ലക്‌നൗ : മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയുടെ ചിത്രവുമായി ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ തിരംഗ യാത്ര. വാഹനത്തിന്റെ മുന്‍ വശത്ത് മുകളിലായി ഗോഡ്സെയുടെ ചിത്രം സ്ഥാപിച്ച് സംഘടിപ്പിച്ച യാത്രയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഹിന്ദു മഹാസഭയ്ക്കെതിരെ നിരവധി പേരാണ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
എന്നാല്‍ തിരംഗ യാത്രയില്‍ തങ്ങള്‍ നിരവധി നേതാക്കളുടെ ചിത്രങ്ങള്‍ ഉയര്‍ത്തിയിരുന്നെന്നും അവരില്‍ ഒരാളാണ് ഗോഡ്സെയെന്നും ഹിന്ദു മഹാസഭ നേതാവ് യോഗേന്ദ്ര വര്‍മ്മ പറഞ്ഞു. മഹാത്മാഗാന്ധിയെ വധിക്കാന്‍ ഗോഡ്സെ നിര്‍ബന്ധിതനായത് അദ്ദേഹം പിന്തുടരുന്ന നയങ്ങള്‍ കൊണ്ടാണെന്ന വാദവും യോഗേന്ദ്ര വര്‍മ്മ ഉന്നയിച്ചു.
'സ്വാതന്ത്ര്യദിനത്തില്‍ ഞങ്ങള്‍ തിരംഗ യാത്ര സംഘടിപ്പിച്ചിരുന്നു. റാലി ജില്ലയിലുടനീളം സഞ്ചരിച്ചു. എല്ലാ പ്രമുഖ ഹിന്ദു നേതാക്കളും അതില്‍ പങ്കെടുത്തു. ഞങ്ങള്‍ നിരവധി വിപ്ലവകാരികളുടെ ഫോട്ടോകള്‍ വച്ചിരുന്നു. അവരില്‍ ഒരാളായിരുന്നു ഗോഡ്സെ.
ഗാന്ധിയുടെ ചില നയങ്ങള്‍ ഹിന്ദു വിരുദ്ധമായിരുന്നു. വിഭജന സമയത്ത് 30 ലക്ഷം ഹിന്ദുക്കളും മുസ്ലീങ്ങളും കൊല്ലപ്പെട്ടു. ഇതിന് ഉത്തരവാദി ഗാന്ധിയാണ്'- യോഗേന്ദ്ര വര്‍മ്മ പറഞ്ഞു. ഗാന്ധി തങ്ങളുടെ പ്രചോദനമാണെന്ന് ചിലര്‍ വിശ്വസിക്കുന്നത് പോലെ തങ്ങള്‍ക്ക് ഗോഡ്സെയോട് സമാനമായ വികാരങ്ങളുണ്ടെന്നും ഹിന്ദു മഹാസഭ നേതാവ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.