കഞ്ചാവ് എണ്ണയുടെ ഉപയോഗം കാൻസർ രോഗികളുടെ ചികിത്സയെ സഹായിക്കുന്നതിൽ പരാജയമെന്ന് പഠനം

കഞ്ചാവ് എണ്ണയുടെ ഉപയോഗം കാൻസർ രോഗികളുടെ ചികിത്സയെ സഹായിക്കുന്നതിൽ പരാജയമെന്ന് പഠനം

സിഡ്‌നി: കഞ്ചാവിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണ കാൻസർ രോഗികളിൽ വേദനസംഹാരിയായി ഉപയോഗിക്കാം എന്ന നിരീക്ഷണത്തിൽ വലിയ തിരിച്ചടി. അർബുദം ബാധിച്ച പാലിയേറ്റീവ് കെയർ രോഗികളിൽ കഞ്ചാവ് എണ്ണയുടെ ഉപയോഗം അവരുടെ വേദന, വിഷാദം, ഉത്കണ്ഠ എന്നിവ കുറയ്ക്കുന്നതിനോ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനോ കഴിയുന്നില്ലെന്ന് പഠനം. കഞ്ചാവ് എണ്ണയുടെ സ്വാധീനം പരിശോധിച്ച മേറ്റർ ഹോസ്പിറ്റലിന്റെയും ക്വീൻസ്‌ലാന്റ് സർവകലാശാലയുടെയും നേതൃത്വത്തിൽ നടത്തിയ ആദ്യത്തെ ഉയർന്ന നിലവാരമുള്ള പഠനത്തിലാണ് ഈ കണ്ടെത്തൽ.

ക്യാൻസറിനുള്ള സാന്ത്വന പരിചരണം സ്വീകരിക്കുന്ന 144 രോഗികളിലാണ് സിബിഡി (സാറ്റിവ കന്നാബിനോയിഡ്) എന്നറിയപ്പെടുന്ന കഞ്ചാവ് എണ്ണയുടെ ഫലങ്ങളെക്കുറിച്ച് പരീക്ഷണം നടത്തിയത്. എന്നാൽ ഗവേഷകർക്കോ പരീക്ഷണത്തിൽ പങ്കെടുക്കുന്നവർക്കോ തങ്ങൾക്ക് ഔഷധഗുണമുള്ള കഞ്ചാവാണോ പ്ലാസിബോയാണോ (രോഗിയുടെ തൃപ്‌തിക്കു വേണ്ടി നല്‍കുന്ന ഔഷധം) ലഭിക്കുന്നതെന്ന് അറിയില്ലായിരുന്നു. പരീക്ഷണ കാലയളവിലുടനീളം എല്ലാ രോഗികൾക്കും സാധാരണ പാലിയേറ്റീവ് കെയർ ലഭിച്ചു.

ശാരീരികമോ വൈകാരികമോ ആയ പ്രവർത്തനത്തിലെ മാറ്റം, മൊത്തത്തിലുള്ള ആരോഗ്യം, ക്ഷീണം, ഓക്കാനം, ഛർദ്ദി, വേദന, ശ്വാസംമുട്ടൽ അല്ലെങ്കിൽ വിശപ്പില്ലായ്മ എന്നിവയിൽ നിന്നും മോചനം നല്കാൻ സിബിഡിയ്ക്ക് കഴിയുന്നില്ലെന്ന് പരീക്ഷത്തിൽ വ്യക്തമായതായി പഠനത്തിന്റെ പ്രധാന രചയിതാവും പാലിയേറ്റീവ് ആൻഡ് സപ്പോർട്ടിവ് ഡയറക്ടറുമായ ഡോ. കെയർ അറ്റ് മാറ്റർ, പ്രൊഫ ജാനറ്റ് ഹാർഡി എന്നിവർ പറഞ്ഞു.

എന്നാൽ സിബിഡിയുടെ സ്വാധീനത്തെക്കുറിച്ച് മാത്രമാണ് പഠനം പരിശോധിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. അർബുദ ലക്ഷണങ്ങളിൽ നിന്ന് മോചനം ലഭിച്ചെങ്കിലും കഞ്ചാവിന്റെ ഔഷധ ഉപയോഗത്തെക്കുറിച്ച് പഠിക്കാൻ കൂടുതൽ പരീക്ഷണങ്ങൾ ആവശ്യമാണെന്നും ഗവേഷകർ പറയുന്നു.

കഞ്ചാവ് ചെടി വളരെ സങ്കീർണ്ണമായ ഒരു സസ്യമാണ്. അതിൽ ധാരാളം കന്നാബിനോയിഡുകളും മറ്റ് സംയുക്തങ്ങളും അടങ്ങിയിരിക്കുന്നു. ഏറ്റവും പ്രമുഖമായ രണ്ട് കന്നാബിനോയിഡുകൾ സിബിഡി, ടിഎച്ച്സി (ടെട്രാഹൈഡ്രോകന്നാബിനോൾ) എന്നിവയാണെന്നും പ്രൊഫ ജാനറ്റ് ഹാർഡി പറഞ്ഞു.

