ഞായറാഴ്ച്ച കുര്‍ബാനയ്ക്കിടെ നൈജീരിയയിലെ കത്തോലിക്ക പള്ളിയില്‍ ആയുധധാരികളുടെ ആക്രമണം: അമ്പതിലേറെ പേര്‍ കൊല്ലപ്പെട്ടു; സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ദേവാലയം തകര്‍ത്തു

ഞായറാഴ്ച്ച കുര്‍ബാനയ്ക്കിടെ നൈജീരിയയിലെ കത്തോലിക്ക പള്ളിയില്‍ ആയുധധാരികളുടെ ആക്രമണം: അമ്പതിലേറെ പേര്‍ കൊല്ലപ്പെട്ടു; സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ദേവാലയം തകര്‍ത്തു

ഓവോ: ക്രിസ്ത്യാനികളുടെ ചുടുചോര വീണ് കുതിരുന്ന മണ്ണായി അനുദിനം മാറുകയാണ് നൈജീരിയ. നൈജീരിയയുടെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ ഓവോയില്‍ കത്തോലിക്ക ദേവാലയത്തില്‍ ഇന്നലെ ഞായറാഴ്ച്ച കുര്‍ബാനയ്ക്കിടെ ആയുധ ധാരികള്‍ നടത്തിയ അതിനിഷ്ടൂര ആക്രമണത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം അമ്പതിലധികം പേര്‍ കൊല്ലപ്പെട്ടതായി അന്തരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.

*സംഭവത്തെ അപലപിച്ച് മാര്‍പ്പാപ്പ

*ദുഷ്ടര്‍ക്ക് മുന്നില്‍ രാജ്യം വഴങ്ങില്ലെന്ന് പ്രസിഡന്റ്

*കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്ന് ഗവര്‍ണര്‍

* കൂട്ടക്കൊലയുടെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

ദുഃഖത്തോടും പ്രാര്‍ത്ഥനയോടും ആഗോള ക്രൈസ്തവ വിശ്വാസികള്‍

ഒവോയിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തോലിക്ക പള്ളിയില്‍ പന്തക്കുസ്താ തിരുനാള്‍ ദിനാഘോഷത്തിലെ വിശുദ്ധ കുര്‍ബാനയ്ക്കിടെയാണ് ആയുധധാരികള്‍ പള്ളിയിലേക്ക് ഇരച്ചു കയറി വെടിയുതിര്‍ത്തത്. അഞ്ചു തോക്ക്ധാരികള്‍ ഉണ്ടായിരുന്നതായി ദൃസാക്ഷികള്‍ പറഞ്ഞു. വെടി ഉതിര്‍ത്തതിന് ശേഷം സ്‌പോടക വസ്തുക്കള്‍ ഉപയോഗിച്ച് പള്ളി തകര്‍ക്കുകയും ചെയ്തു. ദേവാലയത്തിന്റെ തറയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന വിശ്വാസികളുടെ വീഡിയോ ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവന്നു.



മരണപ്പെട്ടവരെയും പരിക്കേറ്റവരെയും ഓവോയിലെ ഫെഡറല്‍ മെഡിക്കല്‍ സെന്ററിലേക്കും സെന്റ് ലൂയിസ് കാത്തലിക് ഹോസ്പിറ്റലിലേക്കും മാറ്റി. മരിച്ചവരുടെ എണ്ണം ഇപ്പോഴും തിട്ടപ്പെടുത്തിയിട്ടില്ലെന്ന് സംസ്ഥാന നിയമസഭാംഗമായ ഒഗുന്‍മോലസുയി ഒലുവോലെ പറഞ്ഞു.

സംഭവത്തെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അപലപിച്ചു. ''പെന്തക്കുസ്താ തിരുനാള്‍ ദിനത്തിന്റെ ആഘോഷവേളയില്‍ അപ്രതീക്ഷിതമായുണ്ടായ ആക്രമണം വലിയ ഞെട്ടലുണ്ടാക്കി. വേദനാജനകമായ നിമിഷമാണിത്. മരണപ്പെട്ടവര്‍ക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. കുട്ടികളെയും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ടവരുടെ വേദനയില്‍ പങ്കുചേരുന്നു''- മാര്‍പ്പാപ്പ പറഞ്ഞു.



ആക്രമണം സമൂഹത്തെ തകര്‍ത്തെന്നും ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ഒന്‍ഡോയിലെ കത്തോലിക്കാ സഭയുടെ സെക്രട്ടറി റവ അഗസ്റ്റിന്‍ ഇക്വു പ്രസ്താവനയില്‍ പറഞ്ഞു. വൈദീകരെ തട്ടിക്കൊണ്ടുപോയി എന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു.

മനസാക്ഷിയെ നടുക്കിയ സംഭവത്തില്‍ നൈജീരിയന്‍ ഭരണ കര്‍ത്താക്കളും പ്രാദേശീക നേതാക്കളും നടുക്കവും ദുഖവും രേഖപ്പെടുത്തി. നിരപരാധികളായ ജനങ്ങള്‍ക്ക് നേരെ 'നീചവും പൈശാചികവുമായ ആക്രമണം' ആണ് സംഭവിച്ചതെന്ന് ഒന്‍ഡോ സംസ്ഥാന ഗവര്‍ണര്‍ റൊട്ടിമി അകെരെഡോലു ട്വീറ്റ് ചെയ്തു. സമാധാനപ്രേമികളായ ജനങ്ങള്‍ക്ക് നേരെ കണക്കുകൂട്ടിയുള്ള ആക്രമണമാണിത്. കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.



ആക്രമണത്തില്‍ പ്രതികരണവുമായി നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി പ്രസ്താവനയിറക്കി. അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവരെ സഹായിക്കാന്‍ അടിയന്തര ഏജന്‍സികള്‍ക്ക് ഉത്തരവിടുകയും ചെയ്തു. ''രാജ്യം ഒരിക്കലും ദുഷ്ടര്‍ക്ക് വഴങ്ങില്ല, ഇരുട്ടിന് വെളിച്ചത്തെ കീഴടക്കാനാകില്ല. ഒടുവില്‍ നൈജീരിയ വിജയിക്കും,'' പ്രസിഡന്റ് പ്രസ്താവനയില്‍ പറഞ്ഞു.

അഫ്രിക്കയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ ആക്രമണിത്. മതനിന്ദ ആരോപിച്ച് വിദ്യാര്‍ഥിനിയെ അതിക്രൂരമായി കൊലപ്പെടുത്തിയതുള്‍പ്പടെ നിരവധി അതിക്രമങ്ങളാണ് സമീപകാലങ്ങളില്‍ നൈജീരിയയിലും ആഫ്രിക്ക ഉടനീളവും അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പള്ളിക്ക് ചുറ്റുമുള്ള പ്രദേശത്ത് നൈജീരിയന്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.