ബഫര്‍ സോണ്‍: കേരളം പെറ്റിഷന്‍ നല്‍കും; നിയമ നിര്‍മ്മാണ സാധ്യതകളും പരിശോധിക്കും

 ബഫര്‍ സോണ്‍: കേരളം പെറ്റിഷന്‍ നല്‍കും; നിയമ നിര്‍മ്മാണ സാധ്യതകളും പരിശോധിക്കും

തിരുവനന്തപുരം: സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമാക്കണമെന്ന സുപ്രീം കോടതി വിധി മറികടക്കാന്‍ നിയമം കൊണ്ടുവരാനുള്ള സാധ്യത പരിശോധിക്കാനും ഭേഗദതി ഹര്‍ജി നല്‍കാനും മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം തീരുമാനം. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ 12 ന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കും.

നിയമനിര്‍മാണ സാധ്യത പരിശോധിക്കാന്‍ അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി എ.കെ.ശശീന്ദ്രന്റെയും നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയിലെത്തി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയെ കണ്ടു കേരളത്തിന്റെ ആശങ്കകള്‍ ഉന്നയിക്കുന്നതും പരിഗണനയിലുണ്ട്.

ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ നിന്നു തീരുമാനം ഉണ്ടാകുന്നതു വരെ കേന്ദ്ര സര്‍ക്കാരിനെ ബന്ധപ്പെട്ടു വിധി നടപ്പാക്കല്‍ നിര്‍ത്തിവയ്ക്കാന്‍ വനം മന്ത്രി, ചീഫ് സെക്രട്ടറി, വനം സെക്രട്ടറി, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഉന്നതതല സമിതിയും രൂപീകരിച്ചു. ജനവാസ മേഖല ഒഴിവാക്കി ബഫര്‍ സോണ്‍ പുനര്‍നിര്‍ണയിക്കണം എന്നാവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ മുന്‍പ് കേന്ദ്രത്തിനു നല്‍കിയ വിജ്ഞാപന നിര്‍ദേശം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള പുതിയ ഉന്നതാധികാര സമിതി (സിഇസി) മുന്‍പാകെ ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കും.

പരിസ്ഥിതി ലോല മേഖലയില്‍ നിലവിലുള്ള കെട്ടിടങ്ങള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ വിശദാംശം സുപ്രീം കോടതി നിശ്ചയിച്ച സമയ പരിധിക്കുള്ളില്‍ നല്‍കാന്‍ വനം മേധാവിയെയും ചുമതലപ്പെടുത്തി. ഇന്നലെ ചോദ്യോത്തരത്തിലൂടെയും അടിയന്തര പ്രമേയ നോട്ടിസിലൂടെയും പ്രതിപക്ഷം കൊണ്ടു വന്ന ബഫര്‍ സോണ്‍ വിഷയം നിയമസഭയില്‍ ഇരുപക്ഷവും തമ്മില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു.

കേന്ദ്ര മന്ത്രിയായിരുന്നപ്പോള്‍ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് ബഫര്‍ സോണ്‍ 10 കിലോമീറ്ററാക്കിയതെന്നും ഇതാണു പിന്നീടുള്ള തിരിച്ചടികള്‍ക്കു വഴിവച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. എന്നാല്‍ കിലോമീറ്ററിന്റെ കണക്കു പറഞ്ഞിട്ടു കാര്യമില്ലെന്നും ജനവാസ മേഖല പൂര്‍ണമായി ഒഴിവാക്കാനുള്ള നടപടികളാണു കൈക്കൊള്ളേണ്ടതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തിരിച്ചടിച്ചു. ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും തീരുമാനം എടുക്കുന്നില്ലെന്നും ആരോപിച്ചു പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

ജനവാസ മേഖല ഒഴിവാക്കണമെന്ന പ്രതിപക്ഷത്തിന്റെയടക്കം ആവശ്യം അംഗീകരിക്കുന്ന തീരുമാനത്തിലേക്കാണു നിയമസഭാ യോഗത്തിനു ശേഷം ഓണ്‍ലൈന്‍ ആയി ചേര്‍ന്ന ഉന്നതതല യോഗം പിന്നീട് എത്തിച്ചേര്‍ന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.