കെഎസ്ആര്‍ടിസിയെ ഏറ്റെടുക്കില്ല; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കെഎസ്ആര്‍ടിസിയെ ഏറ്റെടുക്കില്ല; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: കെഎസ്ആര്‍ടിസിയെ ഏറ്റെടുക്കില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍. ജൂണ്‍ മാസത്തെ ശമ്പളം നല്‍കാന്‍ 50 കോടി രൂപ കെഎസ്ആര്‍ടിസിക്ക് നല്‍കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കെഎസ്ആര്‍ടിസിയെ ഏറ്റെടുക്കണമെന്ന ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

ജീവനക്കാര്‍ക്ക് ശമ്പളം ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ സാവകാശം തേടി. അഞ്ചാം തീയതി ശമ്പളം നല്‍കുന്നത് സംബന്ധിച്ച് നടപടികളെടുക്കാന്‍ ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ ഒരുമാസം കൂടി സാവകാശം വേണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.

കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിന് സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പലവട്ടം വ്യക്തമാക്കിയിരുന്നു. മാനേജ്മെന്റാണ് ശമ്പളം നല്‍കേണ്ടതെന്നും സര്‍ക്കാര്‍ 50 കോടി രൂപ നല്‍കിയെന്നുമുള്ള നിലപാടാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ചത്.

അതേസമയം സാമ്പത്തിക പ്രതിസന്ധിയില്‍ പിടിച്ചു നില്‍ക്കാന്‍ ഓണക്കാലത്തെ പരമാവധി പ്രയോജനപ്പെടുത്താനാണ് കെഎസ്ആര്‍ടിസി തയാറെടുക്കുന്നത്. ഓണക്കാലമായതിനാല്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തിലുണ്ടാകാനിരിക്കുന്ന വര്‍ധനവ് കണക്കിലെടുത്ത് അന്തര്‍ സംസ്ഥാന സര്‍വീസുകളില്‍ നിരക്ക് ഈടാക്കാന്‍ നിര്‍ദേശം നല്‍കി ഉത്തരവിറക്കി. എ സി സര്‍വ്വീസുകള്‍ക്ക് നിലവിലെ നിരക്കില്‍ നിന്നും 20 ശതമാനം അധിക നിരക്ക് ഈടാക്കാനാണ് കെഎസ്ആര്‍ടിസി ഒരുങ്ങുന്നത്.

എ സി ബസുകളുടെ ഓണ്‍ലൈന്‍ ബുക്കിങിന് 10 ശതമാനം അധിക നിരക്കും ഓണക്കാലത്ത് ഈടാക്കും. എക്സ്പ്രസ്, ഡീലക്സ് ബസുകള്‍ക്കും ഫ്ളക്സി ചാര്‍ജ് ഈടാക്കും. ബാംഗ്ലൂര്‍, മൈസൂര്‍, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്ക് 25 അധിക ഷെഡ്യൂളുകളും കെഎസ്ആര്‍ടിസി പ്രഖ്യാപിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.