'ക്രിസ്ത്യാനികള്‍ക്കെതിരെ ഇന്ത്യയില്‍ ആക്രമണങ്ങളില്ല': കല്ലുവച്ച നുണയുമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

'ക്രിസ്ത്യാനികള്‍ക്കെതിരെ ഇന്ത്യയില്‍ ആക്രമണങ്ങളില്ല': കല്ലുവച്ച നുണയുമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കേന്ദ്രത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നിരവധി ആക്രമണങ്ങളാണ് രാജ്യത്ത് ക്രൈസ്തവര്‍ക്കു നേരേ ഉണ്ടായിട്ടുള്ളത്. ക്രിസ്ത്യാനികള്‍ക്കെതിരേ ഏറ്റവുമധികം ആക്രമണങ്ങളുണ്ടാകുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്.

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുമ്പോള്‍ അവയെല്ലാം നിക്ഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ രാജ്യത്ത് ഉണ്ടായിട്ടില്ലെന്ന കല്ലുവച്ച നുണയാണ് ഇതു സംബന്ധിച്ച് സുപ്രീം കോടതിയില്‍ നടന്ന വാദത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്.

രാജ്യത്ത് ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യന്‍ സംഘടനകളും ചില വ്യക്തികളും നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വാദം. വിഷയത്തില്‍ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ടാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.

എന്നാല്‍ ഹര്‍ജിക്ക് പിന്നില്‍ മറ്റുദ്ദേശങ്ങള്‍ മറഞ്ഞിരിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ഇത്തരം ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിനും ഇതിലൂടെ രാജ്യത്ത് അശാന്തി സൃഷ്ടിക്കുന്നതിനും പിന്നില്‍ മറഞ്ഞിരിക്കുന്ന ചില അജണ്ടകളുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. കേന്ദ്രത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നിരവധി ആക്രമണങ്ങളാണ് രാജ്യത്ത് ക്രൈസ്തവര്‍ക്കു നേരേ ഉണ്ടായിട്ടുള്ളത്.

ക്രൈസ്തവ ദേവാലയങ്ങള്‍ നശിപ്പിക്കുക, വിശുദ്ധ ബൈബിള്‍ കത്തിക്കുക, ക്രൈസ്തവ വിശ്വാസികള്‍ക്കു നേരേ മര്‍ദ്ദനങ്ങള്‍ അഴിച്ചു വിടുക, ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആക്രമിക്കുക തുടങ്ങി നിരവധി സംഭവങ്ങള്‍ അടുത്ത കാലത്തും ഉണ്ടായെങ്കിലും അതെല്ലാം മറച്ചു വച്ചുള്ള മറുപടി സത്യവാങ്മൂലമാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ളത്.

ക്രിസ്ത്യാനികള്‍ക്കെതിരേ ഏറ്റവുമധികം ആക്രമണങ്ങളുണ്ടാകുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ബജ്‌റംഗ് ദള്‍, അഖില ഭാരതീയ ഹിന്ദു മഹാസഭ തുടങ്ങിയ ഹിന്ദുത്വ വാദികളാണ് ഒട്ടുമിക്ക അക്രമങ്ങള്‍ക്കും പിന്നില്‍. ബിജെപി അധികാരം കൈയ്യാളുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത്, ഒഡീഷ, അസം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ പീഡനങ്ങള്‍ തുടര്‍ക്കഥകളാകുമ്പോഴാണ് ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്നില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.

ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡും എ.എസ് ബൊപ്പണ്ണയുമടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് ഹാജരായി. കേസ് ഈ മാസം 25 ന് വീണ്ടും പരിഗണിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.