മൊറോക്കന്‍ ആക്രമണത്തില്‍ മുറിവേറ്റ് പറങ്കികള്‍ക്ക് മടക്കം, ഇംഗ്ലീഷുകാ‍ർക്ക് വാട്ടർലൂ തീ‍ർത്ത് ഫ്രാന്‍സ്

മൊറോക്കന്‍ ആക്രമണത്തില്‍ മുറിവേറ്റ് പറങ്കികള്‍ക്ക് മടക്കം, ഇംഗ്ലീഷുകാ‍ർക്ക് വാട്ടർലൂ തീ‍ർത്ത് ഫ്രാന്‍സ്

മത്സരം മൊറോക്കന്‍ ഗോള്‍ കീപ്പർ യാസിന്‍ ബോനുവും പോർച്ചുഗീസ് ഫോർവേഡുകളും തമ്മിലായിരുന്നു.ഇച്ഛാശക്തികൊണ്ടും ആത്മാർപ്പണം കൊണ്ടും പോർച്ചുഗീസ് ആക്രമണം അതിജീവിച്ച് യാസിന്‍ മൊറോക്കോയെ എത്തിച്ചത് ചരിത്ര നേട്ടത്തില്‍. ഏകപക്ഷീയമായ ഒരുഗോളിന് പോർച്ചുഗലിനെ മറികടന്നതോടെ ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീം എന്ന ബഹുമതിക്ക് മൊറോക്കോ അർഹമായി. ഇതുവരെ 14 രാഷ്ട്രങ്ങള്‍ ആഫ്രിക്കന്‍ വന്‍കരയില്‍ നിന്ന് ലോകകപ്പുകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും മറ്റാർക്കും അവകാശപ്പെടാന്‍ സാധിക്കാത്ത മഹത്തരമായ നേട്ടം ടീമിന് സമ്മാനിക്കാന്‍ അത്ഭുതകരമായ സേവുകളിലൂടെ യാസിന് സാധിച്ചു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെ സ്വിറ്റ്സർലന്‍റിനെതിരെ 6-1 ന്‍റെ വിജയം നേടിയതിന്‍റെ ആത്മവിശ്വാസത്തില്‍ മൊറോക്കയ്ക്ക് എതിരെയും പരിശീലകന്‍ സാന്‍റോസ് അതേ തീരുമാനം കൈകൊണ്ടു. എന്നാല്‍ അപ്രതീക്ഷിതമായി ഗോള്‍ വഴങ്ങിയതോടെ 51 ആം മിനിറ്റില്‍ റൊണാള്‍ഡോയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാന്‍ സാന്‍റോസ് നിർബന്ധിതനായി. റൂപന്‍ ഡയാസിന് പകരമാണ് റോണോ എത്തിയത്. സ്വിറ്റ്സർലന്‍റിനെതിരായ മത്സരത്തിലെ ഹീറോ ഗോണ്‍സാലോ റാമോസും റൊണാള്‍ഡോയും ഒരുമിച്ച് മൈതാനത്ത് ഉണ്ടായിരുന്നിട്ടും ഒരു ഗോള്‍പോലും നേടാന്‍ പോർച്ചുഗലിന് സാധിച്ചില്ല. പകരക്കാരനായി ഇറങ്ങിയ ക്രിസ്റ്റ്യാനോ ആകട്ടെ ഒറ്റപ്പെട്ട ചില ഷോട്ടുകള്‍ക്ക് ശ്രമിച്ചുവെങ്കിലും ടീമുമായി ഒത്തിണക്കത്തോടെ കളിച്ചതായി തോന്നിയില്ല. തന്‍റെ അവസാന ലോകകപ്പ് കളിച്ചു തീർത്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കണ്ണുനീരിന് ടീമിന്‍റെ പുറത്താകല്‍ മാത്രമായിരിക്കില്ല കാരണം. 19 വർഷത്തോളം ദേശീയ ടീമില്‍ കളിച്ച റൊണാള്‍ഡോ കുറെകൂടി മെച്ചപ്പെട്ട പരിഗണന അർഹിച്ചിരുന്നുവെന്നുളളതാണ് വാസ്തവം. റാമോസാകട്ടെ മൊറോക്കയ്ക്ക് എതിരെ നിഷ്പ്രഭനായി പോവുകയും ചെയ്തു. കളിക്കാരുടെ പൊസിഷനുകള്‍ പരിഗണിക്കാതെയുളള സബ്സ്റ്റിറ്റ്യൂഷനുകള്‍ ടീമിന്‍റെ ഘടനയെ അസന്തുലിതമാക്കുകയും പ്രകടനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തുവെന്ന് വിലയിരുത്താം.

