നാല് വർഷംകൊണ്ട് ഓസ്ട്രേലിയയിൽ പെട്രോൾ കാറുകളുടെ വില്പന നിർത്തുമെന്ന് വോൾവോ

നാല് വർഷംകൊണ്ട് ഓസ്ട്രേലിയയിൽ പെട്രോൾ കാറുകളുടെ വില്പന നിർത്തുമെന്ന് വോൾവോ

സിഡ്‌നി: ഓസ്ട്രേലിയയിൽ പെട്രോൾ വാഹനങ്ങളുടെ വിൽപ്പന 2026 ഓടെ നിർത്തുമെന്ന് വാഹന വ്യവസായത്തെ ഞെട്ടിച്ചുകൊണ്ട് കാർ ഭീമനായ വോൾവോയുടെ പ്രഖ്യാപനം. രാജ്യത്ത് ആദ്യത്തെ ഇലക്ട്രിക് കാർ അവതരിപ്പിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് വോൾവോ കാർ ഓസ്ട്രേലിയ മാനേജിംഗ് ഡയറക്ടർ സ്റ്റീഫൻ കോണറുടെ പുതിയ പ്രഖ്യാപനം.

കാലാവസ്ഥ വ്യതിയാനം തടയുന്നത് ലക്ഷ്യമിട്ട് പൂർണ്ണമായി ഇലക്ട്രിക് കാറുകളിലേക്ക് മാറുന്നത് സംബന്ധിച്ച് ലോകത്തിലെ മറ്റെല്ലാ കാർ നിർമാതാക്കളും വാഗ്ദാനം ചെയ്തതിനേക്കാൾ നാല് വർഷം മുന്നിലാണ് വോൾവോയുടെ പ്രഖ്യാപനം. മറ്റെല്ലാ കമ്പനികളും 2030 ഓടെ ഇലക്ട്രിക് കാറുകൾ മാത്രം പുറത്തിറക്കുമെന്നാണ് വ്യക്തമാക്കുന്നത്.

ഇതുവരെ ഓസ്ട്രേലിയയ്ക്ക് ഇലക്ട്രിക് വാഹനങ്ങളുടെ വില്പനയിൽ കാര്യമായ ചലനങ്ങൾ ഒന്നും സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും പുതിയ തീരുമാനത്തോടെ ഈ രംഗത്തിൽ രാജ്യത്തിന് ഒരു ലോക നേതാവാകാൻ കഴിവുണ്ടെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. പെട്രോൾ കാറുകൾക്ക് ദീർഘകാല ഭാവിയില്ല. അതിനാൽ സാധ്യതകളില്ലാത്ത ഒരു ബിസിനസ്സിൽ നിക്ഷേപിക്കുന്നതിന് പകരം ഭാവിയിലേക്ക് ഉതകുന്ന വിധം സമയവും പണവും ഊർജവും നിക്ഷേപിക്കാൻ തീരുമാനിച്ചതായും കാറുകളുടെ ഭാവി ഇനി ഇലക്ട്രിക് ആണെന്നും സ്റ്റീഫൻ കോണർ പറഞ്ഞു.

ആഗോളതലത്തിൽ 2030 ഓടെ ശക്തനായ ഇലക്ട്രിക്ക് കാർ നിർമ്മാതാവാകാൻ വോൾവോ പ്രതിജ്ഞാബദ്ധമാണ്. പക്ഷേ ഓസ്ട്രേലിയയിൽ 2026 ഓടെ ഈ പരിവർത്തനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഒരു സമയപരിധി തിരഞ്ഞെടുക്കുന്നത് ഓസ്ട്രേലിയൻ ഉപഭോക്താക്കളുടെ പ്രതീക്ഷകൾ നിറവേറ്റാനും കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിൽ നിർണായക സ്ഥാനം വഹിക്കാനും സഹായിക്കും.

