ഒക്ലഹോമയിലെ ടള്‍സയില്‍ ആശുപത്രി വെടിവെപ്പ്; അക്രമി ലക്ഷ്യമിട്ടത് നടുവിന് ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ

ഒക്ലഹോമയിലെ ടള്‍സയില്‍ ആശുപത്രി വെടിവെപ്പ്; അക്രമി ലക്ഷ്യമിട്ടത് നടുവിന് ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ

ഒക്ലഹോമ: അമേരിക്കയില്‍ ഒക്ലഹോമയിലെ ടള്‍സയില്‍ ആശുപത്രി ക്യാമ്പസില്‍ നാല് പേരുടെ മരണത്തിന് ഇടയാക്കിയ വെടിവെപ്പില്‍ അക്രമി ലക്ഷ്യമിട്ടത് നടുവില്‍ ശസ്ത്രക്രിയ നടത്തിയ സര്‍ജനെയാണെന്ന് പൊലീസ്. ഡോ. പ്രെസ്റ്റണ്‍ ഫിലിപ്‌സിനെയാണ് അക്രമി ലക്ഷ്യമിട്ടത്. ഡോക്ടര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

മെയ് 19 ന് സെന്റ് ഫ്രാന്‍സിസ് ഹോസ്പിറ്റലില്‍ പ്രതി മുതുകില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷവും വേദനയ്ക്ക് കുറവില്ലെന്ന് കണ്ടതോടെ ശസ്ത്രക്രിയ നടത്തിയ ഡോ. ഫിലിപ്‌സിനെ കുറ്റപ്പെടുത്തി. ആശുപത്രിയില്‍ നിന്ന് മോചിതനായ ശേഷം വേദനയും അധിക ചികിത്സയും ആവശ്യപ്പെട്ട് ദിവസങ്ങളോളം പ്രതി ഡോക്ടറെ വിളിച്ചിരുന്നു.

പ്രതീക്ഷിച്ച പ്രതികരണം ഡോക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടാകാതിരുന്നതോടെ കൊല ചെയ്യാന്‍ തീരുമാനിച്ചു. ഇതിനായി വെടിവെയ്ക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സെമി ഓട്ടോമാറ്റിക് എആര്‍ 15 ശൈലിയിലുള്ള തോക്ക് വാങ്ങി. കൂടാതെ ഒരു കൈത്തോക്കും ഇയാളുടെ കൈയ്യില്‍ ഉണ്ടായിരുന്നു.

ആക്രണത്തില്‍ ഡോ. സ്റ്റെഫാനി ഹുസെന്‍, അമാന്‍ഡ ഗ്ലെന്‍, വില്യം ലവ് എന്നിവരും മരണപ്പെട്ടു. പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതി സ്വയം വെടിവെച്ച് മരിച്ചു. സംഭവത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ച് മൂന്ന് മിനിറ്റിനുശേഷം പൊലീസ് സംഭവസ്ഥലത്ത് എത്തിയതായി തുള്‍സ പോലീസ് മേധാവി വെന്‍ഡല്‍ ഫ്രാങ്ക്‌ലിന്‍ പറഞ്ഞു.

ടള്‍സയിലെ സെന്റ് ഫ്രാന്‍സിസ് ആശുപത്രി ക്യാമ്പസിലാണ് വെടിവെപ്പ് നടന്നത്. ക്യാമ്പസിലെ ഓഫീസ് കെട്ടിടത്തിന് സമീപം ഒരാള്‍ തോക്കുമായി നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ആശുപത്രിയുടെ രണ്ടാം നിലയില്‍ നിന്നു പുറത്തുവന്ന അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.