സംഗീതം സമാധാനത്തിലേക്കുള്ള പാത: സംഗീതവിരുന്നിൽ നിന്നും സമാഹരിക്കുന്ന പണം ഉക്രെയ്‌നിന്: ഫ്രാൻസിസ് മാർപ്പാപ്പ

സംഗീതം സമാധാനത്തിലേക്കുള്ള പാത: സംഗീതവിരുന്നിൽ നിന്നും സമാഹരിക്കുന്ന പണം ഉക്രെയ്‌നിന്: ഫ്രാൻസിസ് മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: വാർഷിക ക്രിസ്മസ്സ് സംഗീത വിരുന്നിൽ പങ്കെടുക്കുന്ന കലാകാരന്മാരെയും വത്തിക്കാനിൽ സ്വീകരിച്ച് സംഗീതം സമാധാനത്തിലേക്കുള്ള പാതയാണെന്ന് വ്യക്തമാക്കി ഫ്രാൻസിസ് മാർപ്പാപ്പ. സമാധാനം എന്നത് നമുക്ക് ആഗ്രഹിക്കാവുന്ന എല്ലാ നല്ല കാര്യങ്ങളുടെയും സമന്വയമാണെന്നും മാർപ്പാപ്പാ പറഞ്ഞു.

തിരുപ്പിറവിയോടനുബന്ധിച്ച് വത്തിക്കാനിൽ നടത്താറുള്ള സംഗീതവിരുന്നിൽ പങ്കെടുക്കുന്ന നൂറ്റിയിരുപതോളം പേരടങ്ങിയ കലാകാരൻമാരുടെ സംഘത്തെ വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ.

2022 ലെ സംഗീതവിരുന്നിന്റെ പ്രമേയം "സമാധാനം" എന്നതാണെന്ന് അനുസ്മരിച്ച പാപ്പ സമാധാനം ദിനംപ്രതി കെട്ടിപ്പടുക്കേണ്ട ഒന്നാണെന്നും വ്യക്തമാക്കി. 30-ാം പതിപ്പ് സമാധാനത്തിന്റെ വിഷയത്തിനായി സമർപ്പിക്കാൻ തീരുമാനിച്ചതിന് സംഘാടകർക്ക് ഫ്രാൻസിസ് മാർപ്പാപ്പ നന്ദി പറയുകയും ചെയ്‌തു.

ഈ വർഷത്തെ സംഗീതവിരുന്നിന്റെ വരുമാനം ഉക്രെയ്‌നിന് വേണ്ടി

ഈ വർഷം സംഗീത വിരുന്നിന്റെ ഭാഗമായി ലഭിക്കുന്ന വരുമാനം യുദ്ധത്തിൽ തകർന്ന ഉക്രെയ്നിലെ നഗരങ്ങളായ കീവിലും ലവീവിലും ഡോൺ ബോസ്‌കോ മിഷനുകളിലെ അംഗങ്ങൾ ആസൂത്രണം ചെയ്ത രണ്ട് മനുഷ്യത്വപരമായ പദ്ധതികൾ നടപ്പിലാക്കുവാൻ സംഭാവന ചെയ്യുമെന്നും ഫ്രാൻസിസ് മാർപ്പാപ്പ വ്യക്തമാക്കി.

ഉക്രെയ്ൻ ജനതയോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മിഷനുകളിലെ അംഗങ്ങൾ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷവും അഭയാർത്ഥികൾക്ക് പാർപ്പിടവും ഭക്ഷണവും മരുന്നും വിതരണം ചെയ്യുന്നുണ്ട്. അവരുടെ പ്രവർത്തങ്ങൾക്ക് പിന്തുണ ഉറപ്പാക്കിക്കൊണ്ട് സംഗീത വിരുന്നിൽ നിന്നും ലഭിക്കുന്ന വരുമാനം നൽകുന്ന നടപടിയെ മാർപ്പാപ്പ സ്വീകാര്യമാണെന്നും പാപ്പ വിശദീകരിച്ചു.

നാമെല്ലാവരും നാം ആയിരിക്കുന്ന അവസ്ഥയിൽ സമാധാനത്തിന്റെ ശില്പികളാകാനും പ്രാർത്ഥിക്കാനും സമാധാനപ്രവർത്തകരാകാനും വിളിക്കപ്പെട്ടിരിക്കുന്നത്. ഈ സംഗീതവിരുന്നിൽ പങ്കുചേരുന്ന കലാകാരന്മാർ പ്രകടിപ്പിക്കുന്നത് യുദ്ധം മൂലം യാതനകളനുഭവിക്കുന്ന സഹോദരീസഹോദരന്മാരോടുള്ള ഐക്യദാർഢ്യത്തിൽ പങ്കാളികളാകാനുള്ള സന്നദ്ധതയാനിന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു.

