ഇന്ന് ദുക്‌റാന: വിശുദ്ധ തോമാ ശ്ലീഹയുടെ ഓര്‍മ്മ തിരുനാള്‍

ഇന്ന് ദുക്‌റാന: വിശുദ്ധ തോമാ ശ്ലീഹയുടെ ഓര്‍മ്മ തിരുനാള്‍

അനുദിന വിശുദ്ധര്‍ - ജൂലൈ 03

ഭാരത ക്രൈസ്തവ സഭയുടെ സ്ഥാപകനും യേശുവിന്റെ 12 ശിഷ്യന്മാരില്‍ ഒരാളുമായ വിശുദ്ധ തോമാ ശ്ലീഹയുടെ ഓര്‍മ്മ തിരുനാളാണ് ഇന്ന്. ദുക്‌റാന (സെന്റ് തോമസ് ദിനം) എന്ന് ഈ ഓര്‍മ്മ തിരുനാള്‍ അറിയപ്പെടുന്നു. ഇന്ത്യയില്‍ സുവിശേഷ ദൗത്യവുമായി ആദ്യം എത്തിയ അപ്പസ്‌തോലനാണ് തോമാ ശ്ലീഹ.

ഇന്ത്യയില്‍ മരിച്ച തോമാശ്ലീഹയുടെ ഭൗതികാവശിഷ്ടങ്ങള്‍ ജൂലൈ മൂന്നിനാണ് മൊസപ്പൊട്ടാമിയയിലെ എഡേസയിലേക്ക് കൊണ്ടുപോയത്. ഈ ദിവസമാണ് സെന്റ് തോമസ് ദിനമായി ആചരിക്കുന്നത്. അകമഴിഞ്ഞ ഭക്തിയുടെയും വിശ്വസ്തതയുടെയും ഗുരു സ്‌നേഹത്തിന്റെയും പ്രതീകമാണ് വിശുദ്ധ തോമാ ശ്ലീഹാ.

ദിദിമോസ്, മാര്‍ തോമാ എന്നീ പേരുകളിലും തോമാ ശ്ലീഹ അറിയപ്പെട്ടിരുന്നു. ഒന്നാം നൂറ്റാണ്ടില്‍ അദ്ദേഹം കേരളത്തിലെത്തി സുവിശേഷ പ്രചാരണം നടത്തിയിരുന്നു. എ.ഡി 50 ല്‍ കൊടങ്ങല്ലൂരില്‍ തോമാ ശ്ലീഹ എത്തിയെന്നാണ് കരുതപ്പെടുന്നത്. പറവൂര്‍, നിലയ്ക്കല്‍, കൊല്ലം, കോക്കമംഗലം, പാലയൂര്‍, മലയാറ്റൂര്‍, തിരുവാതാംകോട് എന്നിവിടങ്ങളിലെ തോമാശ്ലീഹ പള്ളികള്‍ സ്ഥാപിച്ചതായാണ് വിശ്വാസം. ഏഴരപ്പള്ളികള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. തിരുവാതാംകോട് പള്ളിയാണ് അരപ്പള്ളി.

തോമാശ്ലീഹായുടെ പാദസ്പര്‍ശനത്താല്‍ അനുഗൃഹീതമായ വലിയൊരു തീര്‍ഥാടന കേന്ദ്രമാണ് മലയാറ്റൂര്‍. വലിയ നോമ്പുകാലത്തും തുടര്‍ന്ന് പുതു ഞായറാഴ്ചയും ഈ പുണ്യമലയിലേയ്ക്കു ഭക്തജന പ്രവാഹമാണ്. ചോളനാട്ടില്‍ നിന്നു മലമ്പ്രദേശത്തുകൂടെ കേരളത്തിലേയ്ക്കു തിരിച്ചവേളയില്‍ പ്രാര്‍ഥനയ്ക്കും വിശ്രമത്തിനുമായി മലയാറ്റൂരില്‍ ശ്ലീഹാ തങ്ങുകയായിരുന്നുവെന്ന് കരുതപ്പെടുന്നു.

