തിരക്കിനിടയിലും പ്രാർത്ഥിക്കുക, സമൂഹത്തിനും ഇടവകയ്ക്കും വേണ്ടി സമയം ചെലവഴിക്കുക: ഫ്രാന്‍സിസ് പാപ്പ

തിരക്കിനിടയിലും പ്രാർത്ഥിക്കുക, സമൂഹത്തിനും ഇടവകയ്ക്കും വേണ്ടി സമയം ചെലവഴിക്കുക: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ദൈനംദിന പ്രാര്‍ത്ഥനയിലും സല്‍പ്രവൃത്തികളിലും സ്ഥിരോത്സാഹം പ്രകടിപ്പിക്കുകയും ജീവിതത്തിലെ ഏറ്റവും അനിവാര്യമായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നതിലൂടെ ക്രിസ്തുവിന്റെ നന്മയില്‍ നിലകൊള്ളണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ.

ഞായറാഴ്ച്ച (നവംബര്‍ 13) പാവപ്പെട്ടവരുടെ ആഗോളദിനം ആചരിക്കുന്നതിനോടനുബന്ധിച്ച് ദിവ്യബലിയിലും ത്രികാല പ്രാര്‍ത്ഥനയിലും പങ്കെടുക്കാന്‍ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ ഒത്തുകൂടിയിരുന്നു. അവരെ അഭിസംബോധന ചെയ്യവേയാണ് നന്മ ചെയ്യുന്നതില്‍ സ്ഥിരോത്സാഹം നിലനിര്‍ത്തേണ്ടതിനെക്കുറിച്ച് പാപ്പ വാചാലനായത്.

ജറുസലേമിലെ ദേവാലയത്തില്‍ യേശു സുവിശേഷം പ്രസംഗിക്കുന്ന വേദഭാഗമാണ് (ലൂക്കോസ്: 21: 5-6) പാപ്പ തന്റെ പ്രതിവാര വിചിന്തനത്തിന് വിധേയമാക്കിയത്.

കര്‍ത്താവിന് ചുറ്റുമുണ്ടായിരുന്ന ചില ആളുകള്‍ ദേവാലയത്തിന്റെ മഹത്വത്തെക്കുറിച്ച് സംസാരിച്ചു. അതിന്റെ വിലയേറിയ കല്ലുകളെക്കുറിച്ചും അലങ്കാരങ്ങളെക്കുറിച്ചും വാചാലരായി. എന്നാല്‍ കര്‍ത്താവ് അവരോട് പറഞ്ഞത് ഇങ്ങനെയാണ് - 'നിങ്ങള്‍ ഈ കാണുന്നവ കല്ലിന്‍മേല്‍ കല്ലു ശേഷിക്കാതെ തകര്‍ക്കപ്പെടുന്ന സമയം വരുന്നു'.

അതായത്, ഇന്ന് ഇവിടെയുള്ളതും നാളെ ഇല്ലാതാകുന്നതുമായ ഭൂമിയിലെ കാര്യങ്ങളുടെ ക്ഷണികമായ സ്വഭാവത്തെക്കുറിച്ചാണ് കര്‍ത്താവ് അവരെ ഓര്‍മ്മിപ്പിച്ചത്. ചരിത്രത്തില്‍ എല്ലാം തുടച്ചുനീക്കുന്ന യുദ്ധങ്ങളും പ്രകൃതിദുരന്തങ്ങളും എങ്ങനെ സംഭവിക്കുമെന്ന് യേശു വിശദീകരിക്കുന്നു.

മനുഷ്യജീവിതത്തിലെ അനിശ്ചിതത്വത്തില്‍ നിന്നും അസ്ഥിരതയില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു വഴിയുണ്ടെന്ന മൂല്യമേറിയ പഠിപ്പിക്കലാണ് യേശുവിന്റെ ഈ ശാന്തമായ വാക്കുകള്‍ നമുക്ക് നല്‍കുന്നതെന്ന് പാപ്പാ നിരീക്ഷിച്ചു.

നിന്റെ സ്ഥിരോത്സാഹത്താല്‍ നീ നിന്റെ ജീവന്‍ സുരക്ഷിതമാക്കും എന്ന് കര്‍ത്താവിന്റെ വാക്കുകളില്‍നിന്നു നമുക്ക് മനസിലാക്കാം.

'സ്ഥിരത' എന്ന വാക്ക് പാപ്പ പ്രത്യേകമായി ഊന്നിപ്പറഞ്ഞു. കര്‍ത്താവിന്റെ ഹൃദയത്തിലുള്ളതും പ്രാധാന്യം കല്‍പ്പിക്കുന്നതുമായ കാര്യങ്ങളില്‍ അച്ചടക്കവും സ്ഥിരോത്സാഹവും ഉള്ളവരായിരിക്കുക എന്നതാണ്.

