ദുബായ്: 76-ാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലെയും യു.എ.ഇ.യിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിൽ സഹകരണ ധാരണയിലെത്തി.
യു.എ.ഇ യിലെ ദുബായ് യൂണിവേഴ്സിറ്റി (യുഡി) ഇന്ത്യയിലെ ഐഐടികൾ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി), ഐഐഎം (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്), സ്വയംഭരണ യൂണിവേഴ്സിറ്റികൾ എന്നിവയുൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പരസ്പര സഹകരണത്തിനായുള്ള ധാരണപത്രത്തിൽ ഒപ്പ് വെച്ചത്. ധാരണ പ്രകാരം വിദ്യാർത്ഥികളെയും അധ്യാപകരെയും പഠനകാര്യങ്ങൾക്കായി കൈമാറുന്നതിനും ഗവേഷണ സഹകരണത്തിനുമായാണ് ഇരുരാജ്യങ്ങളിലെയും സ്ഥാപനങ്ങൾ ഉദ്ദേശിക്കുന്നത്.
ദുബായ് സർവ്വകലാശാല പ്രസിഡന്റ് ഡോ. ഈസ ബസ്തകിയും പ്രൊവോസ്റ്റും ചീഫ് അക്കാദമിക് ഓഫീസറുമായ പ്രൊഫസർ ഹുസൈൻ അൽ അഹ്മദും ഇന്ത്യൻ സ്ഥാപനങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരുമായി കരാറിൽ ഒപ്പുവച്ചു. ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ അമൻ പുരിയുടെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പിടൽ ചടങ്ങ്. പ്രമുഖ ഇന്ത്യൻ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി അടക്കമുള്ളവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഉന്നത വിദ്യാഭ്യാസ സഹകരണത്തിനായി ഇരു രാജ്യങ്ങളും തമ്മിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു പദ്ധതിക്ക് മുൻ കൈ എടുക്കുന്നത്.
ചരിത്രപരമായ ഈ പങ്കാളിത്തം യുഎഇയും ഇന്ത്യയും തമ്മിലുള്ള തുടർച്ചയായ സഹകരണത്തിന് ഊർജം പകരും, പരസ്പര വളർച്ചയ്ക്കും നൂതനത്വത്തിനും പുതിയ അവസരങ്ങൾ മുന്നോട്ട് കൊണ്ടുവരുമെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷവേളയിൽ ഇത്തരമൊരു പദ്ധതി ആരംഭിച്ചതിൽ ദുബായ് യൂണിവേഴ്സിറ്റിയെ അഭിനന്ദിച്ചുകൊണ്ട് ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി പറഞ്ഞു.
ആഗോള സമാധാനത്തിനായും ഉന്നതിക്കുമായും ഇന്ത്യയെയും യു എ ഇ യുമാണ് ലോകം ഉറ്റുനോക്കുന്നതെന്ന് എം എ യൂസഫലി പറഞ്ഞു. ഇന്ത്യ-യുഎഇ ബന്ധത്തിന്റെ സുദീർഘമായ ചരിത്രത്തിലെ മറ്റൊരു കാൽ വെയ്പ്പാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.