വീണ്ടും ഭീഷണിയായി പുതിയ കോവിഡ് വകഭേദം: അതിവ്യാപന ശേഷി; പ്രതിരോധന പ്രവർത്തനങ്ങൾ ശക്തമാക്കി കേരളം

വീണ്ടും ഭീഷണിയായി പുതിയ കോവിഡ് വകഭേദം: അതിവ്യാപന ശേഷി; പ്രതിരോധന പ്രവർത്തനങ്ങൾ ശക്തമാക്കി കേരളം

തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ വീണ്ടും ഭീഷണിയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതുതായി റിപ്പോർട്ട്‌ ചെയ്ത എക്സ്ബിബി, എക്സ്ബിബി1 കോവിഡ്  വകഭേദങ്ങൾ അതിവ്യാപന  ശേഷിയുള്ളതാണെന്ന് റിപ്പോർട്ടുകൾ.

പുതിയ ജനിതക വകഭേദങ്ങൾ റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതുവരെയുള്ള വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ വ്യാപനശേഷിയുള്ളതാണ് പുതിയത്. അതിനാല്‍ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും വീണ ജോർജ് പറഞ്ഞു.

രോഗം ബാധിക്കുന്നവരിൽ 1.8 ശതമാനം പേര്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാമെന്ന് മന്ത്രി മുന്നറിയിപ്പു നൽകി. ആശങ്കപ്പെടേണ്ട സാഹചര്യവുമില്ലെങ്കിലും ശ്രദ്ധ അനിവാര്യമാണ്.

സ്വയം പ്രതിരോധത്തിനായി എല്ലാവരും മാസ്‌ക് കൃത്യമായി ധരിക്കണം. പ്രായമായവരും അനുബന്ധ രോഗമുള്ളവരും മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കണം. വിമാനത്താവളത്തിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്‌ക് ധരിക്കേണ്ടതാണ്.

ആരോഗ്യ വകുപ്പിന്റെ മുന്‍കരുതലുകളും ക്രമീകരണങ്ങളും വിലയിരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേർന്നു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ പൊതുവേ കുറഞ്ഞു വരികയാണെന്ന് യോഗം വിലയിരുത്തി. ‌കേസുകള്‍ നിലവില്‍ ആയിരത്തില്‍ താഴെയാണ്. 

കോവിഡ് ജനിതക വകഭേദം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ സ്ഥിരമായി സാംപിളുകള്‍ പരിശോധനാ വിധേയമാക്കുന്നുണ്ട്. ആശുപത്രി അഡ്മിഷന്‍, കിടക്കകള്‍, ഐസിയു ഉപയോഗം എന്നിവ നിരീക്ഷിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.

ഇന്‍ഫ്ലുവന്‍സ കേസുകളും കോവിഡും റിപ്പോര്‍ട്ടു ചെയ്യുന്ന സാഹചര്യത്തില്‍ ഇൻഫ്ലുവന്‍സയ്ക്ക് സമാനമായ രോഗലക്ഷണങ്ങളുമായി വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു. 

പ്രായമായവര്‍ക്കും അനുബന്ധ രോഗമുള്ളവര്‍ക്കും പുതിയ കോവിഡ് വകഭേദം ബാധിച്ചാല്‍ സ്ഥിതി ഗുരുതരമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ അവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. പ്രായമായവരും ആരോഗ്യ പ്രവര്‍ത്തകരും അനുബന്ധ രോഗമുള്ളവരും നിര്‍ബന്ധമായും കരുതല്‍ ഡോസ് എടുക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.