ജനീവ: റഷ്യന്‍ അധിനിവേശം ആരംഭിച്ച് 100 ദിവസം പിന്നിടുമ്പോള്‍ ഉക്രെയ്‌നില്‍ നിന്ന് ഏകദേശം 14 ദശലക്ഷം ആളുകള്‍ പലായനം ചെയ്തതായി യുഎന്‍ എയ്ഡ് ഏജന്‍സികള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ഉക്രെയ്ന്‍ ജനസംഖ്യയുടെ മൂന്നിലൊന്ന് വരും. കൂടാതെ രാജ്യത്ത് നില്‍ക്കുന്ന 16 ദശലക്ഷം ആളുകള്‍ക്ക് ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടെന്നും റിപ്പോര്‍ട്ടിനെ അധികരിച്ച് യുഎന്‍ ക്രൈസിസ് കോര്‍ഡിനേറ്റര്‍ അമിന്‍ അവാദ് പറഞ്ഞു.
യുദ്ധത്തില്‍ ഇതുവരെ 4,183 സാധാരണക്കാര്‍ കൊല്ലപ്പെടുകയും 5,014 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഞ്ച് ദശലക്ഷം കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങി. 9,197 നാശനഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ക്ക് നേരെ 269 ആക്രമണങ്ങള്‍ ഉണ്ടായി. ഇതില്‍ 76 പേര്‍ കൊല്ലപ്പെട്ടു. ധാന്യ ഉപരോധം മൂലം രണ്ട് ബില്യണ്‍ ആളുകള്‍ ദാരിദ്ര്യത്തെ അഭിമുഖീകരിക്കുകയാണ്.
ആഗോളതലത്തില്‍ ധാന്യങ്ങള്‍, പാചക എണ്ണകള്‍, ഇന്ധനം, വളം എന്നിവയുടെ വില കുതിച്ചുയരുന്നതിനും സംഘര്‍ഷം കാരണമായി. ഭക്ഷ്യക്ഷാമവും വിലക്കയറ്റവും ആഫ്രിക്കന്‍ രാജ്യങ്ങളെയാണ് പ്രത്യേകിച്ച് ബാധിക്കുന്നത്. ആഫ്രിക്കയിലെ ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍മാനും സെനഗല്‍ പ്രസിഡന്റുമായ മക്കി സാലുമായി റഷ്യയിലെ സോചിയില്‍ കൂടിക്കാഴ്ച നടത്തി.
ആഗോള ഭക്ഷ്യ പ്രതിസന്ധിക്ക് യൂറോപ്യന്‍ രാജ്യങ്ങളാണ് കാരണക്കാരെന്ന് പുടിന്‍ കുറ്റപ്പെടുത്തി. ഗോതമ്പിന്റെയും ചോളത്തിന്റെയും മുന്‍നിര കയറ്റുമതിക്കാരായ ഉക്രെയ്‌നില്‍ നിന്ന് ധാന്യം കയറ്റുമതി ചെയ്യുന്ന കപ്പലുകള്‍ക്ക് സുരക്ഷ നല്‍കുമെന്ന് പുടിന്‍ ഉറപ്പ് നല്‍കി.
അതേസമയം, റഷ്യന്‍ നാവിക കപ്പലുകളില്‍ നിന്നുള്ള ഭീഷണി കാരണം, ഉക്രെയ്‌നിന്റെ ധാന്യ കയറ്റുമതി തടഞ്ഞതിന് റഷ്യയാണ് ഉത്തരവാദിയെന്ന് ഉക്രെയ്ന്‍ ഉള്‍പ്പടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ആരോപിച്ചു. ഉക്രേനിയന്‍ തുറമുഖങ്ങളിലേക്കുള്ള ഇടനാഴികള്‍ തുറന്നാല്‍ അത് റഷ്യയ്ക്ക് വേഗത്തില്‍ കടന്നുകയറാനുള്ള വഴികളാകുമെന്ന ഭയവും ഉക്രെയ്‌നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.