ആ ദേവലായം പോലെ നശിപ്പിക്കപ്പെടാന്‍ പോകുന്ന എന്തെങ്കിലും പണിയാന്‍ നമ്മുടെ ജീവിതം ഉഴിഞ്ഞുവയ്ക്കരുതെന്ന് പാപ്പ ഓര്‍മിപ്പിക്കുന്നു. മറിച്ച് എപ്പോഴും നിലനില്‍ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അതായത് ഒരിക്കലും തകരാത്തത് പണിയാന്‍ അവിടുന്ന് ആഹ്വാനം ചെയ്യുന്നു. അവിടുത്തെ വാക്കുകളില്‍, സ്‌നേഹത്തിലും നന്മയിലും ജീവിതം കെട്ടിപ്പടുക്കാന്‍ യേശു പറയുന്നു.

ദേവാലയത്തില്‍ ഉണ്ടായിരുന്നവരെപ്പോലെ, നമ്മുടെ പാരമ്പര്യം, മതപരവും സാംസ്‌കാരികവുമായ ചിഹ്നങ്ങള്‍, വിജയങ്ങള്‍ എന്നിവയ്ക്ക് മാത്രം മുന്‍ഗണന നല്‍കുകയും ആഘോഷിക്കുകയും ചെയ്യുമ്പോള്‍ ഏറ്റവും അനിവാര്യമായ കാര്യങ്ങളില്‍ നമുക്ക് പലപ്പോഴും ശ്രദ്ധ നഷ്ടപ്പെടുന്നു. അവ പ്രധാനപ്പെട്ടതാണെങ്കിലും അവഗണിക്കപ്പെടുന്നുവെന്ന് പാപ്പ ചൂണ്ടിക്കാട്ടി.

എല്ലാ ദിവസവും നന്മ കെട്ടിപ്പടുക്കാന്‍ സ്ഥിരോത്സാഹത്തോടെ പരിശ്രമിക്കാന്‍ പരിശുദ്ധ പിതാവ് ഓര്‍മിപ്പിച്ചു. നമുക്ക് ചുറ്റുമുള്ള ലോകം മറിച്ചു പ്രവര്‍ത്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുമ്പോഴും
നന്മ ചെയ്യുന്നതില്‍ സ്ഥിരത നിലനിര്‍ത്തണം.

നാം വളരെ തിരക്കിലാണെന്ന് വിശ്വസിക്കുമ്പോള്‍ പോലും പ്രാര്‍ത്ഥിക്കുക, നമ്മുടെ സമയം സമൂഹത്തിനും പാവപ്പെട്ടവര്‍ക്കും ഇടവകയ്ക്കും വാഗ്ദാനം ചെയ്യുക.

കര്‍ത്താവിന്റെ നന്മയില്‍ സ്ഥിരതയോടെ നിലനില്‍ക്കുന്നതില്‍ നാം എത്രത്തോളം ശ്രമിക്കുന്നു എന്ന് സ്വയം ചോദിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. നമ്മുടെ ദൈനംദിന ജീവിതത്തില്‍ വിശ്വാസം, നീതി, ദാനധര്‍മ്മം എന്നിവയ്ക്ക് പ്രധാന്യം നല്‍കാന്‍ നാം ശ്രമിക്കുന്നുണ്ടോ?

പ്രാര്‍ത്ഥനയ്ക്കോ മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാനോ സമയം നീക്കിവെക്കാന്‍ നാം ത്യാഗങ്ങള്‍ ചെയ്യാറുണ്ടോ?, ചുറ്റുമുള്ള സാഹചര്യങ്ങള്‍ പ്രയാസകരമാക്കുമ്പോഴും നമ്മുടെ ഹൃദയങ്ങളെ കര്‍ത്താവില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ കഴിയന്നുണ്ടോ? - മാര്‍പ്പാപ്പ ചോദിച്ചു

'നാം ക്ഷമയോടെയിരിക്കുകയാണെങ്കില്‍ ജീവിതത്തിലെ ദുഃഖകരവും മോശവുമായ സംഭവങ്ങളിലും തിന്മകളിലും നമുക്ക് ഭയപ്പെടേണ്ടതില്ല. കാരണം നാം നന്മയില്‍ അധിഷ്ഠിതരായി നിലകൊള്ളുന്നു. പ്രാര്‍ത്ഥനയില്‍ ഉറച്ചുനില്‍ക്കാന്‍ ഞങ്ങളുടെ സ്ഥിരോത്സാഹത്തെ ശക്തിപ്പെടുത്തണമേ എന്ന് പരിശുദ്ധ മാതാവിനോട് അഭ്യര്‍ത്ഥിച്ചാണ് മാര്‍പ്പാപ്പ സന്ദേശം ഉപസംഹരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.