കരീബിയന്‍ തിരയിളക്കത്തിലും വിജയക്കൊടി പാറിച്ച് പറങ്കിപ്പട; ഘാനയ്‌ക്കെതിരെ പോര്‍ച്ചുഗലിന് ആശ്വാസ ജയം

കരീബിയന്‍ തിരയിളക്കത്തിലും വിജയക്കൊടി പാറിച്ച് പറങ്കിപ്പട; ഘാനയ്‌ക്കെതിരെ പോര്‍ച്ചുഗലിന് ആശ്വാസ ജയം

ദോഹ: അണയാത്ത ആവേശച്ചൂടില്‍ വെന്തുരുകിയേക്കുമെന്ന് കരുതിയ പറങ്കിപ്പടയ്ക്ക് ആശ്വാസ ജയം. ഘാനയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ ശക്തമായ തിരിച്ചുവരവിലൂടെ പോര്‍ച്ചുഗല്‍ ജയം പിടിച്ചുവാങ്ങി. ആവേശക്കൊടുമുടി കയറിയ മത്സരത്തില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ക്രിസ്റ്റ്യാനോ റോണാള്‍ഡോ നയിച്ച പോര്‍ച്ചുഗലിന്റെ ജയം. ആക്രമണത്തിലും പ്രതിരോധത്തില്‍ മികവ് കാട്ടി ഘാനയും ആരാധകരുടെ മന കവര്‍ന്നു.

തുല്യ ശക്തികളുടെ പോരാട്ടമെന്ന് കരുതുന്ന വിധമായിരുന്നു ആദ്യ പകുതിയിലെ ഇരു ടീമുകളുടെയും മുന്നേറ്റം. ആക്രമണ ഫുട്‌ബോളിന്റെ ആവേശവും വേഗതയും ആദ്യപകുതിയെ ആവേശം കൊള്ളിച്ചു. ഇരു കൂട്ടര്‍ക്കും അവസരങ്ങള്‍ ഒന്നൊന്നായി ലഭിച്ചെങ്കിലും അവയൊന്നും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. 31-ാം മിനിറ്റില്‍ ക്രിസ്റ്റാനോ റൊണാല്‍ഡോ ഗോള്‍വല കുലുക്കിയെങ്കിലും ഓഫ്‌സൈഡിന്റെ ആനുകൂല്യം ഘാനക്ക് അനുകൂലമായി. 

അഞ്ചു ഗോളുകള്‍ പിറന്ന മത്സരത്തില്‍ അഞ്ചും രണ്ടാം പകുതിയിലാണെന്നതും മത്സരത്തെ ആവേശ കൊടുമുടിയിലാക്കുന്നതായിരുന്നു. 63-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയുടെ ഗോളിലാണ് പോര്‍ച്ചുഗല്‍ മുന്നിലെത്തിയത്. റൊണാള്‍ഡോയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി താരം കൃത്യമായി വലയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ പോര്‍ച്ചുഗല്‍ ആഘോഷങ്ങള്‍ക്ക് അധിക ആയുസുണ്ടായിരുന്നില്ല. ആന്‍ന്ത്രെ അയൂവിലൂടെ ഘാന സമനില പിടിച്ചു.

നിരന്തര ആക്രമണങ്ങള്‍ അഴിച്ചുവിട്ട പറങ്കി പടയ്ക്ക് വേണ്ടി ബ്രൂണോ ഫെര്‍ണാണ്ടസ് നീട്ടി നല്‍കിയ പാസ് ജാവോ ഫെലിക്‌സ് ചിപ്പ് ചെയ്ത് വലയിലെത്തിച്ചു. 80-ാം മിനുട്ടില്‍ റാഫേല്‍ ലിയോയിലുടെ ലീഡ് ഇരട്ടിപ്പിച്ചു. പറങ്കിപ്പട ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മുന്നില്‍. 88-ാം മിനുട്ടില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ പിന്‍വലിച്ചു.

തൊട്ടടുത്ത നിമിഷം ഘാന ടീമില്‍ പകരക്കാരനായി ഇറങ്ങിയ ഒസ്മാന്‍ ബുക്കാരിയിലൂടെ സ്‌കോര്‍ രണ്ടിലെത്തിച്ചു. അനുവദിച്ച അധിക സമയത്തും നിരന്തര ആക്രമണങ്ങള്‍ ഘാന അഴിച്ചുവിട്ടെങ്കിലും വല ചലിപ്പിക്കാനായില്ല. ജയത്തോടെ ഗ്രൂപ്പ് എച്ചില്‍ പോര്‍ച്ചുഗല്‍ ഒന്നാമതെത്തി. നവംബര്‍ 29ന് നടക്കുന്ന അടുത്ത മത്സരത്തില്‍ പോര്‍ച്ചുഗല്‍ ലാറ്റിനമേരിക്കല്‍ വമ്പന്‍മാരായ ഉറുഗ്വേയെനേരിടും.

ജയത്തോടൊപ്പം അപൂര്‍വ്വ റിക്കാര്‍ഡും ക്രിസ്റ്റ്യാനോ തന്റെ പേരില്‍ കുറിച്ചു. പോര്‍ച്ചുഗലിനു വേണ്ടി ആദ്യ ഗോളിട്ടതോടെ അഞ്ച് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് സ്വന്തമായി. 2006, 2010, 2014 ലോകകപ്പുകളില്‍ ഓരോ ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ 2018ല്‍ നാല് ഗോളുകള്‍ അടിച്ചുകൂട്ടി.

2006ല്‍ ജര്‍മനിയില്‍ അരങ്ങേറിയ ലോകകപ്പില്‍ ഇറാനെതിരെ പെനാല്‍റ്റിയിലൂടെയായിരുന്നു ആദ്യ ഗോള്‍. ഇതോടെ ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പോര്‍ച്ചുഗീസ് താരമായി ക്രിസ്റ്റ്യാനോ മാറി. 21 വയസ്സും 132 ദിവസവുമായിരുന്നു അന്നത്തെ പ്രായം. 2010ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ ഏഴാം നമ്പറില്‍ ഇറങ്ങിയ റോണാള്‍ഡോ വടക്കന്‍ കൊറിയക്കെതിരെയാണ് ഗോള്‍ വല കുലുക്കിയത്. 2014ല്‍ ബ്രസീലില്‍ അരങ്ങേറിയ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഘാനക്കെതിരെയായിരുന്നു താരത്തിന്റെ ഗോള്‍.

2018ലെ റഷ്യന്‍ ലോകകപ്പില്‍ സ്‌പെയിനിനെതിരെ ഹാട്രിക് നേടിയാണ് ഗോള്‍വേട്ടക്ക് തുടക്കം കുറിച്ചത്. ലോകകപ്പില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡും ഇതോടെ താരത്തിന് സ്വന്തമായി. പിന്നീട് മൊറോക്കൊക്കെതിരായ മത്സരത്തിലും ക്രിസ്റ്റ്യാനോ വല കുലുക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.