ്യവസ്ഥയിലാണ് ആയുധം കൈമാറുന്നത്.

വ്യോമ നിരീക്ഷണ റഡാറുകള്‍, ജാവ്‌ലിന്‍ ടാങ്ക് വേധ മിസൈലുകള്‍, ഹെലികോപ്ടറുകള്‍, യുദ്ധ വാഹനങ്ങള്‍, കവചിത വാഹനങ്ങള്‍ക്കെതിരെ ഉപയോഗിക്കാവുന്ന ആയുധങ്ങള്‍ തുടങ്ങിയവയും വാഗ്ദാനം ചെയ്തിട്ടുണ്ട്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക, സൈനിക സഹായങ്ങള്‍ ഉക്രെയ്‌നിലേക്ക് എത്തും. ഐറിസ്ടി വിമാനവേധ മിസൈലുകളും റഡാറുകളും ഉക്രെയ്‌നു നല്‍കുമെന്ന് ജര്‍മനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.



അതിനിടെ, യു.എസ് ആയുധക്കൈമാറ്റ പ്രഖ്യാപനം പുറത്തുവന്നതോടെ ആണവ സേനയെ വിന്യസിക്കാന്‍ നടപടികള്‍ ആരംഭിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ അത്യാധുനിക ആയുധങ്ങള്‍ എത്തും മുന്‍പ് കിഴക്കന്‍ ഉക്രെയ്‌നിലെ പ്രധാന മേഖലകള്‍ പിടിക്കാനാണ് റഷ്യയുടെ നീക്കം.

കടുത്ത പോരാട്ടം നടക്കുന്ന ഡോണ്‍ബാസ് മേഖലയിലെ സിവീറോഡോണെറ്റ്‌സ്‌ക് നഗരത്തിന്റെ 70 ശതമാനം നിയന്ത്രണം റഷ്യ കയ്യടക്കിയതായി ലുഹാന്‍സ്‌ക് മേഖലാ ഗവര്‍ണര്‍ സെര്‍ഹി ഗൈദായി അറിയിച്ചു. നഗരത്തിലേറെയും റഷ്യന്‍ സൈനികരുടെ പിടിയിലായി. രാജ്യത്തെ വലിയ രാസനിര്‍മാണശാലയായ 'അസോട്ട്' പ്രവര്‍ത്തിക്കുന്ന പട്ടണമാണ് സെവെറോഡോണറ്റ്‌സ്‌ക്. അസോട്ടിനു നേരെയും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. സെവെറോഡോണറ്റ്‌സ്‌കും മറ്റൊരു പട്ടണമായ ലിസിചാന്‍സ്‌കും പിടിക്കാനായാല്‍ കിഴക്കന്‍ മേഖലയിലെ ഡോണ്‍ബാസ് മേഖല മൊത്തമായി റഷ്യന്‍ നിയന്ത്രണത്തിലാകും.

ഉക്രെയ്ന്‍ അധിനിവേശത്തിന് മറുപടിയായി റഷ്യയ്ക്കുമേല്‍ യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ ഉപരോധം കര്‍ശനമാക്കിയതോടെ റഷ്യയില്‍ നിന്നുള്ള ഇന്ധന വിതരണം കുറഞ്ഞു. ഇന്ധന ഇറക്കുമതി മൂന്നിലൊന്നായി കുറയ്ക്കാനാണ് യൂറോപ്യന്‍ യൂണിയനുകള്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തത്. ഇതു റഷ്യയെ സാമ്പത്തികമായി പിടിച്ചുലയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ സൂചന നല്‍കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.