ഓമനിക്കാന്‍ 16 പിഞ്ചോമനകള്‍; 17-ാമനെ പ്രതീക്ഷിച്ച് അമേരിക്കന്‍ ദമ്പതികള്‍

ഓമനിക്കാന്‍ 16 പിഞ്ചോമനകള്‍; 17-ാമനെ പ്രതീക്ഷിച്ച് അമേരിക്കന്‍ ദമ്പതികള്‍

നോര്‍ത്ത് കരോലിന: അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ പാറ്റി ഹെര്‍ണാണ്ടസും ഭര്‍ത്താവ് കാര്‍ലോസും പുതിയ അതിഥിക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ്. ആരാണെന്നറിയേണ്ടെ...? തങ്ങളുടെ 17-ാമത്തെ കുഞ്ഞിനുവേണ്ടി. ഏതാനം മാസങ്ങള്‍ കൂടി കഴിഞ്ഞാല്‍ കാത്തിരിപ്പിനു പരിസമാപ്തിയാകും. പാറ്റി ഹെര്‍ണാണ്ടസും കാര്‍ലോസും 16 കുട്ടികളും അടങ്ങുന്ന കുടുംബത്തിലേക്ക് ഒരംഗംകൂടി എത്തും.

പതിനാറാമത്തെ കുട്ടി ജനിച്ച് ഒരു വര്‍ഷം മാത്രമേ കഴിഞ്ഞിട്ടുള്ളു. അവിടെയും തീരുന്നില്ല പ്രത്യേകതകള്‍. കുട്ടികളുടെ പേരുകള്‍ ആരംഭിക്കുന്നത് ഇംഗ്ലീഷ് അക്ഷരമാലയിലെ സി യില്‍ തുടങ്ങിയാണ്. കാര്‍ലോസിന്റെ പേരിന്റെ ആദ്യ അക്ഷരം സി ആയതിനാലാണ് ഇത്. 16 ല്‍ ആറു പേര്‍ ആണ്‍കുട്ടികളും 10 പേര്‍ പെണ്‍കുട്ടികളുമാണ്. മൂന്ന് സെറ്റ് ഇരട്ടകളും ഉണ്ട്.

14 വയസുള്ള കാര്‍ലോസ് ജൂനിയറാണ് ഏറ്റവും മൂത്ത കുട്ടി. ക്രിസ്റ്റഫര്‍ (13), കാര്‍ല (11), കെയ്റ്റ്‌ലിന്‍ (11), ക്രിസ്റ്റ്യന്‍ (10), സെലസ്റ്റെ (10), ക്രിസ്റ്റീന ( ഒന്‍പത്), കാല്‍വിന്‍ (ഏഴ്), കാതറിന്‍ (ഏഴ്), കാലേബ് (അഞ്ച്), കരോളിന്‍ (അഞ്ച്), കാമില (നാല്), കരോള്‍ (നാല്), ഷാര്‍ലറ്റ് (മൂന്ന്), ക്രിസ്റ്റല്‍ (രണ്ട്), ക്ലേട്ടണ്‍ (ഒന്ന്) എന്നിങ്ങനെ ആണ് കുട്ടികളുടെ പേരുകള്‍.

അടുത്ത വര്‍ഷം മാര്‍ച്ചില്‍ പതിനേഴാമത്തെ കുഞ്ഞിന് പാറ്റി ജന്മം നല്‍കും. ജീവിതത്തില്‍ 14 വര്‍ഷത്തോളം ഗര്‍ഭിണി ആയിരുന്ന പാറ്റിയുടെ ആഗ്രഹം 20 കുട്ടികള്‍ വേണം എന്നാണ്. ഇനിയുള്ള മൂന്ന് കുട്ടികളും ആണ്‍കുട്ടികളായിരുന്നു എങ്കില്‍ കൂടുതല്‍ സന്തോഷം ആകുമായിരുന്നു. അങ്ങനെയങ്കില്‍ 10 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളും. കുഞ്ഞുങ്ങളെ നല്‍കുന്നത് ദൈവമാണെന്ന പക്ഷമാണ് ക്രിസ്തീയ വിശ്വാസികളായ ഈ ദമ്പതികള്‍ക്കുള്ളത്. ഒരു തരത്തിലുള്ള ഗര്‍ഭനിരോധന ഉപാധികളും തങ്ങള്‍ സ്വീകരിക്കുന്നില്ലെന്നും ഇരുവരും പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.