ഓസ്ട്രേലിയയില്‍ ചന്ദ്രഗ്രഹണം; എവിടെ, എപ്പോള്‍, എങ്ങനെ കാണാം? അറിയേണ്ടതെല്ലാം

ഓസ്ട്രേലിയയില്‍ ചന്ദ്രഗ്രഹണം; എവിടെ, എപ്പോള്‍, എങ്ങനെ കാണാം? അറിയേണ്ടതെല്ലാം

പെര്‍ത്ത്: ഈ വര്‍ഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം ഇന്നു ദൃശ്യമാകും. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, റഷ്യ, ഏഷ്യ എന്നിവയുടെ ചില ഭാഗങ്ങളിലും വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഓസ്ട്രേലിയ, വടക്കന്‍ അറ്റ്ലാന്റിക് സമുദ്രം, പസഫിക് സമുദ്രം എന്നിവിടങ്ങളിലും ചന്ദ്രഗ്രഹണം കാണാം.

ഈ സമയത്ത് ചന്ദ്രന്‍ ചുവപ്പു നിറത്തിലാണ് കാണപ്പെടുക. അടുത്ത മൂന്ന് വര്‍ഷത്തിനിടയില്‍ സംഭവിക്കുന്ന അവസാന പൂര്‍ണ്ണ ചന്ദ്രഗ്രഹണമായിരിക്കും ഇതെന്ന് നാസ അറിയിച്ചിട്ടുണ്ട്.

സൂര്യഗ്രഹണം പോലെ, ചന്ദ്രഗ്രഹണം കാണാന്‍ യാതൊരു ഉപകരണങ്ങളുടെയും ആവശ്യമില്ല. ചന്ദ്രന്‍ സൂര്യന്റെ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിനാല്‍, ഈ പ്രകാശം മനുഷ്യന്റെ കണ്ണുകള്‍ക്ക് ഹാനികരമല്ല.

കാലാവസ്ഥ അനുവദിച്ചാല്‍ ഇന്നു വൈകുന്നേരം ഓസ്ട്രേലിയയിലുടനീളം പൂര്‍ണ്ണ ചന്ദ്രഗ്രഹണം കാണാം. ഈ അവസരം നഷ്ടപ്പെടുത്തിയാല്‍ ഇനിയൊരു പൂര്‍ണ്ണ ചന്ദ്രഗ്രഹണം കാണാന്‍ 2025 വരെ കാത്തിരിക്കണം.

ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ സഞ്ചരിക്കുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രന്‍ ഭാഗികമായി മാത്രമേ നിഴലിലേക്ക് മാറുന്നുള്ളൂവെങ്കില്‍, അത് ഭാഗിക ഗ്രഹണമാണ്. സമ്പൂര്‍ണ ഗ്രഹണത്തില്‍, ചന്ദ്രന്‍ പൂര്‍ണമായി മുങ്ങുകയും ചുവപ്പ്/ഓറഞ്ച് നിറത്തിലുള്ള പ്രകാശം കൈക്കൊള്ളുകയും ചെയ്യുന്നു.

ഇന്നത്തെ ചന്ദ്രഗ്രഹണം 85 മിനിറ്റ് നീണ്ടുനില്‍ക്കും. ബ്രിസ്ബനില്‍ ചന്ദ്രോദയത്തിന് ഒരു മണിക്കൂറിനു ശേഷം ചന്ദ്രഗ്രഹണം ആരംഭിക്കും. ഹോബാര്‍ട്ടില്‍ ചന്ദ്രോദയം കഴിഞ്ഞ് 15 മിനിറ്റിനുള്ളില്‍ ഗ്രഹണം ആരംഭിക്കുന്നു.

ഓസ്ട്രേലിയയുടെ മറ്റ് ഭാഗങ്ങളില്‍ ചന്ദ്രന്‍ ഉദിക്കുന്നതിന് മുമ്പ് ചന്ദ്രഗ്രഹണം ആരംഭിക്കും. മധ്യ ഓസ്ട്രേലിയയില്‍ ഉടനീളം ചന്ദ്രോദയത്തിന് ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പായി ചന്ദ്രഗ്രഹണം ആരംഭിക്കും. അതേസമയം പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ ചന്ദ്രോദയത്തോടെ തന്നെ പൂര്‍ണ ചന്ദ്രഗ്രഹണം കാണാന്‍ അവസരമുണ്ട്.

ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളിലെ ചന്ദ്രഗ്രഹണത്തിന്റെ സമയം ചുവടെ ചേര്‍ക്കുന്നു.

എന്താണ് ചന്ദ്രഗ്രഹണം?

ചന്ദ്രഗ്രഹണത്തിന്റെ സമയത്ത് സൂര്യന്‍, ചന്ദ്രന്‍ എന്നിവ ഇരുവശങ്ങളിലുമായി ഏകദേശം നേര്‍രേഖയില്‍ വരുന്നു. ഈ അവസരത്തില്‍ ചന്ദ്രനില്‍ പതിക്കേണ്ട സൂര്യ പ്രകാശത്തെ ഭൂമി തടയുകയും ചന്ദ്രന്‍ ഭൂമിയുടെ നിഴലിലാവുകയും ചെയ്യും. ഇങ്ങനെ ചന്ദ്രന്‍ ഭൂമിയുടെ നിഴലിനുള്ളിലാകുന്നതാണ് ചന്ദ്രഗ്രഹണം എന്ന പ്രതിഭാസം. ചന്ദ്രഗ്രഹണം 'ബ്ലഡ് മൂണ്‍' എന്ന പേരിലും അറിയപ്പെടാറുണ്ട്. ഗ്രഹണസമയത്ത് ചന്ദ്രനു ചുവന്ന നിറം വരുന്നതാണ് ഈ പേരു ലഭിക്കാന്‍ കാരണം.

ഭൂമിയുടെ ഇരുണ്ട നിഴല്‍ ഭാഗത്തുകൂടി ചന്ദ്രന്‍ പൂര്‍ണമായും കടന്നുപോകുമ്പോഴാണ് പൂര്‍ണ ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്.

ഭൂമി പൂര്‍ണ ചന്ദ്രനും സൂര്യനും ഇടയില്‍ വന്ന്, ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ ഭാഗികമായി പതിക്കുമ്പോള്‍ ഭാഗിക ചന്ദ്രഗ്രഹണം സംഭവിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26