അപിയയുടെ പെനാൽറ്റി ഗോളിൽ തിളങ്ങി നോർത്ത് ഈസ്റ്റ് 

അപിയയുടെ പെനാൽറ്റി ഗോളിൽ തിളങ്ങി നോർത്ത് ഈസ്റ്റ് 

വാസ്കോ: ഐഎസ്എല്ലില്‍ ഇത്തവണ കിരീടം നേടുകയെന്ന ഉറച്ച ലക്ഷ്യത്തോടെ ഗ്ലാമര്‍ കോച്ച് സെര്‍ജിയോ ലൊബേറയ്ക്കു കീഴില്‍ ഇറങ്ങിയ മുംബൈ സിറ്റിക്കു തുടക്കം പിഴച്ചു. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡാണ് വമ്പന്‍ താരനിരയുമായി ഇറങ്ങിയ മുംബൈയെ കൊമ്പുകുത്തിച്ചത്. രണ്ടാം പകുതി തുടങ്ങി നാലു മിനിറ്റിനകം ഘാനയുടെ മുന്‍ അന്താരാഷ്ട്ര താരം ക്വെസി അപിയ നേടിയ പെനല്‍റ്റി ഗോളാണ് നോര്‍ത്ത് ഈസ്റ്റിനു അപ്രതീക്ഷിത വിജയമൊരുക്കിയത്. കഴിഞ്ഞ സീസണിലെ അവസാന സ്ഥാനക്കാരും ഏറ്റവും കുറവ് ഗോളുകള്‍ നേടിയ ടീമുമായിരുന്നു നോർത്ത് ഈസ്റ്റ്. എന്നാല്‍ ഇത്തവണ ആദ്യ കളിയില്‍ തന്നെ കരുത്തരായ മുംബൈയെ വീഴ്ത്തി നോർത്ത് ഈസ്റ്റ് തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ്.

താന്‍ നേരത്തേ പരിശീലിപ്പിച്ച എഫ്‌സി ഗോവ ടീമിലെ പ്രധാനപ്പെട്ട താരങ്ങളെയെല്ലാം മുംബൈ ടീമിലേക്കു കൊണ്ടു വന്നിട്ടും ലൊബേറയ്ക്കു മുംബൈയെ വിജയതീരത്ത് അടുപ്പിക്കാനായില്ല. അഹമ്മദ് ജാഹു, ഹ്യൂബോ ബൗമസ് എന്നിവരാണ് ഗോവയില്‍ നിന്നും മുംബൈയ്‌ക്കൊപ്പം ചേര്‍ന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ സീസണിലെ ഗോളടിവീരന്‍ ബര്‍ത്തലോമിയോ ഒഗ്‌ബെച്ചെയും മുംബൈ നിരയിലുണ്ടായിരുന്നു. നോര്‍ത്ത് ഈസ്റ്റിന്റെ ആക്രമണത്തോടെയാണ് കളി തുടങ്ങിയതെങ്കിലും പിന്നീട് മുംബൈ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. ബോള്‍ പൊസെഷനിലും ആക്രമണത്തിലുമെല്ലാം അവര്‍ നോര്‍ത്ത് ഈസ്റ്റിനെ നിഷ്പ്രഭരാക്കി. ആദ്യ പകുതിയില്‍ പന്ത് കൂടുതല്‍ സമയവും നോര്‍ത്ത് ഈസ്റ്റിന്റെ ഹാഫില്‍ തന്നെയായിരുന്നു. പലപ്പോഴും അവര്‍ക്കു പന്ത് തൊടാന്‍ പോലുമായില്ല. ആദ്യപകുതിയില്‍ തുറന്ന ഗോളവസരങ്ങള്‍ ഇരു ടീമിനും ലഭിച്ചില്ല. 43ാം മിനിറ്റില്‍ മുംബൈയെ സ്തബ്ധരാക്കി ജാഹു നേരിട്ടു ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായി. നോർത്ത് ഈസ്റ്റിന്റെ ഖാസ കമാറയെ പിറകില്‍ നിന്നും ഗുരുതരമായി ടാക്കിള്‍ ചെയ്തതാണ് ജാഹുവിന് വിനയായത്.

പത്തു പേരായി ചുരുങ്ങിയ മുംബൈയ്ക്കുമേല്‍ രണ്ടാംപകുതിയില്‍ നോര്‍ത്ത് ഈസ്റ്റ് ആക്രമണമഴിച്ചു വിടുന്നതാണ് കണ്ടത്. ഇതിനു മൂന്നു മിനിറ്റിനകം അവര്‍ ലക്ഷ്യം കാണുകയും ചെയ്തു. കോര്‍ണറാണ് ഗോളിനു വഴിയൊരുക്കിയത്. ഇടതു വിങില്‍ നിന്നുള്ള കോര്‍ണര്‍ കിക്കില്‍ ഡൈലാന്‍ ഫോക്‌സിന്റെ ഹെഡ്ഡര്‍ മുംബൈ താരം റൗളിന്‍ ബോര്‍ജസ് കൈകൊണ്ട് ബ്ലോക്ക് ചെയ്യുകയായിരുന്നു. തുടര്‍ന്നു ലഭിച്ച പെനല്‍റ്റി ഘാനയുടെ മുന്‍ അന്താരാഷ്ട്ര താരം അപിയ മുംബൈ ഗോളി അമരീന്ദറിനെ നിസ്സഹായനാക്കി വലയ്ക്കുള്ളിലാക്കി.

ലീഡ് നേടിയ ശേഷം നോര്‍ത്ത് ഈസ്റ്റ് ആക്രമണത്തില്‍ അയവ് വരുത്തി പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ പത്തു പേരായി ചുരുങ്ങിയിട്ടും മുംബൈ സമനില ഗോളിനു വേണ്ടി മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. പക്ഷെ അവയൊന്നും നോര്‍ത്ത് ഈസ്റ്റ് ഗോളിക്കു വെല്ലുവിളിയുയര്‍ത്തിയില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.