ആളുകള്‍ കുഴികളില്‍ വീണ് മരിക്കുമ്പോള്‍ എന്തിന് ടോള്‍ നല്‍കണമെന്ന് ഹൈക്കോടതി; 20 ദിവസത്തിനകം റോഡുകള്‍ നന്നാക്കുമെന്ന് ദേശീയ പാത അതോറിറ്റി

ആളുകള്‍ കുഴികളില്‍ വീണ് മരിക്കുമ്പോള്‍ എന്തിന് ടോള്‍ നല്‍കണമെന്ന് ഹൈക്കോടതി; 20 ദിവസത്തിനകം റോഡുകള്‍ നന്നാക്കുമെന്ന് ദേശീയ പാത അതോറിറ്റി

കൊച്ചി: ദേശീയ പാതകളിലെ കുഴികളില്‍ വീണുള്ള അപകടങ്ങള്‍ മനുഷ്യ നിര്‍മ്മിത ദുരന്തമെന്ന് വീണ്ടും ഹൈക്കോടതി. അപകടങ്ങള്‍ പതിവാകുന്നതില്‍ കോടതിക്ക് ആശങ്കയുണ്ട്. ആരാണ് ഇതിന് ഉത്തരവാദികളെന്ന് ദേശീയപാത അതോറിറ്റിയോട് കോടതി ചോദിച്ചു.

ആളുകള്‍ മരിക്കുമ്പോള്‍ എന്തിന് ടോള്‍ നല്‍കണം. ടോള്‍ പിരിവ് തടയേണ്ടത് ആരാണെന്നും കോടതി ചോദിച്ചു. റോഡുകള്‍ തകര്‍ന്നാല്‍ ജില്ലാ കലക്ടര്‍മാര്‍ ഉടന്‍ ഇടപെടണം. ദേശീയ പാതയിലെ കുഴികള്‍ മൂലം അപകടം ഉണ്ടായാല്‍ ജില്ലാ കലക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

കോടതിയുടെ ഇടപെടലില്‍ റോഡുകളുടെ നില മെച്ചപ്പെട്ടെന്ന് ദേശീയപാതാ അതോറിറ്റി മറുപടി നല്‍കി. 20 ദിവസത്തിനകം എല്ലാ റോഡുകളും സഞ്ചാരയോഗ്യമാക്കുമെന്ന് ദേശീയപാത അതോറിറ്റി ഹൈക്കോടതിയെ ബോധിപ്പിച്ചു. സംസ്ഥാനത്തെ 160 റോഡുകളില്‍ വിജിലന്‍സ് പരിശോധന നടത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. ക്രമക്കേട് കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് തകര്‍ന്ന് കിടക്കുന്നതും കുഴിയുള്ളതുമായ ദേശീയ പാതകളില്‍ അടിയന്തരമായി നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍മാരോടും കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതനുസരിച്ച് എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജും തൃശൂര്‍ ജില്ലാ കളക്ടര്‍ ഹരിത വി. കുമാറും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.