സുവിശേഷത്തില്‍ തോമാ ശ്ലീഹയുടെ വിശ്വസ്തതയെ കുറിച്ച് വിവരിക്കുന്നത് ഇപ്രകാരമാണ്. യേശു ജോര്‍ദാന്റെ മറുകരയിലായിരിക്കുമ്പോഴാണ് ജറുസലെമിനടുത്തുള്ള ബഥാനിയയിലേയ്ക്കു പോകാന്‍ തീരുമാനമെടുക്കുന്നത്. യേശുവിന്റെ പ്രബോധനങ്ങളെയും പ്രവര്‍ത്തനങ്ങളെയും എതിര്‍ത്തിരുന്ന യഹൂദര്‍ അവനെ കല്ലെറിയാന്‍ ഒരുങ്ങിയിരിക്കുകയാണ് എന്നറിയാമായിരുന്ന അപ്പസ്‌തോലന്മാര്‍ പറഞ്ഞു:

'ഗുരോ, യഹൂദര്‍ ഇപ്പോള്‍ത്തന്നെ നിന്നെ കല്ലെറിയാന്‍ അന്വേഷിക്കുകയായിരുന്നല്ലോ. എന്നിട്ട് അങ്ങോട്ടു പോവുകയാണോ?' ലാസര്‍ മരിച്ചുവെന്നും അവനെ കാണാന്‍ പോകുന്നതിനു താന്‍ തീരുമാനിച്ചുവെന്നും വ്യക്തമാക്കിയ ഈശോയുടെ വചനങ്ങളെത്തുടര്‍ന്ന് തോമസാണ് ശിഷ്യന്മാരെ ധൈര്യപ്പെടുത്തി യേശുവിനോടൊത്തു നീങ്ങാന്‍ അവരെ പ്രേരിപ്പിക്കുന്നത്.

സുവിശേഷകന്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു: ദീദിമോസ് എന്ന തോമസ് അപ്പോള്‍ മറ്റു ശിഷ്യന്മാരോടു പറഞ്ഞു: ''അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം'' (യോഹ 11:16). യേശുവിന്റെ ധീരനായ അനുഗാമിയായ തോമസ് തന്നോടൊപ്പം സത്യത്തിന്റെയും ജീവന്റെയും വഴി തെരഞ്ഞെടുക്കാന്‍ ഏവരെയും പ്രേരിപ്പിക്കുന്ന വിശ്വസ്ത ക്രിസ്തു ശിഷ്യനാണ്.

എ.ഡി 72 ല്‍ തമിഴ്‌നാട്ടിലെ മൈലാപ്പൂരില്‍ വച്ച് കുത്തേറ്റാണ് തോമാശ്ലീഹ മരിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. മൈലാപ്പൂരില്‍ സ്ഥിതി ചെയ്യുന്ന ശ്ലീഹായുടെ കബറിടം ആദ്യനൂറ്റാണ്ടു മുതല്‍ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമാണ്. തോമാ ശ്ലീഹായുടെ കബറിടം മൈലാപൂരില്‍ ഇപ്പോഴുമുണ്ടെങ്കിലും ഭൗതികാവശിഷ്ടം ഇറ്റലിയിലെ ഓര്‍ത്തൊണയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. വെയില്‍സിലെ ബിബ്ലിഗ്

2. അയില്‍ ഓഫ് മേനിലെ ബ്ലാദുസ്

3. റവേന്നാ ബിഷപ്പായിരുന്ന ദാത്തൂസ്

4. ഐറിഷ് സന്യാസിയായിരുന്ന സില്ലേന്‍

5. ലവോടിസെയായിലെ ബിഷപ്പായിരുന്ന അനാറ്റോലിയൂസ്

6. കോണ്‍സ്റ്റാന്റിനോപ്പിളിലെ പേട്രിയാര്‍ക്കായിരുന്ന അനാറ്റോലിയസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.