ഇടുക്കി: മഴയ്ക്ക് അല്‍പ്പം ശമനമുണ്ടായെങ്കിലും വൃഷ്ടി പ്രദേശത്തേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറയാത്തതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. ഉച്ചയ്ക്ക് ഒന്നിന് മൂന്ന് ഷട്ടറുകള്‍ 30 സെന്റി മീറ്റര്‍ വീതമാണ് തുറന്നത്. 543 ഘനയടി വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുകുന്നത്. രണ്ടു മണിക്കൂറിനുശേഷം 1000 ഘനയടിയായി വെള്ളത്തിന്റെ അളവ് ഉയര്‍ത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ മുതല്‍ ഇടുക്കി വരെയുള്ള പെരിയാറിന്റെ തീര പ്രദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അധികം ജലം തുറന്നു വിടാത്തതിനാല്‍ പ്രദേശവാസികളെ മാറ്റി പാര്‍പ്പിക്കേണ്ട സാഹചര്യം ഇപ്പോഴില്ല. എന്നിരുന്നാലും എന്‍ഡിആര്‍എഫ്, ഫയര്‍ ഫോഴ്‌സ്, പൊലീസ് സംഘങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഡാമില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളം ചപ്പാത്ത്, വള്ളക്കടവ്, ഉപ്പുതറ, മഞ്ജുമല, വണ്ടിപ്പെരിയാര്‍ പ്രദേശങ്ങളിലൂടെ ഒഴുകി ഇടുക്കി ഡാമില്‍ എത്തിച്ചേരും.
മഞ്ജുമല വില്ലേജ് ഓഫീസ് ആസ്ഥാനമായി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റും ജില്ല ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്. ഫോണ്‍ നമ്പര്‍: 04869-253362, മൊബൈല്‍ 8547612910. അടിയന്തിര സാഹചര്യങ്ങളില്‍ താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ (04869232077, മൊബൈല്‍ 9447023597) എന്നിവയും പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം.
ആദ്യം 11.30 നും പിന്നീട് 12.30 നും ഡാം തുറക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും മഴ കുറഞ്ഞ സാഹചര്യത്തില്‍ ഷട്ടറുകള്‍ ഉയര്‍ത്തുന്നത് ഉച്ചയ്ക്ക് ഒരു മണിയിലേക്ക് മാറ്റുകയായിരുന്നു.
ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ മുല്ലപ്പെരിയാറില്‍ എത്തിയിട്ടുണ്ട്. ഡാം തുറക്കാന്‍ എല്ലാ മുന്‍കരുതലും സ്വീകരിച്ചതായി മന്ത്രി അറിയിച്ചു. അതിനിടെ ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് നിയന്ത്രണ വിധേയമാണെന്ന് റവന്യു മന്ത്രി കെ.രാജന്‍ അറിയിച്ചു. രാത്രി കാര്യമായ മഴ പെയ്തില്ല. പെരിങ്ങല്‍കുത്തില്‍നിന്ന് അധിക ജലം വന്നിട്ടും ജലനിരപ്പ് വലിയ തോതില്‍ ഉയര്‍ന്നില്ല. പരിഭ്രാന്തി വേണ്ടെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ കേരളത്തില്‍ ഇന്ന് മുതല്‍ ഒന്‍പത് വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരളത്തിലും പശ്ചിമഘട്ടത്തിലും ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഓഗസ്റ്റ് ഏഴിന് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.