കാന്‍സര്‍ കവര്‍ന്നെടുത്തത് മുഖത്തിന്റെ പാതി, പതറാതെ പോരാട്ടം; പ്രചോദനം ഈ ജീവിതം

കാന്‍സര്‍ കവര്‍ന്നെടുത്തത് മുഖത്തിന്റെ പാതി, പതറാതെ പോരാട്ടം; പ്രചോദനം ഈ ജീവിതം

ഗൂഗിളില്‍ പലപ്പോഴും ചിത്രങ്ങള്‍ തിരയാറുണ്ട് നമ്മളില്‍ പലരും. വെറുതെ ഒന്ന് തിരയുകെ ബില്ലി ഓവന്‍ എന്ന്. ഇങ്ങനെ തിരയുമ്പോള്‍ ഒരു മനുഷ്യന്‍ വായില്‍ക്കൂടി കൈവിരല്‍ കയറ്റി അത് കണ്ണിന്റെ സോക്കറ്റിലൂടെ പുറത്തെടുക്കുന്ന ചിത്രമായിരിക്കും പലരുടേയും കണ്ണില്‍ ആദ്യം ഉടക്കുക. ഫോട്ടോഷോപ്പോ മറ്റ് എഡിറ്റിങ്ങോ ഒന്നുമല്ല ഈ ചിത്രം. മറിച്ച് ബില്ലി ഓവന്‍ എന്ന പോരാളിയുടെ അതിജീവനത്തിന്റെ പ്രതിഫലനങ്ങളാണ്. കാന്‍സറിനോടുള്ള പോരാട്ടമായിരുന്നു ബില്ലി ഓവന്റെ ജീവതത്തിന്റെ നല്ലൊരു ഭാഗവും. എന്നാല്‍ വഴിയിലെങ്ങും തളരാതെ അയാള്‍ അത്മവിശ്വാസത്തെ മുറുകെ പിടിച്ചു.


അമേരിക്കക്കാരനാണ് ബില്ലി ഓവന്‍. ചില സിനിമകളിലും ടെലിവിഷന്‍ ഷോകളിലുമെല്ലാം സാന്നിദ്ധ്യം അറിയിച്ചിട്ടുമുണ്ട്. കാഴ്ചക്കാരെ ഭയപ്പെടുത്തുന്ന തരത്തിലുള്ള കഥാപാത്രങ്ങളായാണ് പലപ്പോഴും ബില്ലി പ്രത്യക്ഷപ്പെടാറ്. അതായത് പ്രേതമായും സോംബിയായുമൊക്കെ (മൃതദേഹം, വേതാളം). ഇത്തരം കഥാപാത്രങ്ങളെ ബില്ലി അനശ്വരമാക്കുമ്പോള്‍ തിരിച്ചറിയേണ്ട ഒന്നുകൂടിയുണ്ട്. കാന്‍സര്‍ രോഗത്തോടുള്ള പോരാട്ടത്തിന്റെ ഫലമായാണ് അദ്ദേഹത്തിന്റെ മുഖം ഇങ്ങനെ ആയി തീര്‍ന്നതെന്ന സത്യം.

അമേരിക്കയിലെ ഒക്ലഹോമയിലായില്‍ ഒരു മോട്ടോര്‍ സൈക്കിള്‍ മെക്കാനിക്ക് ആയിരുന്നു ബില്ലി ഓവന്‍. സന്തോഷകരമായി ജീവിതം മുന്നോട്ട് കൊണ്ടുപോയിക്കൊണ്ടിരിക്കവെയാണ് അപ്രതീക്ഷിതമായ ആ മഹാദുരന്തം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായത്. 2009ല്‍ ചെറിയ ഒരു തലവേദനയോടെയായിരുന്നു തുടക്കം. സൈനസൈറ്റിസ് ആണെന്നാണ് ആദ്യം കരുതിയത്. കുറച്ചു നാളുകള്‍ക്ക് ശേഷം ശ്വസിക്കാന്‍ പോലും ബില്ലിക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. ഇതോടെ വീണ്ടും ഡോക്ടര്‍മാരെ സമീപിക്കുകയായിരുന്നു.