ടെട്രാഹൈഡ്രോകന്നാബിനോൾ ഒരു വ്യക്തിയുടെ ഓർമ, ആനന്ദം, ചലനങ്ങൾ, ചിന്ത, ഏകാഗ്രത, ഏകോപനം, സമയത്തെക്കുറിച്ചുള്ള ധാരണ എന്നിവയെയാണ് ബാധിക്കുക. ഡോപാമൈൻ പുറപ്പെടുവിക്കാൻ ടിഎച്ച്സി മസ്തിഷ്ക കോശങ്ങളെ ഉത്തേജിപ്പിക്കുന്നു. അങ്ങനെ അത് ഉല്ലാസത്തിന്റെ പ്രഭാവം സൃഷ്ടിക്കുന്നു. കൂടാതെ, പുതിയ ഓർമ്മകൾ രൂപീകരിക്കുന്നതിന് സഹായിക്കുന്ന തലച്ചോറിന്റെ ഭാഗമായ ഹിപ്പോകാമ്പസിന്റെ പ്രക്രിയകളിലും ഇത് ഇടപെടുന്നു.

തങ്ങളുടെ അടുത്ത പഠനം സിബിഡി, ടിഎച്ച്സി എന്നിവയുടെ സംയോജനത്തെക്കുറിച്ചാണെന്നും പ്രൊഫ ഹാർഡി വ്യക്തമാക്കി. ഔഷധ കഞ്ചാവിൽ നിന്ന് എന്തെങ്കിലും പ്രയോജനം ലഭിക്കാൻ ടിഎച്ച്സി സഹായിക്കുമോ എന്നറിയുന്നതിനാണ് പഠനം. സൈക്കോ ആക്റ്റീവ് ഇഫക്റ്റുകൾ ഇല്ലാത്തതിനാൽ സിബിഡി വളരെ ജനപ്രിയമാണ്. സിബിഡി ഉപയോഗിച്ച ശേഷവും വാഹനം ഓടിക്കാനും മറ്റ് പ്രവർത്തനങ്ങൾ ചെയ്യാനും കഴിയും.

അതേസമയം വിനോദത്തിനോ ഔഷധ ആവശ്യങ്ങൾക്കോ ​​വേണ്ടി ടിഎച്ച്സി ഉപയോഗിച്ച വ്യക്തി വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമാണെന്നും അവർ വിശദീകരിച്ചു. എന്നാൽ പഠനത്തിൽ പരിശോധിച്ചിട്ടില്ലാത്ത ഉറക്കമില്ലായ്മ പോലുള്ള ക്യാൻസറുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ ചികിത്സിക്കുന്നതിന് സിബിഡി ഉപയോഗപ്രദമായേക്കാമെന്നും അവർ പറഞ്ഞു. എത്രത്തോളം ഗുണകരമാണ് എന്നത് വ്യക്തമായില്ലെങ്കിലും പഠനത്തിൽ പങ്കെടുത്തവരിൽ 36 ശതമാനം പേരും പരീക്ഷണത്തിന് ശേഷം ഒരു ഔഷധ കഞ്ചാവ് ഉൽപ്പന്നം വാങ്ങാൻ തീരുമാനിച്ചു.

ഇവർക്കു തങ്ങൾ ഉപയോഗിച്ചത് സിബിഡി അല്ലെങ്കിൽ പ്ലേസിബോ ആണെന്ന് അറിവുണ്ടായിരുന്നില്ല എന്നതും ഗവേഷകർ ഊന്നിപ്പറയുന്നു. ക്യാൻസർ മൂലമുണ്ടാകുന്ന വേദന ശമിപ്പിക്കുന്നതിനും രോഗലക്ഷണ ദുരിതത്തിനും ഔഷധ കഞ്ചാവ് ഉപയോഗിക്കുന്നതിനെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ തെളിവുകളിലെ വിടവ് നികത്താനാണ് പഠനം ലക്ഷ്യമിടുന്നതെന്ന് ഹാർഡി പറഞ്ഞു.

നിയമവിധേയമാക്കിയതിന് ശേഷം ഔഷധഗുണമുള്ള കഞ്ചാവിന്റെ ഉപയോഗം ഉയർന്നുവരുന്നത് വിവരിക്കാനുള്ള ഏറ്റവും നല്ല മാർഗം അതുണ്ടാക്കിയ സാമൂഹിക പ്രതിഭാസമാണെന്നും അവർ പറഞ്ഞു. കഞ്ചാവിന്റെ നല്ല വശങ്ങൾ വ്യക്തമാക്കാനുള്ള തെളിവുകൾ വളരെ കുറവാണ്. എങ്കിലും എല്ലാവർക്കും ഇത് ആവശ്യമായിരുന്നു.

സാധാരണയായി, വിപണിയിൽ പ്രവേശിക്കുന്ന പുതിയ ഉൽപ്പന്നങ്ങൾ മികച്ച ഡോസേജും ഉപയോഗവും സംബന്ധിച്ച് വിപുലമായ പ്രീ-ക്ലിനിക്കൽ പഠനങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാൽ ഔഷധഗുണമുള്ള കഞ്ചാവ് വളരെ ചെറിയ മാർഗ്ഗനിർദ്ദേശത്തോടെയാണ് വിപണിയിൽ പ്രവേശിച്ചതെന്ന് ജേണൽ ഓഫ് ക്ലിനിക്കൽ ഓങ്കോളജിയിൽ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയയിൽ ഔഷധഗുണമുള്ള കഞ്ചാവിന് അംഗീകാരം നൽകുന്ന അവസ്ഥകളിൽ ഒന്നാണ് പാലിയേറ്റീവ് കെയർ. 2016 ഫെബ്രുവരിയിലാണ് അംഗീകൃത രോഗികൾക്ക് ഔഷധ കഞ്ചാവ് നിയമവിധേയമാക്കുന്ന ഒരു ബിൽ ഓസ്‌ട്രേലിയൻ നിയമനിർമ്മാതാക്കൾ പാസാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.