ഇബ്രാഹിംകുഞ്ഞിന് കുരുക്ക് മുറുകുന്നു: വിജിലൻസിന് പിന്നാലെ ഇ ഡിയും രംഗത്ത്

ഇബ്രാഹിംകുഞ്ഞിന് കുരുക്ക് മുറുകുന്നു: വിജിലൻസിന് പിന്നാലെ ഇ ഡിയും രംഗത്ത്

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞിനെ കാത്തിരിക്കുന്നത് കേന്ദ്ര–സംസ്ഥാന ഏജൻസികളുടെ നിയമക്കുരുക്കുകൾ. വിജിലൻസ് ചുമത്തിയ അഴിമതിക്കേസിന് പിന്നാലെ കളളപ്പണം വെളിപ്പിച്ചെന്ന കേസിൽ ഇബ്രാഹിംകുഞ്ഞിനെ പിടികൂടാനുളള ഒരുക്കത്തിലാണ് എൻഫോഴ്സ്മെന്‍റ്.

അഴിമതിക്കേസിൽ അറസ്റ്റിലായ ഇബ്രാഹിംകു‍ഞ്ഞിന്‍റെ പ്രാഥമിക മൊഴി ആശുപത്രിയിൽ വെച്ചുതന്നെ അന്വേഷണസംഘം രേഖപ്പെടുത്തി. എന്നാൽ ഇപ്പോഴത്തെ നിലയിൽ അദ്ദേഹം ചികിൽസയിലുളള ലേക് ഷോർ ആശുപത്രിയിൽത്തന്നെ റിമാൻ‍ഡ് പ്രതിയായി കുറച്ചുദിവസം കൂടി തുടരാനാണ് സാധ്യത. അറസ്റ്റിലായി 14 ദിവസത്തിനുളളിൽ ആരോഗ്യം ഭേദപ്പെട്ടാൽ കസ്റ്റഡയിൽ വാങ്ങി ചോദ്യം ചെയ്യാനും നിയമ തടസമില്ല. അതിനുശേഷമാണെങ്കിൽ റിമാൻഡിലിരിക്കെ മൊഴിയെടുക്കാം.

പാലം പൊളിക്കുന്നതിനും പണിയുന്നതിനും മേൽ നോട്ടം വഹിക്കുന്ന ഇ ശ്രീധരന്‍റെ മൊഴി കഴിഞ്ഞ ദിവസം വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. ഇ ശ്രീധരനെ സാക്ഷിയാക്കിയാണ് വിജിലൻസിന്‍റെ നീക്കങ്ങൾ. പാലത്തിന്‍റെ ബലക്ഷയം സംബന്ധിച്ച വിദഗ്ധാഭിപ്രായം അദ്ദേഹം നൽകിയിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാണ് അറസ്റ്റ് നടപടികളുമായി വിജിലൻസ് നീങ്ങിയത്.

ഇതേസമയത്തുതന്നെ ജാമ്യാപേക്ഷയുമായി ഇബ്രാഹിംകു‌ഞ്ഞിന് നീങ്ങാനാണ് സാധ്യത.  പാലം അഴിമതിയിലെ കളളപ്പണം ചന്ദ്രിക ദിനപ്പത്രം വഴി വെളുപ്പിച്ചെന്ന കേസിൽ എൻഫോഴ്സ്മെന്‍റും അന്വേഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എൻഫോഴ്സ്മെന്‍റും വരും ദിവസങ്ങളിൽ നടപടികളുമായി മുന്നോട്ടുപോകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.