വാഷിങ്ടണ്‍: തോക്ക് ഉപയോഗിച്ചുള്ള കൂട്ടക്കൊലകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ തോക്കുകളുടെ വില്‍പ്പന നിയന്ത്രിക്കാന്‍ ബില്‍ പാസാക്കി യു.എസ് സെനറ്റ്. ചൊവ്വാഴ്ച അവതരിപ്പിച്ച തോക്ക് നിയന്ത്രണ ബില്‍ യുഎസ് സെനറ്റില്‍ ഇരുപാര്‍ട്ടികളും സമവായത്തില്‍ പാസാക്കുകയായിരുന്നു. 28 വര്‍ഷത്തിനിടെ ആദ്യമായാണ് യു.എസില്‍ ഇത്തരമൊരു നിയമം പാസാക്കുന്നത്.
റിപബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും പിന്തുണയോടെയാണ് ബില്‍ സെനറ്റില്‍ പാസാക്കിയത്. 33നെതിരെ 65 വോട്ടുകള്‍ നേടിയാണ് ബില്‍ യു.എസ് കോണ്‍ഗ്രസ് പാസാക്കിയത്.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ 50 അംഗങ്ങള്‍ക്കൊപ്പം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 14 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും ജോണ്‍ കോന്നന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി അംഗങ്ങളാണ് ബില്ലിനെ അനുകൂലിച്ചത്.
സെനറ്റിലെ അപ്പര്‍ ചേംബര്‍ ഓഫ് കോണ്‍ഗ്രസില്‍ പാസായ ബില്‍ ഇനി ഹൗസ് ഓഫ് റെപ്രസെന്റേറ്റീവില്‍ കൂടി പാസാകണം. ഇതിന് ശേഷമായിരിക്കും പ്രസിഡന്റ് ജോ ബൈഡന്‍ ബില്ലില്‍ ഒപ്പുവെച്ച് അത് നിയമമാകുക.
ഇത് നിയമമാകുന്നതോടെ 21 വയസിന് താഴെയുള്ളവര്‍ക്ക് തോക്ക് ലഭിക്കുന്നതിന് യു.എസില്‍ നിയന്ത്രണമുണ്ടാകും. ഇതിന് മുമ്പ് 1994ലായിരുന്നു യു.എസില്‍ തോക്ക് നിയമം നിലവില്‍വന്നത്.
21 വയസിന് താഴെയുള്ള തോക്ക് വാങ്ങുന്നവരുടെ ജീവിത ശൈലി പരിശോധിക്കണമെന്നും മാനസിക വൈകല്യമുള്ളവരില്‍ നിന്നും സമൂഹത്തിന് ഭീഷണി ഉയര്‍ത്തുന്നവരില്‍ നിന്നും തോക്കുകള്‍ പിടിച്ചു വാങ്ങുന്നതിനുള്ള വ്യവസ്ഥകളുമാണ് ബില്ലിലുള്ളത്. ഗാര്‍ഹിക പീഡന കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് തോക്ക് വില്‍ക്കാനാകില്ല. വെള്ളിയാഴ്ച വീണ്ടും ഈ ബില്ല് വോട്ടെടുപ്പിന് വരും. യുഎസ് ഹൗസില്‍ ബില്‍ പാസാക്കേണ്ടതായുണ്ട്.
പൊതു സ്ഥലങ്ങളില്‍ കൈത്തോക്ക് കൊണ്ടുനടക്കാനുള്ള പ്രാഥമികമായ അവകാശം അമേരിക്കയിലെ ജനങ്ങള്‍ക്കുണ്ടെന്ന യു.എസ് സുപ്രീംകോടതി വിധി പുറത്തുവന്ന് അല്‍പസമയത്തിനകമാണ് സെനറ്റ് ബില്‍ പാസാക്കിയിരിക്കുന്നത്, എന്നതും ശ്രദ്ധേയമാണ്.