മറുഭാഗത്ത് മൊറോക്കോയാകട്ടെ പ്രതിരോധത്തിലൂന്നിയുളള കേളീതന്ത്രമാണ് അവലംബിച്ചത്. അത് വിജയിക്കുകയും ചെയ്തു. രണ്ട് ടീമുകളും 4-3-3 എന്ന രീതിയാണ് അവലംബിച്ചത് എങ്കിലും യൂസഫ് എന്‍ നെസ് രീ മാത്രമാണ് എതിർ ഗോള്‍മുഖത്ത് തുടർ ആക്രമണങ്ങള്‍ നടത്തിയത്. അതില്‍ ഒരു ശ്രമം ഗോളായി മാറുകയും ചെയ്തു.മറ്റ് താരങ്ങളാകട്ടെ പ്രതിരോധം ഭദ്രമാക്കാനാണ് കൂടുതല്‍ പരിശ്രമിച്ചത്. 93 ആം മിനിറ്റില്‍ വാലിദ് ഷെദീര ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയെങ്കിലും അവശേഷിച്ച ഏഴ് മിനിറ്റ് നേരം പിഴവില്ലാത്ത പ്രതിരോധം തീർക്കാന്‍ മൊറോക്കോയ്ക്ക് സാധിച്ചു. മൊറോക്കോയുടെ പ്രതിരോധ മികവ് യഥാർത്ഥത്തില്‍ പരീക്ഷിക്കപ്പെടാന്‍ പോകുന്നത് ഫ്രാന്‍സുമായുളള സെമിഫൈനല്‍ പോരാട്ടത്തിലായിരിക്കും.

എല്ലാ അർത്ഥത്തിലും തുല്യ ശക്തർ തമ്മിലുളള പോരാട്ടത്തിലാണ് ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മറികടന്ന് ഫ്രാന്‍സ് തുടർച്ചയായ രണ്ടാം തവണയും സെമിയിലെത്തിയത്. ഫ്രഞ്ച് ആക്രമണങ്ങള്‍ ഇംഗ്ലീഷ് ഗോള്‍മുഖത്ത്  എത്തിയപ്പോൾ ഒക്കെ പ്രത്യാക്രമണങ്ങള്‍ നടത്താനും അത് ഏകോപിപ്പിക്കാനും ഇംഗ്ലണ്ടിന് സാധിച്ചു. ചിലഘട്ടങ്ങളില്‍ നിലവിലെ ചാമ്പ്യന്‍മാരെ നിസ്സഹായരാക്കുന്ന പ്രകടനമാണ് ഇംഗ്ലണ്ട് പുറത്തെടുത്തത്. ഫ്രാന്‍സിന്‍റെ അതിവേഗ താരം എംബാപ്പെയെ നിഷ്ക്രിയമാക്കാന്‍ കഴിഞ്ഞതാണ് ഇംഗ്ലണ്ടിന്‍റെ നേട്ടം. ഫ്രാന്‍സിന്‍റെ ആദ്യഗോള്‍ നേടിയ ഔറേലിയന്‍ ചൗമേനി തന്നെയാണ് ഇംഗ്ലണ്ടിന് ആദ്യപെനാല്‍റ്റി ലഭിക്കാന്‍ കാരണക്കാരനായത്. നായകന്‍ ഹാരി കെയ്ന്‍ അത് ഗോളാക്കി മാറ്റുകയും ചെയ്തു. അതേ ഹാരികെയ്ന്‍ തന്നെ രണ്ടാമത്തെ പെനാല്‍റ്റി നഷ്ടപ്പെടുത്തി ഇംഗ്ലണ്ടിന്‍റെ ദുരന്തനായകനായി മാറുകയും ചെയ്തു.

ലോകകപ്പില്‍ ഇംഗ്ലണ്ടിന് മേലുളള ഫ്രാന്‍സിന്‍റെ ആദ്യവിജയം കൂടിയാണ് ഇത്. കരിം ബെന്‍സമയുടെയും പോള്‍ പോഗ്ബയുടെയുമൊക്കെ അഭാവം പരിഹരിക്കാന്‍ ഫ്രാന്‍സിന് സാധിക്കുന്നുണ്ട്. എംബപ്പയുടെ നീക്കങ്ങളെ എതിർ ടീം പ്രതിരോധിക്കുമ്പോള്‍ ജെറൂദിനെ പോലുളളവർക്ക് അവസരങ്ങള്‍ ലഭിക്കുന്നുവെന്നുളളതാണ് യഥാർത്ഥ്യം. കളി പണ്ഡിതന്മാർ ജെറൂദിനെ പലപ്പോഴും വിട്ടുകളയാറുണ്ടെങ്കിലും പ്രായത്തിനെ വെല്ലുന്ന ടൈമിംഗിലൂടെ ടീമിനെ വിജയത്തിലെത്തിക്കുന്നതില്‍ ജെറൂദ് എപ്പോഴും മുന്നില്‍ തന്നെയാണ്. ഗ്രീസ് മാനെപ്പോലെ മൈതാനത്തിന്‍റെ ഏത് കോണിലേക്കും പന്ത് എത്തിച്ച് നല്‍കുന്ന ഒരു മിഡ് ഫീല്‍ഡറുടെ സാന്നിദ്ധ്യം കൂടി ചേരുമ്പോള്‍ ചരിത്രത്തില്‍ ആദ്യമായി കിരീടം നിലനിർത്തുന്ന ടീം എന്ന മഹത്തരമായ നേട്ടത്തിലേക്കുളള അവകാശവാദം ഒന്നുകൂടി ഉറപ്പിക്കുകയാണ് ഫ്രാന്‍സ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.