നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കൊലയ്ക്കു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെന്ന് സര്‍ക്കാര്‍; ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല

നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കൊലയ്ക്കു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെന്ന് സര്‍ക്കാര്‍; ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല

ഓവോ: നൈജീരിയയില്‍ പന്തക്കുസ്താ ഞായറാഴ്ച്ച ലോക മനസാക്ഷിയെ ഞെട്ടിച്ച് കത്തോലിക്ക പള്ളിയില്‍ നടന്ന ക്രൈസ്തവ കൂട്ടക്കൊലയ്ക്ക് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ അനുബന്ധ സംഘടനയെന്ന് നിഗമനം. ഐ.എസിനു കീഴിലുള്ള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കന്‍ പ്രൊവിന്‍സാണ് (ഐ.എസ്.ഡബ്ല്യു.എ.പി) അതിക്രൂരമായ കൂട്ടക്കൊലയ്ക്കു പിന്നിലെന്ന് ആഭ്യന്തര മന്ത്രി ഒഗ്‌ബേനി റാവുഫ് അരെഗ്‌ബെസോല വെളിപ്പെടുത്തി.

'ഓവോയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സിന്റെ കൊലപാതക രീതികളാണ് കാണാന്‍ കഴിഞ്ഞിട്ടുള്ളത്. സുരക്ഷാ ഏജന്‍സികള്‍ അവരുടെ പാതയില്‍ തന്നെയുണ്ട്. തീവ്രവാദികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം സ്വമേധയാ ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. ഇത് അസാധാരണമാണെന്ന് രാഷ്ടട്രീയ നിരീക്ഷകര്‍ പറയുന്നു. മുന്‍കാലങ്ങളില്‍ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐ.എസ്.ഡബ്ല്യു.എ.പി ഏറ്റെടുത്ത് രംഗത്തു വന്നിരുന്നു.

ഒണ്‍ഡോ സംസ്ഥാനത്തിലെ ഓവോ സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ നടന്ന വെടിവയ്പ്പില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. വിശുദ്ധ കുര്‍ബാന മധ്യേ വിശ്വാസികള്‍ക്കു നേരേ തീവ്രവാദികള്‍ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. കുട്ടികള്‍ ഉള്‍പ്പെടെ അന്‍പതോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതേസമയം, ഔദ്യോഗിക കണക്കനുസരിച്ച് മരിച്ചവരുടെ എണ്ണം നാല്‍പതാണ്. 61 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു.

നൈജീരിയയിലും അയല്‍രാജ്യങ്ങളിലുമായി ആയിരക്കണക്കിനു ക്രൈസ്തവരെ കൊലപ്പെടുത്തുകയും ലക്ഷക്കണക്കിന് ആളുകളെ ഭവനരഹിതരാക്കുകയും ചെയ്ത മറ്റൊരു ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോ ഹറാമിന്റെ ഭാഗമായിരുന്നു ഈ സംഘടനയിലെ അംഗങ്ങള്‍. എന്നാല്‍ ആശയപരമായ ഭിന്നതകള്‍ മൂലം ഇവര്‍ ഇവര്‍ ഐഎസിന്റെ ഭാഗമായി മാറുകയായിരുന്നു.

ഇവരുടെ നേതാവ് 2015-ലാണ് ഇസ്ലാമിക് സ്റ്റേറ്റിനോട് കൂറ് പ്രഖ്യാപിച്ചത്. സമീപ വര്‍ഷങ്ങളില്‍ ഈ തീവ്രവാദി സംഘടന നിരവധി ക്രിസ്ത്യാനികളെ പരസ്യമായി കൊലപ്പെടുത്തുകയും അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം ആക്രമണം നടന്ന ഒന്‍ഡോ സംസ്ഥാനം ഈ തീവ്രവാദ സംഘടനയുടെ മേഖലയില്‍നിന്ന് ഏറെ അകലെയാണ്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഇവരുടെ ആക്രമണം വ്യാപിപ്പിക്കുന്നത് ആശങ്കയോടെയാണ് ക്രൈസ്തവ സമൂഹം കാണുന്നത്.

ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ലോകത്ത് ക്രിസ്ത്യാനികള്‍ ഏറ്റവുമധികം കൊല്ലപ്പെടുന്ന രാജ്യമാണ് നൈജീരിയ. ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ നൈജീരിയയെ ഇസ്ലാമികവല്‍ക്കരിക്കുക എന്ന ലക്ഷ്യവുമായി 2009-ല്‍ ബൊക്കോ ഹറം എന്ന തീവ്രവാദി സംഘടന തങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ആരംഭിച്ചതിനു ശേഷമാണ് രാജ്യം അരക്ഷിതാവസ്ഥയിലേക്ക് തള്ളപ്പെടുന്നത്. 2021-ല്‍ 4650, 2022-ലെ ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം 900 പേരും കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ചില സംഘടനകളും, വിദഗ്ദരും നൈജീരിയയില്‍ നടക്കുന്നത് ക്രൈസ്തവരുടെ വംശഹത്യ തന്നെയാണെന്നു വ്യക്തമാക്കുന്നു.

കൊല്ലപ്പെട്ടവരെ കൂട്ടത്തോടെ സംസ്‌കരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഭൂമി നല്‍കുമെന്ന് സംസ്ഥാന ഗവര്‍ണര്‍ അറിയിച്ചു. മരിച്ചവര്‍ക്കായി അവിടെ ഒരു സ്മാരകം നിര്‍മിക്കുമെന്നും പള്ളിയില്‍ കത്തോലിക്കാ വൈദികരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.