കന്റോണ്‍മെന്റ് ഹൗസിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ്

കന്റോണ്‍മെന്റ് ഹൗസിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: തന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കടന്നതില്‍ കടുത്ത പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് അതിനുള്ള ചരടുവലി നടന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പറഞ്ഞിട്ടാണ് തന്റെ വീട്ടിലേക്ക് ആളുകള്‍ ഇരച്ചു കയറിയത്. എന്നിട്ടവരെ ജാമ്യത്തില്‍ വിട്ടിരിക്കുന്നു. ഇതാണ് നീതി അല്ലേ? ഇത് മഹാ നാശത്തിന്റെ തുടക്കമാണെന്ന് ഓര്‍മ്മപ്പെടുത്തുകയാണ്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തങ്ങളുടെ കൈക്കരുത്ത് അറിയുമെന്ന് പറഞ്ഞ അമ്പലപ്പുഴ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തോയെന്നും വി.ഡി സതീശന്‍ ചോദിച്ചു.

മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് കന്റോണ്‍മെന്റ് ഹൗസില്‍ പ്രതിഷേധവുമായി എത്തിയത്. ഒരാളെ പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ് തടഞ്ഞു വച്ചു. കൂടെയുണ്ടായിരുന്ന രണ്ട് പേരാണ് പൊലീസുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. പിടിച്ചു വച്ചിരിക്കുന്ന ആളെ പുറത്തു വിടണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ പിടിച്ചു വച്ചയാളെ പൊലീസിന് കൈമാറി. പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ് മര്‍ദിച്ചുവെന്ന് ഇയാള്‍ ആരോപിച്ചു.

അഭിജിത്, ശ്രീജിത്, ചന്തു എന്നീ മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ഗേറ്റ് ചാടിക്കടന്ന് അകത്തു കയറിയത്. അഭിജിത്തിനെയും ശ്രീജിത്തിനെയും പൊലീസ് ബലം പ്രയോഗിച്ച് പുറത്താക്കി. ചന്തുവിനെ സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരും തടഞ്ഞു വെക്കുകയും പിന്നീട് കന്റോണ്‍മെന്റ് പൊലീസിന് കൈമാറുകയുമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.