തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യമേഖലയിലുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമികവ് ആസ്പദമാക്കി അവാര്‍ഡുകള്‍ നല്‍കുന്ന ഗ്രേഡിംഗ് പദ്ധതിയുടെ 2019 വര്‍ഷത്തെ അസസ്സ്‌മെന്റ് നടപടികള്‍ ആരംഭിച്ചു. ഏറ്റവും ഉയര്‍ന്ന മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്ന സ്ഥാപനങ്ങള്‍ക്ക് വജ്ര, സുവര്‍ണ്ണ, രജത എന്നിങ്ങനെ അവാര്‍ഡുകള്‍ വിതരണംചെയ്യും. മികച്ച തൊഴില്‍ ദാതാവ്, സംതൃപ്തരായ തൊഴിലാളികള്‍, മികവുറ്റതൊഴില്‍ അന്തരീക്ഷം, തൊഴില്‍ നൈപുണ്യ-വികസന പങ്കാളിത്തം, സ്ത്രീ സൗഹൃദ അന്തരീക്ഷം, തൊഴിലാളികളുടെക്ഷേമം, തൊഴിലിടങ്ങളിലെ സുരക്ഷ എന്നീ മാനദണ്ഡങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കപ്പെടുന്നത്. എന്‍ട്രികള്‍ ഓണ്‍ലൈന്‍നായാണ് സമര്‍പ്പിക്കേണ്ടത്.
തൊഴില്‍വകുപ്പില്‍ നിന്നും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുള്ളതും ഇരുപതോ അതില്‍ കൂടുതലോ തൊഴിലാളികള്‍ ഉള്ളതുമായ മേഖലകളിലുള്ള സ്ഥാപനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ആശുപത്രികള്‍, ടെക്സ്റ്റയില്‍ ഷോപ്പുകള്‍, ഹോട്ടലുകള്‍-സ്റ്റാര്‍ഹോട്ടലുകള്‍, ജ്വല്ലറികള്‍, സെക്യൂരിറ്റി സ്ഥാപനങ്ങള്‍, ഐ.റ്റി. സ്ഥാപനങ്ങള്‍, നിര്‍മ്മാണ മേഖല, ഓട്ടോമൊബൈല്‍ ഷോറൂമുകള്‍, ക്ലബ്ബുകള്‍, മെഡിക്കല്‍ ലാബുകള്‍/എക്‌സ്-റേ/സ്‌കാനിംഗ് സെന്ററുകള്‍ എന്നീ മേഖലകളെയാണ് ഗ്രേഡിംഗിനായി പരിഗണിക്കുന്നത്. സ്ഥാപന ഉടമകള്‍ക്ക് ലേബര്‍ കമ്മീഷണറുടെ വെബ്‌സൈറ്റ് ആയ lc.kerala.gov.in ല്‍ ഉള്ള സര്‍ട്ടിഫിക്കറ്റ് ഓഫ് എക്സലന്‍സ് എന്ന മെനു മുഖേന ഗ്രേഡിംഗ് പോര്‍ട്ടലിലേക്ക് പ്രവേശിച്ച് ചോദ്യാവലി പൂരിപ്പിച്ച് സമര്‍പ്പിക്കാം.
വേതന സുരക്ഷാ പദ്ധതിയില്‍ അംഗമായിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് അതേ ലോഗിന്‍ ക്രഡന്‍ഷ്യല്‍സ് ഉപയോഗിച്ച് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് ലഭിക്കുന്ന ചോദ്യാവലി പൂരിപ്പിച്ച് സമര്‍പ്പിക്കാന്‍ കഴിയും. വേതനസുരക്ഷാ പദ്ധതിയില്‍ അംഗമല്ലാത്ത സ്ഥാപനങ്ങള്‍ക്ക് അവരുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യാം. തൊഴിലുടമയുടെ സംശയങ്ങള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ പരിഹരിക്കും. സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ആയി പൂരിപ്പിച്ചു സമര്‍പ്പിക്കുന്ന ഉത്തരങ്ങള്‍ മൂന്ന് തലങ്ങളിലായി പരിശോധന നടത്തിയാണ് മികച്ച സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നത്. തൊഴിലുടമകള്‍ക്ക് ഡിസംബര്‍ 30 വരെ അപേക്ഷകള്‍ അയക്കാം. 2021 ജനുവരി അഞ്ചു വരെ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ പരിശോധന നടത്തും. 2021 ഫെബ്രുവരി ആദ്യവാരം അവാര്‍ഡ് ദാനം നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.