തോക്ക് നിയന്ത്രണത്തിനായി മുറവിളി ഉയരുന്നതിനിടെ, പൊതുസ്ഥലത്ത് തോക്കുകള്‍ കൊണ്ടുപോകാനുള്ള അവകാശം യുഎസ് സുപ്രീം കോടതി വ്യാഴ്ാഴ്ച്ച വിപുലമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തോക്കുകളുടെ വില്‍പ്പന നിയന്ത്രിക്കാന്‍ യു.എസ് സെനറ്റ് ബില്‍ പാസാക്കിയത്. യുഎസ് സുപ്രീം കോടതി വിധി പ്രകാരം ന്യൂയോര്‍ക്ക്, ലൊസാഞ്ചലസ്, ബോസ്റ്റന്‍ എന്നീ പ്രധാന നഗരങ്ങളുള്‍പ്പെടെ യുഎസിലെങ്ങും ആളുകള്‍ക്ക് നിയമവിധേയമായി തോക്കുകള്‍ കൊണ്ടുപോകാന്‍ ഇനി എളുപ്പമാകും.
6-3 ഭൂരിപക്ഷ വിധി എഴുതിയത് ജസ്റ്റിസ് ക്ലാരന്‍സ് തോമസാണ്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ന്യൂയോര്‍ക്ക് നിയമത്തെ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി വിധി. വീടിന് പുറത്ത് തോക്ക് കൊണ്ടുനടക്കണമെങ്കില്‍ പ്രത്യേകം പെര്‍മിറ്റ് വാങ്ങണമെന്നും അതിന് തങ്ങള്‍ സ്വയംരക്ഷയ്ക്കായോ മറ്റ് പ്രത്യേക കാരണങ്ങളാലോ ആണ് തോക്ക് കൈവശം വയ്ക്കുന്നതെന്ന് തെളിയിക്കണമെന്നുമാണ് ന്യൂയോര്‍ക്ക് തോക്കുനിയമത്തില്‍ പറഞ്ഞിരുന്നത്. ഇത്തരം നിയന്ത്രണങ്ങളെയാണ് സുപ്രീംകോടതി വിധി ഇല്ലാതാക്കിയിരിക്കുന്നത്.
സ്വയരക്ഷയ്ക്കായി വീടിനു വെളിയില്‍ തോക്ക് കൊണ്ടുപോകാന്‍ പൗരന് യുഎസ് ഭരണഘടന അവകാശം നല്‍കുന്നുണ്ടെന്ന് വിധിയില്‍ പറയുന്നു. തോക്ക് ലൈസന്‍സ് ലഭിക്കുന്നതിനായി ആവശ്യം വ്യക്തമാക്കണമെന്ന ന്യൂയോര്‍ക്ക് നിയമം കോടതി റദ്ദാക്കുകയും ചെയ്തു.
കാലിഫോര്‍ണിയ, ഹവായ്, മേരിലാന്‍ഡ്, മാസച്യുസിറ്റ്‌സ്, ന്യൂജഴ്‌സി, റോഡ് ഐലന്‍ഡ് എന്നിവിടങ്ങളിലും സമാന നിയമം ഉണ്ട്. ന്യൂയോര്‍ക്ക് നിയമത്തിന് അനുകൂലമാണ് ബൈഡന്‍ ഭരണകൂടം.
ടെക്സസിലടക്കം ഈയിടെയുണ്ടായ വെടിവയ്പ്പുകളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് തോക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് വിവിധ തലങ്ങളില്‍ നിന്നും ആവശ്യമുയരുന്ന സാഹചര്യത്തില്‍ കൂടിയാണ് സുപ്രീംകോടതിയുടെ പ്രതികൂല വിധി പുറത്തുവന്നിരിക്കുന്നത്. സുപ്രീം കോടതി ഉത്തരവിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
വിധിയെ തള്ളി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയിട്ടുണ്ട്. ഭരണഘടനയ്ക്കും സാമാന്യ ബോധത്തിനും വിരുദ്ധമാണ് ഈ വിധി. ഈ വിധി നമ്മെയെല്ലാം നിരാശപ്പെടുത്തുന്നതാണ്. തോക്ക് ആക്രമണം കുറയ്ക്കാന്‍ എന്റെ കഴിവിന്റെ പരമാവധി ചെയ്യാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണെന്നും ജോ ബൈഡന്‍ ട്വീറ്ററില്‍ കുറിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.