ഒരു രാജ്യം ഒരു പൊലീസ്: എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസുകാര്‍ക്ക് ഇനി ഒരേ യൂണിഫോം; പുതിയ നിര്‍ദേശവുമായി പ്രധാനമന്ത്രി

ഒരു രാജ്യം ഒരു പൊലീസ്: എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസുകാര്‍ക്ക് ഇനി ഒരേ യൂണിഫോം; പുതിയ നിര്‍ദേശവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ജനങ്ങളുടെ സുരക്ഷയ്ക്കായി എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഹരിയാനയിലെ സൂരജ് കുണ്ഡില്‍ നടക്കുന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെയും ഡിജിപിമാരുടെയും ദ്വിദിന സമ്മേളനത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

സാധാരണക്കാരുടെ സുരക്ഷയ്ക്കായി യോജിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. കുറ്റകൃത്യങ്ങള്‍ തടയേണ്ടത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്. ഒരു രാജ്യം ഒരു പൊലീസ് എന്ന രീതിയില്‍ മാറണം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസുകാര്‍ക്ക് ഒരേ യൂണിഫോം എന്ന നിര്‍ദേശവും പ്രധാനമന്ത്രി മുന്നോട്ടു വച്ചു. 5 ജിയുടെ വരവോടെ സൈബര്‍ സുരക്ഷയില്‍ കൂടുതല്‍ ജാഗ്രത വേണമെന്നും മോഡി പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജന്‍സികളുമായി സംസ്ഥാനങ്ങള്‍ സഹകരിക്കണം. ക്രമസമാധാന പാലനമെന്നത് എതെങ്കിലും ഒരു സംസ്ഥാനത്തിന്റെയോ കേന്ദ്രത്തിന്റെയോ മാത്രം പ്രശ്നമല്ല. ഇരുവിഭാഗങ്ങളും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കണം. പൊലീസിനെ കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടില്‍ ഗുണപരമായ മാറ്റങ്ങള്‍ വേണം. ഇതിന് ഭരണ നേതൃത്വം ഇടപെടണം.

കുറ്റകൃത്യങ്ങളുടെ വേഗത മുന്നില്‍ കണ്ട് കാലോചിതമായ പരിഷ്‌കരണം അന്വേഷണ ഏജന്‍സികളുടെ ഭാഗത്തു നിന്നുണ്ടാവണം. പൊതുവായ പൂളിലൂടെ കേന്ദ്ര ഏജന്‍സികളും സംസ്ഥാന പൊലീസും ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന ഡാറ്റാബെയ്സ് ഉണ്ടാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും 16 സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാരും പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.