ബഫര്‍ സോണില്‍ വീണ്ടും ആശയക്കുഴപ്പം; നിലവിലുള്ള ഉത്തരവ് റദ്ദാക്കിയാല്‍ നിയമ പ്രശ്നങ്ങളുണ്ടാകുമെന്ന് എജി

ബഫര്‍ സോണില്‍ വീണ്ടും ആശയക്കുഴപ്പം; നിലവിലുള്ള ഉത്തരവ് റദ്ദാക്കിയാല്‍ നിയമ പ്രശ്നങ്ങളുണ്ടാകുമെന്ന് എജി

തിരുവനന്തപുരം: ബഫര്‍സോണ്‍ പരിധിയില്‍ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാനുള്ള തീരുമാനം നടപ്പാക്കുന്നതില്‍ കടുത്ത ആശയക്കുഴപ്പം. 2019ലെ ഉത്തരവ് റദ്ദാക്കി പുതുക്കി ഇറക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചെങ്കിലും ഉത്തരവ് റദ്ദാക്കിയാല്‍ നിയമപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് എ ജി ഉപദേശം നല്‍കി. 2019ലെ ഉത്തരവ് നിലനിര്‍ത്തി പുതിയ ഭേദഗതി കൊണ്ടുവരാനാണ് ഇപ്പോഴത്തെ നീക്കം.

അന്തിമ തീരുമാനം വൈകുന്നതിനാല്‍ സുപ്രീം കോടതിയില്‍ തടസ ഹര്‍ജി നല്‍കാനുള്ള നീക്കവും നീളുകയാണ്. കഴിഞ്ഞ 27ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് 2019ലെ ബഫര്‍സോണ്‍ ഉത്തരവ് തിരുത്താന്‍ തീരുമാനം എടുത്തത്. വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്ന് ജനവാസ കേന്ദ്രങ്ങള്‍ അടക്കം ഒരു കിലോ മീറ്റര്‍ ബഫര്‍സോണായി നിശ്ചയിച്ചുള്ളതാണ് 2019ലെ ഉത്തരവ്.

ബഫര്‍സോണ്‍ ഒരു കിലോമീറ്ററാക്കിയുള്ള സുപ്രീം കോടതി വിധി വലിയ ആശങ്ക ഉയര്‍ത്തിയപ്പോഴാണ് സംസ്ഥാനത്തിന്റെ ഉത്തരവ് പ്രതിപക്ഷം അടക്കം ചൂണ്ടിക്കാണിച്ചത്. സംസ്ഥാനം പുതിയ ഉത്തരവിറക്കാതെ സൂപ്രീം കോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന വാദം ശക്തമായി. വലിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി പുതിയ ഉത്തരവിറക്കാന്‍ തീരുമാനിച്ചത്. പക്ഷെ കാബിനറ്റ് തീരുമാനമെടുത്തെങ്കിലും ഉത്തരവ് ഇതുവരെ പുതുക്കിയിറക്കിയില്ല. എജി നല്‍കിയ നിയമോപദേശമാണ് ഇതിന് കാരണം.

2019ലെ ഉത്തരവ് റദ്ദാക്കിയാല്‍ പിന്നെ 2013ലെ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നാണ് ഉപദേശം. അത് വഴി 12 കിലോ മീറ്റര്‍ വരെ ബഫര്‍ സോണായി മാറുമെന്നാണ് ഉപദേശം. ഇതോടെ 2019 ലെ ഉത്തരവ് റദ്ദാക്കേണ്ടെന്ന നിലയിലേക്ക് ചര്‍ച്ചമാറി. എജിയും നിര്‍ദ്ദേശിച്ചത് ഇക്കാര്യമാണ്. പകരം പഴയ ഉത്തരവ് നിലനിര്‍ത്തി ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി ബഫര്‍സോണ്‍ ഒരു കിലോമീറ്ററാക്കി പുതിയ ഉത്തരവ് ഇറക്കാമെന്നാണ് ഇപ്പോഴത്തെ നീക്കം. ഒടുവില്‍ വനംവകുപ്പ് തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഉത്തരവിറക്കാനാണ് ശ്രമം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.