കാലങ്ങളും കാതങ്ങളും
കഥയോതിക്കടന്നോരാമധുരനേരം
ഓർമ്മകൾ ഓടക്കുഴൽനാദമായ്
ഒഴുകി മനസ്സിൽ മധുവും
മിഴിയിൽ ഈറനുമായ്
നിറയുമൊരാനന്ദകാലം
മഞ്ചാടിയായ് കൊഞ്ചിയും
മയിൽപ്പീലിപോൽ മിന്നിയും
തിളങ്ങിയോരാസുന്ദരസമയം
അപ്പംചുട്ടു കളിച്ചും
അപ്പൂപ്പൻതാടിയായ് പാറിയും
പറന്നോരാപൂക്കാലം
ജീവിതപ്പുസ്തകത്താളിൽ
തങ്കലിപികളാൽ
കോറിയ ഏടുകളെൻ ബാല്യം
ഓർമ്മകൾ തൻ ഓളങ്ങൾ
ഓമനപോൽ തുള്ളിക്കളി-
ച്ചോരാതേൻകാലം
നയനസുഭഗമൊരു ചാറ്റൽമഴപോൽ
ചന്നംപിന്നം പെയ്യാറുണ്ടാക്കുട്ടി-
ക്കാലമെൻ സ്മൃതികളിൽ
കുരുന്നു കുസൃതികൾ
വിരുന്നുവന്ന വികൃതികൾ
കുരുത്ത സൗഹൃദങ്ങൾ
തരുന്ന സമൃദ്ധികൾ
അഴലല്ലലുകൾ
അതിരാലസ്യങ്ങൾ
അലട്ടാതെ അഴകോടെ
അപ്പന്റെ വിരൽതൊട്ടു
നടന്നോരാപവിഴകാലം
പള്ളിക്കൂടത്തിലെ പഠനവും
പള്ളിയിലെ പെരുന്നാളും
വായനശാലയിലെ വർത്തമാനവും
കാവിലെ ഉത്സവവും
കരളിൽ കുളിർമ്മഴയായ്
പൊഴിഞ്ഞോരാവർഷകാലം
കൂട്ടുകൂടാൻ കൂട്ടുകാരും
കിന്നാരം ചൊല്ലി വീട്ടുകാരും
മിന്നാരം മിന്നി നാട്ടുകാരും
കിളികൾപോൽ കൂടുകൂട്ടി-
യോരമൃതകാലം
പാടത്തെ കളികളും
പുഴയിലെ കുളികളും
വഴിയിലെ വിളികളും
വരമ്പിലെ പരക്കംപാച്ചിലും
പറമ്പിലെ പട്ടംപറത്തലും
കൊമ്പിലെ കുയിൽക്കൊഞ്ചലും
വർണ്ണരാജിയായ് വിടർന്നോ-
രാഹർഷകാലം
തോരാത്ത മഴയിൽ കുളിച്ചും
തീരാത്ത മൊഴിയിൽ കുതിർന്നും
തളരാതെ മിഴികൾ തിരഞ്ഞും
തോൽക്കാത്ത മനസ്സുമായ് വളർന്നും
തളിരിട്ട താമരപ്പൂവുപോലെൻ ബാല്യം
അമ്മതൻ താരാട്ടും
അച്ഛന്റെ തലോടലും
മുത്തശ്ശികഥകളും കനവിൻകായൽ
തുഴഞ്ഞോരിഷ്ടകാലം
ഓണത്തിൻ ഓളവും
ക്രിസ്മസ്സിൻ താളവും
വിഷുവിൻ മേളവും
ദീപാവലിതൻ നാളവും
ഈദിലെ ഈണവും
മനസ്സിന്റെ മാറ്റുകൂട്ടിയോരോമനക്കാലം
കൂട്ടുകൂടിയ മാത്രകൾ
കൂട്ടംതെറ്റാത്ത യാത്രകൾ
ഒരുമിച്ചുകണ്ട ചിത്രങ്ങൾ
ചാരത്തു ചേർത്ത ചങ്ങാത്തങ്ങൾ
ചേലുള്ള ചെമ്പകപ്പൂമലരെൻ ബാല്യം
ജീവിതമാം കവിതാസമാഹാരത്തിൽ
പൊൻതാരമായ് തിളങ്ങിയ
കവിതയെൻ ബാല്യം
ഒഴുകിനീങ്ങിയെന്നറിഞ്ഞിട്ടും
ഒഴുകിയെത്താൻ കൊതിക്കാ-
റുണ്ടാക്കാലത്തേക്കു ഞാൻ
തോരാത്ത മാരിയായ്
തീരാത്ത കുളിരായ്
നിലക്കാത്ത നാദമായ്
നിറമോലും നിലാവായ്
നിറയൂ നിനവിലെന്നുമെൻ ബാല്യമേ
വിടചൊല്ലാതെ വിടരൂ വസന്തമായ് നീ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.