പ്രധാനമന്ത്രിയുടെ ഏകദിന സന്ദര്‍ശനം: ബെംഗളൂരുവില്‍ റോഡ് പണിതത് 23 കോടി മുടക്കി; ഒറ്റ മഴയില്‍ കുളമായി

പ്രധാനമന്ത്രിയുടെ ഏകദിന സന്ദര്‍ശനം: ബെംഗളൂരുവില്‍ റോഡ് പണിതത് 23 കോടി മുടക്കി; ഒറ്റ മഴയില്‍ കുളമായി

ബെംഗളൂരു: പ്രധാനമന്ത്രിയുടെ സന്ദര്‍ശത്തനത്തിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരുവില്‍ പുതിയ റോഡ് അതിവേഗത്തില്‍ പണിതത് 23 കോടി രൂപ മുടക്കി. പ്രധാനമന്ത്രിയുടെ ഒരു ദിവസത്തെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് വന്‍ തുക മുടക്കി അതിവേഗം റോഡ് പണിതത്. എന്നാല്‍ കഴിഞ്ഞ ഒരു ദിവസത്തെ മഴ കൊണ്ട് മാത്രം റോഡിന്റെ പല ഭാഗത്തും വലിയ കുഴികളാണ് പ്രത്യക്ഷപ്പെട്ടത്.

പുതിയ റോഡിന്റെ മഴ പെയ്തതിന് ശേഷമുള്ള അവസ്ഥ പലരും ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്തതോടെ സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്.

എന്നാല്‍ ബെംഗളൂരുവിന്റെ മുഖച്ഛായ മാറ്റുന്നതിനായി അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ഫണ്ട് വിനിയോഗിച്ചാണ് റോഡ് നിര്‍മിച്ചതെന്നാണ് ബൃഹദ് ബെംഗളൂരു മഹാനഗര പാലികെ വിശദീകരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം റോഡ് നിര്‍മാണത്തിന്റെ വേഗത കൂട്ടാനുള്ള കാരണമായതേയുള്ളൂവെന്നും അധികൃതര്‍ പറയുന്നു.

ബെംഗ്‌ളൂര്‍ യൂണിവേഴ്സിറ്റി ക്യാംപസിന് സമീപമാണ് 3.6 കിലോമീറ്റര്‍ നീളത്തില്‍ പുതിയ റോഡ് നിര്‍മിച്ചത്. എന്നാല്‍ ഒരു മഴയ്ക്ക് തന്നെ കോടികള്‍ മുടക്കി നിര്‍മിച്ച റോഡില്‍ കുഴികള്‍ വീണത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് കാരണമാകുകയായിരുന്നു. കുഴികളില്‍ വീണ് യാത്രക്കാര്‍ അപകടത്തില്‍പ്പെടാതിരിക്കാന്‍ കുഴികള്‍ക്കരികില്‍ ബാരിക്കേഡുകള്‍ വച്ചിട്ടുണ്ടെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തിങ്കളാഴ്ച ഈ റോഡ് വഴിയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ഡോ ഭീംറാവു അംബേദ്കര്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്സിലേക്ക് പോയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.