തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരി മരിച്ചു

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരി മരിച്ചു

പത്തനംതിട്ട: തെരുവുനായയുടെ കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പന്ത്രണ്ടുകാരി മരിച്ചു. റാന്നി സ്വദേശിനിയായ അഭിരാമി (12) ആണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ വിഭാഗത്തില്‍ ചികിത്സയിലായിലിരിക്കെയാണ് മരണം സംഭവിച്ചത്. പേപ്പട്ടി വിഷബാധയ്ക്കുള്ള വാക്‌സിന്റെ മൂന്ന് കുത്തിവെപ്പ് എടുത്തിരുന്നു.

പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ അഭിരാമിക്ക് ഓഗസ്റ്റ് 13-നാണ് നായയുടെ കടിയേറ്റത്. രാവിലെ പാല്‍ വാങ്ങാന്‍ പോകുമ്പോഴായിരുന്നു സംഭവം. കുട്ടിയുടെ ശരീരത്തിൽ ഏഴ് മുറിവുകളുണ്ടായിരുന്നു. നായയുടെ കണ്ണില്‍ മണ്ണുവാരിയിട്ടാണ് നാട്ടുകാർ കുട്ടിയെ രക്ഷിച്ചത്.

ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഭിരാമിക്ക് ആദ്യഡോസ് വാക്സിനും ഹീമോഗ്ലോബിനും നല്‍കിയിരുന്നു. കുട്ടിയുടെ സ്രവങ്ങള്‍ പുണെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നാളെ പരിശോധനാഫലം വരാനിരിക്കെയാണ് മരണം സംഭവിച്ചത്.

കേരളത്തിലെ തെരുവുനായ ആക്രമണങ്ങൾ തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കാൻ ഇരിക്കയാണ് മറ്റൊരു മരണവും കൂടി സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം എട്ട് പേരാണ് തെരുവുനായയുടെ കടിയേറ്റ് കേരളത്തിൽ മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.