ആയുധം - എന്റെ ഭയത്തിന്റെ ചിഹ്നം!

 ആയുധം - എന്റെ ഭയത്തിന്റെ ചിഹ്നം!

''യുദ്ധം ഉറവ പൊട്ടുന്നത് ഒളിത്താവളങ്ങളിലല്ല, മനുഷ്യ മനസുകളിലാണ്. അതിനാല്‍ സമാധാന ശ്രമങ്ങള്‍ നടക്കേണ്ടതും മനുഷ്യ മനസിലാണ്.'' യുനെസ്‌കോയുടെ നിയമാവലിയിലെ ശ്രദ്ധേയമായ ഒരു വാക്യമാണിത്. ആര്‍ത്തിയും ദുഷ്ടതയും മൃഗീയവാസനകളാണെങ്കിലും അതു മനുഷ്യനിലാണ് വസിക്കുന്നെതെന്നോര്‍മിപ്പിക്കുന്ന അനുഭവങ്ങളാണ് വിവിധ ദേശങ്ങളിലെ യുദ്ധക്കഥകള്‍ ചരിത്രത്തിന് സമ്മാനിച്ചിട്ടുള്ളത്.


ഭക്ഷണം, വസ്ര്തം, പാര്‍പ്പിടം എന്നീ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി മനുഷ്യര്‍ പരസ്പരം പടവെട്ടുന്ന കഥകള്‍ക്ക് ശിലായുഗത്തോളം പഴക്കമുണ്ടാകും. നാഗരികത മനുഷ്യന്റെ മുല്യബോധ തലങ്ങളെ ശുദ്ധിയാക്കിയപ്പോഴും അപരന്റെ അതിരു തുരന്നു കയറാനുള്ള ആര്‍ത്തി ഒരു പ്രാകൃത കാമനപോലെ മനുഷ്യനെ ഭരിക്കുന്നുണ്ടായിരുന്നു. ആബേലിന്റെ ശിരസിനു പിന്നില്‍ ഉയര്‍ന്ന കായേന്റെ കൊലവാളും, സഹോദരങ്ങള്‍ പടവെട്ടിയൊടുങ്ങിയ കുരുക്ഷേത്രഭൂമിയും അവന്റെ സഹജമായ അധിനിവേശത്വരയുടെ ദൃഷ്ടാന്തങ്ങള്‍ മാത്രമാണ്. കുരിശു യുദ്ധങ്ങളും നുറ്റാണ്ടു യുദ്ധവും അശ്വമേധങ്ങളും മഹാ പടയോട്ടങ്ങളുമെല്ലാം ചരിത്രത്തില്‍ ശേഷിപ്പിച്ചത് ഉറ്റവരറ്റു പോയ ഒരുപറ്റം മനുഷ്യ ബന്ധങ്ങളുടെ നിലയ്ക്കാത്ത നില വിളികള്‍ മാത്രം.

ഒരു രാജ്യത്തെ സമൂഹ മനസിന്റെ അടിസ്ഥാന വികാരം ഭയമാണോ? അയല്‍ രാജ്യങ്ങള്‍ എപ്പോഴാണ് തങ്ങളെ ആക്രമിക്കുന്നത് എന്ന ഭയം മൂലം മൂര്‍ച്ചകൂട്ടുന്ന ആയുധങ്ങളുടെ സീല്‍ക്കാര ശബ്ദങ്ങളില്‍ സുര ക്ഷിതത്വ ബോധം ഒളിപ്പിക്കുകയാണ് ഓരോ രാജ്യവും. സ്വന്തം പ്രതിരോധ ശക്തി അയല്‍ രാജ്യങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ടി, തീവ്രശക്തിയുള്ള ആയുധങ്ങള്‍ നിര്‍മ്മിക്കുകയും യുദ്ധോപകരണങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഇടയ്ക്കിടെ ആകാശത്തേക്ക് ദീര്‍ഘദൂര മിസൈലുകളും റോക്കറ്റുകളും വിക്ഷേപിച്ച് ഒച്ചവയ്ക്കുകയും ചെയ്യുകയാണ് വന്‍ രാജ്യങ്ങള്‍ പോലും. ലോക സമാധാനത്തിനായുള്ള പരിശ്രമങ്ങള്‍ കൊടുമ്പിരികൊള്ളുമ്പോഴും വികസ്വര രാ്ര്രഷങ്ങളുടെയും വികസിത രാ്ര്രഷങ്ങളുടെയും വാര്‍ഷിക ബജറ്റില്‍ ഏറ്റവും കൂടുതല്‍ പണം വകയിരുത്തുന്നത് പ്രതിരോധ വകുപ്പിനാണ്.


