തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ സമരം ശക്തമാക്കിയ വിഴിഞ്ഞത്ത് ഇന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങുമെന്നറിയിച്ച് അദാനി ഗ്രൂപ്പ് രംഗത്ത് വന്നതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ. സംസ്ഥാന സര്‍ക്കാരിന് അദാനി ഗ്രൂപ്പ് ഇതുസംബന്ധിച്ച് കത്ത് നല്‍കിയിരുന്നു. നിര്‍മ്മാണ സാമഗ്രികളുമായി വാഹനങ്ങള്‍ വിഴിഞ്ഞത്തേക്ക് എത്തുമെന്നാണ് സര്‍ക്കാരിനെ അറിയിച്ചത്.
തുറമുഖ നിര്‍മ്മാണം വീണ്ടും തുടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചതോടെ സമരം നടത്തിയ മത്സ്യത്തൊഴിലാളികള്‍ പ്രദേശത്തേക്ക് പ്രതിഷേധവുമായെത്തിരിക്കുകയാണ്. വാഹനങ്ങള്‍ കടത്തിവിടില്ലെന്ന നിലപാടിലാണ് സമര സമിതി. വാഹനങ്ങള്‍ക്ക് മുന്നില്‍ കിടന്നു കൊണ്ട് പ്രതിഷേധിച്ച സമരക്കാരെ പൊലീസ് അനുനയിപ്പിച്ച് നീക്കി.
അതിനിടെ സ്ഥലത്തേക്ക് തുറമുഖ നിര്‍മ്മാണത്തെ അനുകൂലിക്കുന്ന സംഘവുമെത്തിയതോടെ കൂടുതല്‍ സംഘര്‍ഷാവസ്ഥയുണ്ടായി. ചേരി തിരിഞ്ഞ് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയതോടെ അനുനയിപ്പിക്കാന്‍ പൊലീസ് പാടുപെട്ടു.
പൊലീസ് സംരക്ഷണ ഉത്തരവ് വന്ന് നൂറുദിവസമായിട്ടും വിഴിഞ്ഞത്ത് നിര്‍മാണ പ്രവര്‍ത്തനം തടസപ്പെടുകയാണെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങള്‍ തടയില്ലെന്ന് സമരസമിതി ഹൈക്കോടതിയില്‍ ഉറപ്പു നല്‍കിയതുമാണ്. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും നിര്‍മ്മാണ പ്രവത്തികള്‍ ആരംഭിക്കുമെന്ന് സര്‍ക്കാരിനെ കമ്പനി അറിയിച്ചത്.
അതേസമയം സമരം ശക്തമായി തുടരാനാണ് സമരസമിതിയുടെ തീരുമാനം. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി നടന്ന സമരസമിതി ചര്‍ച്ചയിലും അതിരൂപതയില്‍ നടന്ന വൈദികരുടെ ചര്‍ച്ചയിലും ഇത് സംബണ്ഡിച്ച തീരുമാനമുണ്ടായതായി നേതാക്കള്‍ അറിയിച്ചിരുന്നു. കോടതി ഇടപെടലിന്റെ പശ്ചാത്തലത്തില്‍ സമരത്തില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ പിന്നോട്ട് പോകുമെന്ന അവ്യൂഹത്തിനിടയിലാണ് തങ്ങള്‍ ഉന്നയിച്ച ഏഴ് ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിക്കും വരെ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് സമരസമിതി അറിയിച്ചത്.
കഴിഞ്ഞ ആഗസ്റ്റ് 16 ന് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസപ്പെടുത്തിയുള്ള സമരം ആരംഭിച്ച ശേഷം സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളില്‍ എടുത്ത തീരുമാനങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്നോട്ട് പോയതായി സമരസമിതി വ്യക്തമാക്കുന്നു. അതിനാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നേതാക്കളുമായി നടന്ന ചര്‍ച്ചയിലും സമരം സമാധാനപരമായ രീതിയില്‍ ശക്തമായി തുടരാനാനാണ് തീരുമാനമെന്നും സമര സമിത നേതാക്കള്‍ പറഞ്ഞിരുന്നു. 101-ാം ദിവസമായ മുല്ലൂരിലെ സമര പന്തലും 26 ദിവസം മുമ്പ് തുറമുഖത്തിനുള്ളില്‍ ആരംഭിച്ച സമരപന്തലിലും സമരം സജീവമായിരുന്നു. വെട്ടുകാട് ഇടവകയിലെ നിരവധി മത്സ്യത്തൊഴിലാളികള്‍ സമരത്തിന് പിന്തുണയറിയിച്ച് പന്തലില്‍ വന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.