ഓസ്‌ട്രേലിയയിൽ വിൽക്കുന്ന എല്ലാ പുതിയ കാറുകളുടെയും 80 ശതമാനവും 2025-ഓടെ ഇലക്ട്രിക് വാഹനങ്ങളായിരിക്കുമെന്ന് കോണർ പറയുന്നു. വോൾവോയുടെ അവസാന 20 ശതമാനം ഉപഭോക്താക്കളെ പരിവർത്തനം ചെയ്യുക എന്നതായിരിക്കും വെല്ലുവിളി. ഓസ്ട്രേലിയയിൽ ഓരോ വർഷവും 20,000 പൂർണ്ണമായി ഇലക്ട്രിക് കാറുകൾ വിൽക്കുകയെന്ന ആഗ്രഹം നിറവേറ്റാൻ പുതിയ തീരുമാനം സഹായിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ വോൾവോയുടെ തീരുമാനത്തെ ഓട്ടോമോട്ടീവ് ലോബിയിസ്റ്റുകൾ പ്രശംസിച്ചു. ഫെഡറൽ സർക്കാർ ഇലക്ട്രിക് വാഹനങ്ങളുടെ ചെലവ് കുറയ്ക്കുന്നതിന് നിയമനിർമ്മാണം നടത്താൻ ശ്രമിക്കുമ്പോൾ സ്വീഡിഷ് കമ്പനിയായ വോൾവോയുടെ 2026 എന്ന സമയപരിധി പ്രാദേശിക ഓട്ടോമോട്ടീവ് വ്യവസായത്തെ ഞെട്ടിച്ചു.

പ്രഖ്യാപനം അത്ഭുതകരമാണെന്ന് ഫെഡറൽ ചേംബർ ഓഫ് ഓട്ടോമോട്ടീവ് ഇൻഡസ്ട്രീസ് (എഫ്സിഎഐ) ചീഫ് എക്സിക്യൂട്ടീവ് ടോണി വെബർ പറഞ്ഞു. കമ്പനിയുടെ ഡീകാർബണൈസേഷൻ ലക്ഷ്യവും ഉയരത്തിലെത്തുക എന്നതിലുപരി ഒരു അടിസ്ഥാനം സൃഷ്ടിക്കുകയെന്ന നിലപാടിനെയും പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഓസ്ട്രേലിയയിൽ പല കാർ ബ്രാൻഡുകളും ഇപ്പോൾ ഇലക്ട്രിക് ബാറ്ററി പവറും പരമ്പരാഗത പെട്രോൾ പവർ ആന്തരിക ജ്വലന എഞ്ചിനുകളും (ഇന്റേണൽ കംബസ്‌ഷൻ എഞ്ചിൻ) സംയോജിപ്പിച്ചുകൊണ്ടുള്ള ഹൈബ്രിഡ് വാഹനങ്ങൾ വിൽക്കാൻ തുടങ്ങിയിരിക്കുന്നു. എന്നാൽ ഇലക്ട്രിക് കാറുകൾ മാത്രം വിൽക്കുന്നതിനുള്ള ഒരു നിശ്ചിത സമയപരിധിയിൽ വോൾവോ പോലുള്ള വളരെ കുറച്ച് കമ്പനികൾ പ്രതിജ്ഞാബദ്ധരാണ്.

വോൾവോയുടെ ശ്രദ്ധേയമായ പ്രഖ്യാപനം കാണിക്കുന്നത് കാർ നിർമ്മാതാക്കൾ രാജ്യത്ത് ഇലക്ട്രിക് വാഹന വളർച്ചയ്ക്കുള്ള സാധ്യതകൾ കാണാൻ തുടങ്ങുകയാണെന്ന് ഇലക്ട്രിക് വെഹിക്കിൾ കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് ബെഹ്യാദ് ജാഫരി പറഞ്ഞു. ഇലക്ട്രിക് വെഹിക്കിൾ കൗൺസിലിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 2022 ൽ ഓസ്ട്രേലിയയിൽ ഇവിയുടെ വിൽപ്പന 65 ശതമാനം ഉയർന്നു. ഓസ്ട്രേലിയയിൽ വിൽക്കുന്ന എല്ലാ പുതിയ കാറുകളുടെയും 3.39 ശതമാനം മാത്രമാണ് ഇലക്ട്രിക് കാറുകൾ ഇപ്പോഴും വിൽക്കപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.