സമാധാനവും സാഹോദര്യവും പ്രോത്സാഹിപ്പിക്കുന്നതിന് സംഗീതത്തിന്റെ പങ്ക്

ഇരുണ്ട നിമിഷങ്ങളിലും ഈ സന്ദേശം കൈമാറുന്നതിൽ സംഗീതത്തിനും ഗാനങ്ങൾക്കും പ്രത്യേക പങ്കുണ്ട് എന്ന് മാർപ്പാപ്പ അഭിപ്രായപ്പെട്ടു. “പാട്ടിലൂടെ സ്നേഹത്തിന്റെയും ജീവിതത്തിന്റെയും സന്ദേശം പ്രചരിപ്പിക്കാനും നിരവധി ഹൃദയങ്ങളെ സ്പർശിക്കാനും സാഹോദര്യത്തിന്റെ ചൈതന്യം പകരാനും കലാകാരന്മാർ സഹായിക്കുന്നു. അങ്ങനെ അത് സഹോദര്യത്തിന്റെ വ്യാസം വർധിപ്പിക്കും" എന്നും പാപ്പ പറഞ്ഞു.

അതിനാൽ ഈ കലാകാരന്മാരുടെ കഴിവ് ഒരു വലിയ ദൈവ സമ്മാനമാണ്. ഒപ്പം ഒരു "ഉത്തരവാദിത്തവും". കാരണം സംഗീതത്തിലൂടെ സൗഹൃദവും സമാധാനവും വളർത്താൻ സഹായിക്കും.

“സംഗീതം ഹൃദയത്തെ ശാന്തമാക്കുന്നു, അത് നമ്മെ സംഭാഷണത്തിന് സന്നദ്ധരാക്കുന്നു, അത് കൂടിക്കാഴ്ചകളും സൗഹൃദവും വളർത്തുന്നു. ഈ അർത്ഥത്തിൽ, സംഗീതം ഒരു ക്ഷണവും സമാധാനത്തിലേക്കുള്ള പാതയുമാണ്.

"സമാധാനം മനുഷ്യ ഹൃദയത്തിന്റെ ആഴമേറിയ ആഗ്രഹങ്ങളെ ഉൾക്കൊള്ളുന്നു. അതിനാൽ നമ്മുടെ ഭൗതികവും ബൗദ്ധികവും ആത്മീയവുമായ ഊർജ്ജങ്ങളിൽ ഏറ്റവും മികച്ചത് സമാധാനത്തിന്റെ സേവനത്തിനായി വിനിയോഗിക്കുന്നത് വളരെ നല്ലതാണ്" എന്നും മാർപ്പാപ്പ വിശദീകരിച്ചു.

ഉക്രെയ്‌നിൽ സലേഷ്യൻസ് ആസൂത്രണം ചെയ്യുന്ന പദ്ധതികൾ

സംഗീത കച്ചേരിയിൽ നിന്നും സമാഹരിക്കുന്ന പണം സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി കീവിൽ പൂർണ്ണമായും സജ്ജീകരിക്കപ്പെട്ട ഭൂഗർഭ അഭയകേന്ദ്രം നിർമ്മിക്കാൻ ഡോൺ ബോസ്കോയിലെ അംഗങ്ങളെ സഹായിക്കും.

യുദ്ധം അവസാനിച്ചുകഴിഞ്ഞാൽ, ഈ കേന്ദ്രം ഒരു ചെറിയ തീയറ്ററായും അതിന് മുകളിൽ ഒരു മൾട്ടി-സ്പോർട്സ് ഫീൽഡും കളിസ്ഥലവും ഉൾപ്പെടുന്ന സൗകര്യങ്ങൾ ഒരുക്കാൻ കഴിയുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തങ്ങളാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്.

ലവീവിലാകട്ടെ ലഭ്യമാകുന്ന പണം ഉപയോഗിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന യുവജന പരിപാടികള്‍ക്കായി സംഗീത- കായിക ഉപകരണങ്ങള്‍ വാങ്ങുന്നതിനാണ് ഡോൺ ബോസ്കോയിലെ സലേഷ്യൻസ് പദ്ധതിയിടുന്നത്.

"ഡോൺ ബോസ്കോ മിഷൻ" പദ്ധതികളെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്ന ആർക്കും 45594 എന്ന നമ്പറിലേക്ക് സന്ദേശം അയച്ച് രണ്ട് ഡോളർ അല്ലെങ്കിൽ ഒരു ലാൻഡ്‌ലൈനിൽ നിന്ന് അഞ്ച് ഡോളറോ 10 ഡോളറോ സംഭാവന നല്കാൻ സാധിക്കുന്നതാണ്.

വത്തിക്കാനിലെ ക്രിസ്തുമസ് സംഗീതവിരുന്ന്

1993 ൽ വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായാണ് വത്തിക്കാനിൽ ക്രിസ്തുമസ് സംഗീതവിരുന്നിന് തുടക്കം കുറിച്ചത്. 2005 വരെ ഈ സംഗീത മേളയുടെ വേദി വത്തിക്കാനിൽ പോൾ ആറാമൻ വേദിയായിരുന്നു. എന്നാൽ 2006 മുതൽ സംഗീതവിരുന്നിന്റെ വേദി സൗകര്യാർത്ഥം മറ്റിടങ്ങളിലേക്ക് മാറ്റിത്തുടങ്ങി.

കൂടുതൽ വത്തിക്കാൻ ന്യൂസുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.