കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി എ.കെ ആന്റണി; സമവായ നീക്കത്തിന് മുന്‍കൈയ്യെടുക്കും

കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി എ.കെ ആന്റണി; സമവായ നീക്കത്തിന് മുന്‍കൈയ്യെടുക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സജീവ രാഷ്ട്രീയം നിര്‍ത്തിയതാണെന്നും പല കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഡല്‍ഹി യാത്രയെന്നും ആന്റണി തന്നെ കണ്ട മാധ്യമങ്ങളോട് പറഞ്ഞു.

താന്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന് പറയുന്നത് വിഢിത്തമാണ്. ഊഹാപോഹങ്ങള്‍ക്ക് മറുപടിയില്ല. പരിഹരിക്കാന്‍ സാധിക്കാത്ത പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിലില്ല. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് എത്തുമോ എന്നതിന് ഇപ്പോള്‍ മറുപടി പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

രാത്രിയോടെ ആന്റണി ഡല്‍ഹിയിലെത്തി സോണിയ ഗാന്ധിയെ കാണും എന്നാണ് വിവരം. അധ്യക്ഷ സ്ഥാനത്തേക്ക് എല്ലാ വിഭാഗത്തിന്റെയും യോജിപ്പോടെ ഒരു നേതാവിനെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രവര്‍ത്തക സമിതിയിലെ മുതിര്‍ന്ന അംഗമായ എ.കെ ആന്റണിയെ ഡല്‍ഹിയിലെത്തിച്ച് സമവായ നീക്കത്തിനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ശ്രമിക്കുന്നത്.

അതിനിടെ അശോക് ഗലോട്ട് സോണിയ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ചതായി റിപ്പോര്‍ട്ടുണ്ട്. എംഎല്‍എമാരുടെ നീക്കം തന്റെ അറിവോടെയല്ലെന്ന് അശോക് ഗലോട്ട് വീണ്ടും ആവര്‍ത്തിച്ചു എന്നാണ് വിവരം. സോണിയ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന ആവശ്യവും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്.

ഈ പ്രതിസന്ധി ഘട്ടത്തിലാണ് പ്രവര്‍ത്തക സമിതിയിലെ മുതിര്‍ന്ന അംഗമായ എ കെ ആന്റണിയെ സോണിയ ഗാന്ധി ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.