ദിവസങ്ങളോളം നീണ്ടു നിന്ന പരിശോധന. ഒടുവില്‍ അപൂര്‍വ്വമായ സിനോനസല്‍ അണ്‍ഡിഫറെന്‍ഷിയെറ്റഡ് കാര്‍സിനോമ എന്ന അവസ്ഥയാണ് ബില്ലിക്കെന്ന് കണ്ടെത്തി. മൂക്കിലെ അറയില്‍ ഉണ്ടാകുന്ന ഒരുതരം കാന്‍സര്‍ ആണിത്. വളരെ ചുരുക്കം ചിലരില്‍ മാത്രം കണ്ടുവരുന്ന അസുഖം. രോഗം കണ്ടെത്താന്‍ വൈകിയതുകൊണ്ടുതന്നെ ബില്ലി ഗുരുതരാവസ്ഥയിലായിരുന്നു

ദീര്‍ഘനാളത്തെ ചികിത്സയും വേണ്ടി വന്നു ബില്ലിക്ക്. ചികിത്സയുടെ ഭാഗമായി അദ്ദേഹത്തിന്റെ മുഖത്തിന്റെ പകുതി ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. ഒപ്പം വലതു കണ്ണും നാസികദ്വാരവും ബില്ലിക്ക് നഷ്ടപ്പെട്ടു. ആശുപത്രി വിട്ടിറങ്ങിയപ്പോള്‍ മുഖത്തിന്റെ ഒരു വശത്ത് വലിയൊരു ദ്വാരം മാത്രമായിരുന്നു ബില്ലിക്ക്. ഒരു കമ്ണ് നഷ്ടപ്പെട്ടതിനാല്‍ അദ്ദേഹത്തിന് കാഴ്ചയ്ക്ക് തടസ്സം നേരിട്ടു. മാത്രമല്ല ഗന്ധങ്ങള്‍ തിരിച്ചറിയുന്നതിലും പരിമിധികളുണ്ട്. ആരും തളര്‍ന്നു പോകുന്ന അവസ്ഥ. ഒരു പക്ഷെ ചിലരെങ്കിലും ഇങ്ങനെ ഒരു സാഹചര്യത്തിലൂടെ കടന്നു പോകേണ്ടി വരുമ്പോള്‍ 'ഇതിലും ഭേദം മരിക്കുന്നതായിരുന്നു' എന്നു പഴിചാരി സ്വയം കുറ്റപ്പെടുത്തും. എന്നാല്‍ ബില്ലി അതിനൊന്നും തയാറായില്ല. അദ്ദേഹം വെല്ലുവിളികളെയെല്ലാം സധൈര്യം നേരിട്ടു.

പിന്നീട് അഭിനയ രംഗത്തേക്ക് ചുവടു വയ്ക്കുകയായിരുന്നു ബില്ലി. സോംബിയായും പ്രേതമായുമെല്ലാം ചില സിനിമകളിലും മ്യൂസിക് വീഡിയോകളിലുമെല്ലാം പ്രത്യക്ഷപ്പെട്ടു. കാഴ്ചക്കാരില്‍ ഭയം ഉണ്ടാകാതിരിക്കാന്‍ ബില്ലി പലപ്പോഴും കൃത്രിമമായ ഒരു കണ്ണിന്റെ രൂപം മുഖത്ത് ചേര്‍ത്തുവയ്ക്കാറുണ്ട്. ഇതിനെല്ലാം പുറമെ അനേകം അനേകം വേദികളിലും പരിപാടികളിലും ബില്ലി പങ്കെടുത്തു. പലരോടും തന്റെ ജീവിതാനുഭവങ്ങള്‍ വിവരിച്ചു. ജീവിതത്തില്‍ ചെറിയ പ്രതിസന്ധികള്‍ വരുമ്പോള്‍ തന്നെ തളര്‍ന്നു പോകുന്നവര്‍ക്ക് ബില്ലിയുടെ ജീവിതം നല്‍കുന്ന പ്രചോദനം ചെറുതല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.