''ഒരു നല്ല യുദ്ധം ഒരിക്കലും ഉണ്ടായിട്ടില്ല, മോശം സമാധാനവും'' എന്ന ബഞ്ചമിന്‍ ഫ്രാങ്ക്‌ളിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക. പ്രശസ്ത മലയാള നോവലിസ്റ്റായ ആനന്ദിന്റെ 'മരുഭൂമികള്‍ ഉണ്ടാകുന്നത്' എന്ന നോവലിലെ ദര്‍ശനം ഇവിടെ പ്രസക്തമാണ്. ഓരോ രാജ്യവും തങ്ങളുടെ അതിര്‍ത്തി സുരക്ഷയ്ക്കായി വലിയ ഭിത്തികള്‍ കെട്ടിപ്പൊക്കുന്നുണ്ട്. ഈ വന്‍മതിലുകള്‍ സുരക്ഷിതത്വത്തിന്റെ പ്രതീകമാണോ? ഒരിക്കലുമല്ല. ഓരോ വന്‍മതിലും അതിനുള്ളില്‍ വസിക്കുന്നവരുടെ ഭയത്തിന്റെ വലിപ്പത്തെയാണ് കാണിക്കുന്നത്.

ഐക്യരാഷ്ട്ര ദിനത്തോടനുബന്ധിച്ചുള്ള ഒരാഴ്ച നിരായുധീകരണവാരമായി യുഎന്‍ ആചരിക്കുമ്പോഴും ഓരോ രാജ്യവും ആയുധങ്ങള്‍ വാങ്ങാന്‍ ചെലവിടുന്ന പണം പ്രതിദിനം കോടികളില്‍ നിന്നും കോടികളിലേക്കു കുതിക്കുകയാണ്. ഏറ്റവും വലിയ മാരകായുധം സ്വന്തമായാല്‍ ഒരാള്‍ ഏറ്റവും ധൈര്യശാലിയാകുമോ? ആയുധം കൈയിലില്ലാത്തയാള്‍ അരക്ഷിതനാകുമോ? ഒരിക്കലുമില്ല. ഏറ്റവും മാരകമായ ആയുധം കൈയിലുള്ളവന്‍ ഏറ്റവും വലിയ ഭീരുവാണ്. എപ്പോഴും ആക്രമണം മാത്രം പ്രതീക്ഷിക്കുകയാണയാള്‍! അപരന്‍ എപ്പോള്‍ വേണമെങ്കിലും ആക്രമിക്കും എന്നു കരുതിയാല്‍ നമുക്കിവിടെ ജീവിക്കാനാകുമോ?

നമുക്കു പരസ്പരം സുരക്ഷിതത്വം നല്‍കാം. അയല്‍ക്കാരനെ സ്വന്തം സമാധാനത്തിന്റെ കാരണമായി സ്വീകരിക്കാം. ആയുധങ്ങളില്ലാത്ത ഒരു ലോകം സ്വപ്നം കാണാം. തോക്കിനും വാളിനുംവേണ്ടി ചെലവിടുന്ന ഇരുമ്പുകള്‍ ഉരുക്കിവാര്‍ത്ത് ബലമുള്ള കലപ്പകള്‍ പണിത് മണ്ണില്‍ ശാന്തിയുടെ, ക്ഷേമത്തിന്റെ പൊന്‍കതിര്‍ വിരിയിക്കുന്ന കാലത്തെ നമുക്ക് സ്വപ്നം കാണാം. ''നിന്റെ സഹോദരന്‍ എവിടെ?' എന്ന ചോദ്യത്തിന് ബൈബിളില്‍ കായേന്‍ നല്‍കിയത്, ഞാന്‍ എന്റെ സഹോദരന്റെ കാവല്‍ക്കാരനാണോ എന്ന മറുചോദ്യമാണ്. നമുക്ക് ആ ചോദ്യത്തിന് ഉത്തരം നല്‍കാം. ഞാന്‍ നിന്റെ കാവല്‍ക്കാരനാണ് എന്നു പരസ്പരം പറയാം. ആയുധങ്ങള്‍ കൈയിലുള്ളപ്പോള്‍ പരസ്പരം ഭയമുണരുന്നു. ആയുധങ്ങളില്ലാതാകുമ്പോള്‍ നമ്മള്‍ പരസ്പരം അഭയമാകുന്നു. വ്യക്തികള്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലും ഭയമകന്ന് അഭയം നല്‍കുന്ന മിത്രങ്ങള്‍ മാത്രമുള്ള ഒരു നവലോകം പണിയാന്‍ നമുക്കും പ്രതിജ്ഞാബദ്ധരാകാം.

ഫാ റോയ് കണ്ണൻചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തിൽ നിന്നും.


ഫാ. റോയി കണ്ണന്‍ചിറയുടെ കൂടുതല്‍ കൃതികള്‍ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.