കണ്ണീരിൽ കരുത്ത് പകർന്ന് മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം

കണ്ണീരിൽ കരുത്ത് പകർന്ന് മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം

മുട്ടാർ: വിശുദ്ധ അന്തോനീസിന്റെ തീർത്ഥാടന കേന്ദ്രത്തിൽ ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം സന്ദർശനം നടത്തി. കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്കിൽ ദുരിതം പേറുന്ന അപ്പർ കുട്ടനാട് ജനതയ്ക്ക് ആശ്വാസം പകരുന്നതായിരുന്നു പിതാവിൻറെ സന്ദർശനം.

വെള്ളപ്പൊക്കത്തിൽ അപ്പർ കുട്ടനാട് ജനത അനുഭവിക്കുന്ന ദുരിതം നേരിട്ട് കണ്ട് മനസിലാക്കിയ പിതാവ് ദുരിതം അനുഭവിക്കുന്ന ജനതയ്ക്കായി പ്രത്യേകം പ്രാർത്ഥനയും നടത്തി. ജനതയുടെ ദുരിതം സർക്കാരിനെ അറിയിക്കുമെന്നു പിതാവ് ഉറപ്പുനൽകി.

പിതാവിനെ സന്ദർശിക്കുവാനും ആശ്വാസ വാക്കുകൾ കേൾക്കുവാനുമായി ഏറെ വിശ്വാസികൾ വെള്ളക്കെട്ടിൽ നീന്തി എത്തി. പ്രത്യാശ നഷ്ടപ്പെടുത്തരുതെന്നും വിശ്വാസം മുറുകെ പിടിക്കണമെന്നും വിശ്വാസികൾക്കായി നൽകിയ സന്ദേശത്തിൽ പിതാവ് പറഞ്ഞു. കുട്ടനാട്ടിലെ ജനതയുടെ ദേവാലയത്തിൽ വന്നുള്ള പ്രാർത്ഥനയാണ് പ്രളയത്തിലും കരുത്തോടെ നിലനിർത്തുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടനാട്ടിൽ ഏറെ കാലം ശുശ്രൂഷ ചെയ്ത കാലഘട്ടവും അദ്ദേഹം ഓർമിച്ചു. 

പ്രാർത്ഥനയ്ക്കും സന്ദർശനത്തിനും ശേഷം യുവജനങ്ങൾ മുട്ടാറിലെ ജനത നേരിടുന്ന യാത്രാ ക്ലേശങ്ങൾക്കെതിരെ നടത്തിയ പ്രതിഷേധ സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. 

വെള്ളം ആദ്യം ഒഴുകിയെത്തുന്ന അപ്പർ കുട്ടനാട്ടിലെ ജനതയുടെ ദുരിത അവസ്ഥ പല പ്രളയങ്ങൾ കടന്നുപോയിട്ടും ഒരു മാറ്റവും ഇല്ലാതെ തുടരുന്നു. ഈ സാഹചര്യത്തിൽ സെന്റ് തോമസ് പള്ളി വികാരി ഫാദർ സോണിയുടെയും ദേവാലയത്തിലെ 75 ഓളം വരുന്ന യുവജനങ്ങളുടെയും നേതൃത്വത്തിൽ നാനാ മതസ്ഥർക്കായി ഒരു ഹെൽപ് ഡെസ്ക് രൂപികരിച്ചിരുന്നു. പ്രളയത്തിൽ ഇതു പോലുള്ള സഭയുടെ ഇടപെടൽ ജനതക്ക് ഏറെ ശക്തി പകരുന്നതാണ്. പിതാവിന്റെ സന്ദർശനം ഈ പ്രവർത്തനത്തിന് കൂടുതൽ കരുത്ത് പകരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.