അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്ല്; പ്രത്യേക നിയമസഭാ സമ്മേളനം നാളെ മുതല്‍

അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ബില്ല്; പ്രത്യേക നിയമസഭാ സമ്മേളനം നാളെ മുതല്‍

തിരുവനന്തപുരം: അസാധുവായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുളള ബില്ലുകള്‍ പാസാക്കുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും. സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍മാരുടെ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന ഭേദഗതി ബില്‍ മറ്റന്നാള്‍ നിയമസഭ പരിഗണിച്ചേക്കും. സെപ്തംബര്‍ രണ്ട് വരെയാണ് പ്രത്യേക സഭാ സമ്മേളനം.

റദ്ദായ ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുളള 11 ബില്ലുകളും ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന ഭേദഗതി ബില്ലും ഉള്‍പ്പടെ 12 ബില്ലുകളാണ് ഈ സഭാ സമ്മേളനം പരിഗണിക്കുന്നത്. സഭാ സമ്മേളത്തിന്റെ ആദ്യ ദിനമായ നാളെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട ചര്‍ച്ച മാത്രമാണ് നടക്കുക. മറ്റന്നാള്‍ മുതല്‍ ബില്ലുകള്‍ പരിഗണിച്ചു തുടങ്ങും.

സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍മാരുടെ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന ഭേദഗതി ബില്‍ മറ്റന്നാള്‍ തന്നെ പരിഗണിച്ചേക്കും. ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന ഭേദഗതി ബില്‍ അടുത്ത ദിവസങ്ങളിലാകും പരിഗണിക്കുക. ഏതൊക്കെ ബില്ലുകള്‍ മുന്‍ഗണനാ ക്രമമനുസരിച്ച് പരിഗണിക്കണമെന്നത് നാളെ ചേരുന്ന കാര്യോപദേശക സമിതി യോഗത്തില്‍ അന്തിമ തീരുമാനമാകും.

സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണര്‍ നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിര്‍ണായകമാണ്. ഗവര്‍ണര്‍ ബില്ലുകള്‍ ഒപ്പിടാതെ വെച്ചു താമസിപ്പിക്കാനോ രാഷ്ട്രപതിക്ക് അയക്കാനോ സാധ്യതയുണ്ട്. രാഷ്ട്രപതി തിരിച്ച് ഗവര്‍ണര്‍ക്ക് വിട്ടാലും ആറ് മാസം വരെ ഗവര്‍ണര്‍ക്ക് ഒപ്പിടാതിരിക്കാം. അങ്ങനെ സംഭവിച്ചാല്‍ ബില്ലുകള്‍ വീണ്ടും പാസാക്കി അയക്കേണ്ടി വരും. അത്തരം കടുത്ത നടപടിയിലേക്ക് ഗവര്‍ണര്‍ നീങ്ങിയാല്‍ ഈ സഭാ സമ്മേളനം വെറുതെയാകും.

കൂടാതെ താന്‍ ഒപ്പിട്ടാലേ ബില്‍ നിയമമാകൂവെന്ന ഗവര്‍ണറുടെ കഴിഞ്ഞ ദിവസത്തെ വെല്ലുവിളി സര്‍ക്കാരിനെ വെട്ടിലാക്കിയിട്ടുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.