ബീജിങ്: ചൈന തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച ആദ്യത്തെ വിമാനവാഹിനിക്കപ്പല്‍ നീറ്റിലിറക്കി. അത്യാധുനിക സാങ്കേതികവിദ്യയോടു കൂടിയ വിമാന വാഹിനി കപ്പലാണ് ആഭ്യന്തരമായി നിര്‍മിച്ചതെന്ന് ചൈന അവകാശപ്പെടുന്നു. ഇതോടെ ചൈനയുടെ കൈവശമുള്ള വിമാന വാഹിനി കപ്പലുകളുടെ എണ്ണം മൂന്നായി. മാരകശേഷിയുള്ള ആയുധങ്ങളും നൂതനമായ സാങ്കേതിക വിദ്യകളും സജ്ജീകരിച്ചിരിക്കുന്ന കപ്പല്‍ പാശ്ചാത്യ രാജ്യങ്ങളുടെ കപ്പലുകള്‍ക്കും ഒപ്പം ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും ഒരുപോലെ ഭീഷണി ഉയര്‍ത്തുന്നതാണ്.
പസഫിക് സമുദ്ര മേഖലയില്‍ ഉള്‍പ്പെടെ അധിനിവേശത്തിനു ശ്രമിക്കുന്ന ചൈനയുടെ നീക്കങ്ങള്‍പുതിയ യുദ്ധക്കപ്പലിന്റെ വരവോടെ ശക്തിപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ചൈനയുടെ കിഴക്കന്‍ തീരപ്രദേശമായ ഫ്യൂജിയാന്റെ പേരാണ് പുതിയ വിമാന വാഹിനി കപ്പലിന് നല്‍കിയിരിക്കുന്നത്. ഷാങ്ഹായ് കപ്പല്‍ശാലയിലായിരുന്നു യുദ്ധക്കപ്പല്‍ നീറ്റിലിറക്കുന്ന ചടങ്ങ് നടന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഷാങ്ഹായില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, രണ്ടു മാസം വൈകിയാണ് വിമാന വാഹിനി കപ്പല്‍ പുറത്തിറക്കിയത്.
80000 ടണ്ണിലേറെയാണ് കപ്പലിന്റെ ഭാരം. യുദ്ധ വിമാനങ്ങള്‍ക്ക് എളുപ്പം പറന്നുയരാന്‍ സാധിക്കുന്ന സാങ്കേതികവിദ്യയാണ് കപ്പലിന്റെ പ്രത്യേകതയെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ നാവികസേന വികസിപ്പിച്ചെടുത്ത കപ്പലിനു സമാനമാണ് ഇതിന്റെ സാങ്കേതികവിദ്യയെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. കപ്പല്‍ നീറ്റിലിറക്കുന്ന ചടങ്ങിന്റെ വീഡിയോ ചൈനയിലെ ഔദ്യോഗിക ചാനലായ സിസിടിവി പുറത്തുവിട്ടു.
ഇന്‍ഡോ - പസഫിക് മേഖലയില്‍ നാവികസേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ വിമാന വാഹിനി കപ്പല്‍ ചൈന അവതരിപ്പിച്ചതെന്നാണ് സൂചന. എന്നാല്‍ അടുത്ത കാലത്തായി ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും ചൈനയുടെ സൈനിക സാന്നിധ്യം വിപുലീകരിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ ചൈനയുടെ നാവികതാവളം സ്ഥാപിച്ചുകഴിഞ്ഞു. ചൈനയുടെ ആദ്യ വിദേശ സൈനികതാവളമാണ് ജിബൂട്ടിയിലേത്.
തന്ത്രപ്രധാനമായ ഏദന്‍ കടലിടുക്കിലെ ഈ നാവിക താവളം അറേബ്യന്‍ കടലിലേക്കും ഇന്ത്യന്‍ മഹാസമുദ്രത്തിലെ നീക്കങ്ങള്‍ക്കും ചൈനയെ സഹായിക്കും. അമേരിക്ക, ഫ്രാന്‍സ് ഉള്‍പ്പടെയുളള രാജ്യങ്ങള്‍ക്കും ഇവിടെ സൈനിക താവളമുണ്ട്. ഓസ്‌ട്രേലിയയ്ക്കു സമീപമുള്ള പസഫിക് രാജ്യമായ സോളമന്‍ ദ്വീപുകളുമായി സൈനിക കരാറില്‍ ഏര്‍പ്പെട്ടതും ഓസ്‌ട്രേലിയയെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
കംബോഡിയയില്‍ ചൈന രഹസ്യമായി നാവികത്താവളം നിര്‍മിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. പസിഫിക് മേഖലയില്‍ ചൈന നിര്‍മിക്കുന്ന ആദ്യ സൈനികതാവളമാണിത്. വിദേശ രാജ്യത്തെ രണ്ടാം സൈനികത്താവളവും. സൈനികവിന്യാസം നടത്താനും യു.എസ്. സൈനികനീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിക്കാനും ഈ താവളത്തെ ഉപയോഗപ്പെടുത്താം എന്നതാണ് ചൈന കാണുന്ന നേട്ടം.
ഇന്ത്യയുടെ ഐഎന്‍എസ് വിക്രമാദിത്യ
355 കപ്പലുകളും അന്തര്‍വാഹിനികളുമുള്ള ചൈനയുടെ നാവികസേന ലോകത്തിലെ ഏറ്റവും വലിയ ശക്തിയാണ്. എന്നാല്‍ ആണവ വിമാനവാഹിനിക്കപ്പലുകളുടെ കാര്യത്തില്‍ യു.എസ് നാവികസേനയാണ് മുന്നിലുള്ളത് - 11 എണ്ണം. 44,500 ടണ്‍ ഭാരമുള്ള ഐഎന്‍എസ് വിക്രമാദിത്യയാണ് ഇപ്പോള്‍ ഇപ്പോള്‍ ഇന്ത്യക്കുള്ള ഏക വിമാനവാഹിനി കപ്പല്‍. ഓഗസ്റ്റില്‍ ഇന്ത്യയുടെ രണ്ടാമത്തെ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് കമ്മീഷന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈനയുടെ വര്‍ധിച്ചു വരുന്ന സാന്നിധ്യത്തെ പ്രതിരോധിക്കാനായി വലിയ തോതിലുള്ള സൈനിക വിന്യാസമാണ് ഇന്ത്യ നടത്തുന്നത്. അതേസമയം, 2050 ആകുമ്പോഴേക്കും പത്ത് വിമാനവാഹിനിക്കപ്പലുകള്‍ സജ്ജമാക്കുകയാണ് ചൈനയുടെ ലക്ഷ്യം.
ലിയോണിങ് ആണ് ചൈനയുടെ ആദ്യ വിമാന വാഹിനി കപ്പല്‍. 2012ലാണ് സോവിയറ്റ് നിര്‍മ്മിത കപ്പല്‍ ചൈന കമ്മീഷന്‍ ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.